Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊടുങ്ങല്ലൂർ നഗരസഭ:...

കൊടുങ്ങല്ലൂർ നഗരസഭ: ചരിത്ര ഭൂമിയിൽ ഇടതുപക്ഷത്തിന് അഭിമാന പോരാട്ടം; ഒപ്പം മതേതരത്വത്തിനും

text_fields
bookmark_border
കൊടുങ്ങല്ലൂർ നഗരസഭ: ചരിത്ര ഭൂമിയിൽ ഇടതുപക്ഷത്തിന് അഭിമാന പോരാട്ടം; ഒപ്പം മതേതരത്വത്തിനും
cancel

കൊടുങ്ങല്ലൂർ: ഇന്ത്യൻ കമ്മ്യൂണിസത്തിന്‍റെ ചരിത്ര ഭൂമിയിൽ ഇടതുപക്ഷത്തിനും ഒപ്പം മതേതരത്വത്തിനും അഭിമാന പോരാട്ടം. അതുകൊണ്ട് കൊടുങ്ങല്ലൂരിന്‍റെ മണ്ണിൽ ഇത്തവണ തദ്ദേശ അങ്കം കനക്കും. ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രഥമ പരിഗണന നൽകുന്ന നഗരസഭകളിലൊന്നാണ് കൊടുങ്ങല്ലൂർ.

കഴിഞ്ഞ തവണ തലനാരിഴക്ക് തെന്നിമാറിയ അധികാരം കൈപിടിയിലൊതുക്കാൻ കാലേക്കൂട്ടി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ഇടതു നേതൃത്വവും അതീവ ഗൗരവത്തോടെയാണ് കൊടുങ്ങല്ലൂർ പോരാട്ടത്തെ കാണുന്നത്. അതിന്‍റേതായ ജാഗ്രതയും അരങ്ങിലും അണിയറയിലും പ്രകടമാണ്. നിർണായക ശക്തിയാകുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസും യു.ഡി.എഫും അങ്കം കുറിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി ഒരു കമ്യൂണിസ്റ്റിനെ ബാലറ്റിലൂടെ നിയമ സഭയിലേക്ക് തെരെഞ്ഞടുത്ത് ചരിത്രം സൃഷ്ടിച്ച മണ്ഡലത്തിന്‍റെ സിരാകേന്ദ്രമാണ് കൊടുങ്ങല്ലൂർ നഗരസഭ. 1979ലാണ് പിറവി. അന്നുമുതൽ ഇടത് പക്ഷത്തോടൊപ്പമാണ് ഭരണ കുത്തക. ഇതിന് ഒരു ഇളക്കം തട്ടിയത് 2005ൽ ഇടതുപക്ഷവും എതിർപക്ഷവും (യു.ഡി.എഫ് -9, ബി.ജെ.പി -4) 13 സീറ്റ് വീതം നേടി തുല്യത പാലിച്ചപ്പോഴാണ്. എങ്കിലും സ്വതന്ത്രനായി വിജയിച്ച മുൻ സി.പി.എംക്കാരൻ പി.എച്ച്.അബ്ദുൽ റഷീദിന്‍റെ പിന്തുണയോടെ എൽ.ഡി.എഫ്. ഭരണം നിലനിർത്തി.

മേത്തല പഞ്ചായത്തിനെ നഗരസഭയോട് ചേർത്ത 2010ൽ ആകെ 44 സീറ്റിൽ ഇടത് നില 27 ലേക്ക് ഉയർന്നു.11 നേടി കോൺഗ്രസും, ആറ് സീറ്റോടെ ബി.ജെ.പി.യും നില മെച്ചപ്പെടുത്തി. ബി.ജെ.പി 16 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷി സ്ഥാനവും പ്രതിപക്ഷ നേതൃത്വവും കൈയടക്കുന്നതാണ് 2015ൽ കണ്ടത്. മേത്തലയിലേക്കും അവർ പടർന്നു കയറി. ഇതോക്കെയാണെങ്കിലും 24 സീറ്റുമായി ഭരണം കൈപ്പിടിയിൽ ഒതുക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞു.

നാല് സീറ്റിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് കാര്യമായ ക്ഷീണം സംഭവിച്ചു. എൽ.ഡി.എഫിൽ നിന്ന് ഏഴും (സി.പി.എം- അഞ്ച്, സി.പി.ഐ- രണ്ട്) കോൺഗ്രസിന്‍റെ മൂന്നും സീറ്റ് പിടിച്ചാണ് ബി.ജെ.പി. വലിയ കക്ഷിയായത്. കോൺഗസിന്‍റെ അഞ്ച് സീറ്റ് പിടിച്ചാണ് എൽ.ഡി.എഫ് തങ്ങളുടെ നഷ്ടം വലിയൊരളവോളം നികത്തിയത്.

കക്കമാടൻ തുരുത്ത് എൽ.ഡി.എഫിൽനിന്ന് കോൺഗ്രസും പിടിച്ചു. ബി.ജെ.പി. ഭരണം ഉറപ്പിച്ച് ഗോദയിലിറങ്ങിയ 2020ൽ ഒരു സീറ്റ് വ്യത്യാസത്തിൽ എൽ.ഡി.എഫ് നേടി. എൽ.ഡി.എഫ് 22, ബി.ജെ.പി 21, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. സി.പി.ഐയിൽ നിന്ന് രണ്ടും, സി.പി.എമ്മിൽ നിന്ന് മൂന്നും കോൺഗ്രസിൽ നിന്ന് ഒന്നും സീറ്റുകൾ ബി.ജെ.പി പിടിച്ചെടുത്തു. 2015ൽ നഷ്ടപ്പെട്ട നാലുകണ്ടം സി.പി.എം തിരിച്ചുപിടിച്ചതോടെയാണ് ബി.ജെ.പി.യെ 21 ൽ തളക്കാനായത്. ഒപ്പം യു.ഡി.എഫിന്‍റെ മൂന്ന് സീറ്റും എൽ.ഡി.എഫ് കൈക്കലാക്കി.

