കൊടകര കുടുംബാരോഗ്യകേന്ദ്രത്തിന് വീണ്ടും ദേശീയ ഗുണനിലവാര പുരസ്കാരം 2021ലും ഈ അംഗീകാരം ലഭിച്ചിരുന്നു
text_fieldsകൊടകര: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മികച്ച നിലവാരം പുലർത്തുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്ന നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് പുരസ്കാരത്തിന് കൊടകര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം വീണ്ടും അർഹമായി. 2021ലും ഈ അംഗീകാരം ലഭിച്ചിരുന്നു. ഗുണനിലവാരം, സേവനങ്ങൾ, രോഗിയുടെ അവകാശങ്ങൾ, ശുചിത്വം എന്നിവ പരിഗണിച്ചാണ് കൊടകര ആരോഗ്യ കേന്ദ്രത്തെ തെരഞ്ഞെടുത്തത്.
സംസ്ഥാനത്ത് ഈ പുരസ്കാരം നേടിയ ഏഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് കൊടകരയിലേത്. ഗുണനിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കാഷ് പുരസ്കാരം കൊടകര ആരോഗ്യകേന്ദ്രം 2021ൽ നേടിയിരുന്നു. 2023ൽ ആശുപത്രികളും കുടുംബാരോഗ്യകേന്ദ്രങ്ങളും ശുചിത്വം, പരിസ്ഥിതി ശുചിത്വം, രോഗികൾക്കുള്ള സൗകര്യങ്ങൾ, സുസ്ഥിരത തുടങ്ങിയവയിൽ കൈവരിക്കുന്ന ഉന്നത നിലവാരത്തിന് കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നൽകുന്ന ഗുണനിലവാര പുരസ്കാരമായ കായകൽപ് പുരസ്കാരവും കൊടകര ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു.
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിന് ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന 'ആർദ്രകേരളം പുരസ്കാരം' 2022-23 ൽ ജില്ലയിൽ മൂന്നാം സ്ഥാനം ഈ സ്ഥാപനത്തിന്റെ പ്രവർത്തനമികവിൽ കൊടകര ഗ്രാമപഞ്ചായത്ത് കൈവരിച്ചിട്ടുണ്ട്. കൊടകര കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുട്ടായ പ്രവർത്തന മികവും കൊടകര ഗ്രാമപഞ്ചായത്തും ഭരണസമിതിയും സ്ഥാപനത്തിന് നൽകുന്ന മികച്ച പിന്തുണയുമാണ് പുരസ്കാരം നേടാൻ സഹായകമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.