വ്യാജ സ്വർണക്കട്ടി കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയിൽ
text_fields1. തട്ടിപ്പിന് തയാറാക്കിയ വ്യാജ സ്വർണക്കട്ടിയും ആഭരണങ്ങളും 2. ഷാജി
കൊടുങ്ങല്ലൂർ: സ്വർണഖനിയിൽനിന്ന് നേരിട്ട് സ്വർണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ അന്തർജില്ല തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. ‘കെ.ജി.എഫ് സ്വാമി’ എന്നറിയപ്പെടുന്ന പത്തനംതിട്ട മാധവമംഗലം മനാഴിയിൽ ഷാജിയെ (61) കൊടുങ്ങല്ലൂരിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ മാടവന അത്താണി സ്വദേശി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് നൽകിയ പരാതിയിൽ പ്രതി വാടകക്ക് താമസിച്ചിരുന്ന കൊടുങ്ങല്ലൂർ ചന്തപ്പുര ഉഴവത്ത്കടവിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് തട്ടിപ്പിനായി സൂക്ഷിച്ചിരുന്ന വ്യാജ സ്വർണക്കട്ടികളും നിരവധി റോൾഡ് ഗോൾഡ് ആഭരണങ്ങളും കണ്ടെടുത്തു. കെ.ജി.എഫ് പോലുള്ള വലിയ സ്വർണഖനികളിൽനിന്ന് നേരിട്ട് വൻതോതിൽ സ്വർണക്കട്ടികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ജ്വല്ലറികൾക്കും മറ്റും നൽകാമെന്ന് പറഞ്ഞാണ് ഇരകളെ വലയിലാക്കിയത്. വിശ്വാസ്യത വരാൻ ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണക്കട്ടികൾ കാണിച്ചാണ് ഇടപാടുകൾ ഉറപ്പിച്ചിരുന്നത്. ഇത്തരത്തിൽ നിരവധി ജ്വല്ലറി ഉടമകളെയും സ്വർണ വ്യാപാരികളെയും സമീപിച്ച് ലക്ഷക്കണക്കിന് രൂപ പ്രതി തട്ടിയതായാണ് പ്രാഥമിക വിവരം.
2021ൽ തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ സ്വർണ ഗണപതി വിഗ്രഹം കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിലും 2021ൽ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ 18 ലക്ഷം രൂപയും 14 പവൻ സ്വർണവും തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