അതേസമയം, ആകെ വോട്ട് നിലയിൽ എൽ.ഡി.എഫ് ആയിരുന്നു മുന്നിൽ. എൽ.ഡി.എഫ് 19818, എൻ.ഡി.എ 17822, യു.ഡി.എഫ് 7846 എന്നിങ്ങനെയായിരുന്നു വോട്ട്. 20 വാർഡിൽ എൽ.ഡി.എഫും, 13 ൽ ബി.ജെ.പി.യും 11ൽ യു.ഡി.എഫും രണ്ടാം സ്ഥാനത്തെത്തി. കേവലം ഭൂരിപക്ഷമില്ലെങ്കിലും അഞ്ച് വർഷം എൽ.ഡി.എഫ് ഭരിച്ചു. ബി. ജെ.പി. വാഗ്ദാനം നിരസിച്ച കോൺഗ്രസിൻ്റെ ഏക കൗൺസിലർ വി.എം. ജോണി ഒറ്റയാൾ പോരാളിയായി നിലകൊണ്ടതിനും കൗൺസിൽ സാക്ഷിയായി.

അതേസമയം, വാർഡ്‌ വിഭജനം ഗുണകരമായി എൽ.ഡി.എഫ് വിലയിരുത്തുമ്പോൾ ബി.ജെ.പിക്ക് പരാതിയൊന്നും ഉണ്ടായില്ലെന്നതും കൗതുകമായി. കൗൺസിലിലും പുറത്തും ബി.ജെ.പി. ഉയർത്തി കൊണ്ടുവന്ന സമരങ്ങളും സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖറിന്‍റെയും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെയും മറ്റു നേതാക്കളുടെയും കൊടുങ്ങല്ലൂരിലേക്കുള്ള വരവും മറ്റും അവരുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ്.

ആരോപണങ്ങൾക്കെതിരെ പ്രതിരോധവും തിരിച്ചടിയുമായി എൽ.ഡി.എഫും കട്ടക്ക് നിന്നു. ഇരുകൂട്ടരെയും എതിർത്ത് കോൺഗ്രസും യു.ഡി.എഫും കളത്തിലുണ്ട്.

കേന്ദ്ര, കേരള സർക്കാരുകളുടെ വിവിധ പുരസ്കാരങ്ങളുടെ പിൻബലത്തിൽ വികസന തുടർച്ചക്കും സമാധാനത്തിനുമാണ് എൽ.ഡി.എഫ് വോട്ട് ചോദിക്കുന്നത്.

സമഗ്ര വികസന പത്രികയും അവർ പുറത്തിറക്കിയിട്ടുണ്ട്. വികസന മുരടിപ്പ് ആരോപിച്ചും വികസന രേഖ പ്രഖ്യാപിച്ചുമാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ട് വർഷമായി തുടരുന്ന അടിപ്പാത സമരം ഉൾപ്പെടെ പ്രാദേശിക വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകും. രണ്ട് വാർഡ്‌ വർധിച്ചതോടെ ഇത്തവണ 46 സീറ്റിലേക്കാണ് കൊടുങ്ങല്ലൂർ പോരാട്ടം. എൽ.ഡി.എഫിൽ സി.പി.എം 24 ലും സി.പി.ഐ 22 ലും ജനവിധി തേടും.

എൻ.ഡി.എയിൽ ബി.ജെ.പി മാത്രമാണ് രംഗത്തുള്ളത്. 45 വാർഡിൽ മത്സരിക്കും. കോട്ട വാർഡിൽ അവർക്ക് സ്ഥാനാർഥിയില്ല. യു.ഡി.എഫിൽ ഘടക കക്ഷികളായ മുസ്‍ലിം ലീഗിന് രണ്ടും, ആർ.എസ്.പി ഒന്നും സീറ്റ് നൽകിയ കോൺഗ്രസ് രണ്ടിടത്ത് സ്വാതന്ത്രരെയും പിന്തുണച്ചു. വിയ്യത്തുകുളം വാർഡിൽ കോൺഗ്രസ് വിമതൻ ഉറച്ച് നിന്നത് യു.ഡി എഫിന് തലവേദനയാണ്.

ബാക്കിയിടങ്ങളിൽ പാർട്ടി സ്ഥാനാർഥികളെയുമാണ് രംഗത്തിറക്കിയിരിക്കുന്നത്. അങ്കം ചൂടുപിടിക്കുന്നതിനിടെ ‘മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കരുത്’എന്ന ആഹ്വാനവുമായി കൊടുങ്ങല്ലൂരിലെ പ്രമുഖ വ്യക്തിത്വങ്ങൾ രംഗത്ത് വന്നതോടെ തെരഞ്ഞെടുപ്പിന് സവിശേഷമാനം കൈവന്നിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:secularismElection NewsThrissur NewsKodungallur MunicipalityKerala Local Body Election
News Summary - Kodungallur Municipality local body election news
Next Story