കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ബഹുനില കെട്ടിടം പ്രവർത്തന സജ്ജമാകും
text_fieldsകൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ബഹുനില കെട്ടിടം
കൊടുങ്ങല്ലൂർ: ഫയര്‍ എന്‍.ഒ.സി ലഭ്യമായ പി.ഡബ്യു.ഡി കെട്ടിടം അടിയന്തരമായി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിക്ക് വിട്ടുനല്‍കാനും പ്രവര്‍ത്തനമാരംഭിക്കാനും ജില്ല കലക്ടര്‍ അര്ജുന് പാണ്ഡ്യന് നിർദേശം നല്കി. ജില്ലയിൽ ആരോഗ്യമേഖലയിലെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിർദേശം നല്‍കിയത്.
2022ല്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കെട്ടിടം അഞ്ച് നിലകളിലായി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായിരുന്നു. എന്നാൽ, ഫയര്‍ എന്‍.ഒ.സി ലഭ്യമാകാത്തതിനാല്‍ പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പൂർണമായും മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. 2024 നവംബറില്‍ ഇതുസംബന്ധിച്ച് ജില്ല കലക്ടര്‍ അര്ജുന് പാണ്ഡ്യന് പുതിയ കെട്ടിടത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിനുശേഷം എല്ലാ മാസത്തെയും ജില്ല ഹെല്‍ത്ത് റിവ്യുവില്‍ ഇതൊരു പ്രധാന വിഷയമായിരുന്നു.
പുതിയ ആശുപത്രി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കാനായി ജില്ല കലക്ടറും കൊടുങ്ങല്ലൂര്‍ നഗരസഭ ഭരണസമിതിയും നിരന്തരമായ ഇടപെടല്‍ നടത്തിയിരുന്നു. ഫയര്‍ എന്‍.ഒ.സി ലഭ്യമാകുന്നതിന് തടസ്സമായിരുന്ന പുതിയ കെട്ടിടത്തിലെ പോര്‍ച്ചിലെ റൂഫ് മാറ്റിയാണ് ഫയര്‍ എന്‍.ഒ.സിയുടെ തടസ്സം നീക്കിയത്. എന്‍.ഒ.സി ലഭ്യമായതിനാല്‍ പുതിയ കെട്ടിടം പൂര്‍ണമായും പ്രവര്ത്തനമാരംഭിക്കാനാവും. 2025-26 ബജറ്റില്‍ ഈ ആശുപത്രിയുടെ വികസനത്തിനായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. യോഗത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ, ഡി.എം.ഒ ഡോ. ടി.പി. ശ്രീദേവി, വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍, പി.ഡ.ബ്ല്യു.ഡി എൻജിനീയര്‍മാര്‍, ഫയര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.