മറക്കാറായിട്ടില്ല, ഈ കൃഷ്ണകിരീടപ്പൂക്കളെ
text_fieldsകൃഷ്ണ കിരീട പൂക്കള്‍
കൊടകര: ഓണാഘോഷം വര്‍ണാഭമാക്കാന്‍ നാനാവര്‍ണങ്ങളിലുള്ള മറുനാടന്‍ പൂക്കളെത്ര വന്നാലും നാട്ടിന്‍പുറങ്ങളില്‍ മാവേലിതമ്പുരാനെ വരവേല്‍ക്കാന്‍ ഇപ്പോഴും കൃഷ്ണകിരീടപ്പൂക്കള് തന്നെ വേണം. തിരുവോണമുറ്റത്ത് പ്രതിഷ്ഠിക്കുന്ന തൃക്കാക്കരയപ്പന്റെ നെറുകയില്‍ ചൂടാനാണ് ഗ്രാമീണമേഖലയില്‍ കുടുംബങ്ങള്‍ ഇപ്പോഴും കൃഷ്ണകിരീടപ്പൂക്കള് ഉപയോഗിക്കുന്നത്.
ചെണ്ടുമല്ലിയും അരളിയും വാടാര്‍മല്ലിയുമൊക്കെ യഥേഷ്ടം ലഭ്യമാണെങ്കിലും ഇപ്പോഴും നാട്ടിന്‍പുറങ്ങളില്‍ തൃക്കാക്കരയപ്പനെ കൃഷ്ണകിരീടം ചൂടിക്കുന്നവരുണ്ട്.വെളിമ്പറമ്പുകളിലും വേലിയിറമ്പിലും വളരുന്ന കാട്ടുചെടികളിലാണ് കൃഷ്ണകിരീടങ്ങള് വിരിയുന്നത്. വേലിപ്പടര്‍പ്പുകള്‍ മതിലുകള്‍ക്കും കമ്പിവേലികള്‍ക്കും വഴിമാറിയതോടെ കൃഷ്ണകിരീടങ്ങള് ഗ്രാമങ്ങളിലെ അപൂര്‍വകാഴ്ചയായി.
കടും ചുവപ്പ് നിറത്തില്‍ പിരമിഡ് ആകൃതിയില്‍ വിടര്ന്നുനില്ക്കുന്ന ഈയിനം പൂക്കള്‍ ഒറ്റപ്പെട്ടയിടങ്ങളിലാണെങ്കിലും ഇന്നും നാട്ടുവഴിയോരങ്ങളിലുണ്ട്. ഹനുമാന് കിരീടം എന്നും ആറുമാസപ്പൂവ് എന്നും ചിലയിടങ്ങളില്‍ ഇതിനു പേരുണ്ട്. തൃശൂരിന്റെ കിഴക്കന്‍ മലയോരമേഖലയില്‍ പെരു എന്നാണ് ഇതിനെ വിളിക്കുന്നത്. നിരവധി കുഞ്ഞുപൂക്കളാണ് കൃഷ്ണകിരീടത്തിലുള്ളത്.
ബുദ്ധമതക്കാരുടെ പഗോഡയുടെ ആകൃതിയുള്ളതിനാല്‍ റെഡ് പഗോഡ എന്നാണ് ഇംഗ്ലീഷില്‍ ഇതിന് പേര്. വിദേശ ഇനമാണെങ്കിലും കേരളത്തിലെ നാട്ടുപൂക്കളുടെ പട്ടികയില്‍ കൃഷ്ണകിരീടമുണ്ട്. പണ്ട് ചില ക്ഷേത്രങ്ങളില്‍ ഈ പൂക്കള്‍ പൂജക്ക് ഉപയോഗിച്ചിരുന്നതായി പറയുന്നു. വിടര്ന്നുകഴിഞ്ഞാല് മാസങ്ങളോളം വാടാതെ നില്‍ക്കുമെന്ന പ്രത്യേകതയും ഈ പൂവിനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.