കുന്നംകുളം നഗരത്തിലെ ജീർണിച്ച കെട്ടിടം പൊളിക്കാൻ തീരുമാനം
text_fieldsകുന്നംകുളത്തെ പട്ടാമ്പി റോഡിലെ തകർന്നുവീഴാറായ കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിക്കുന്നു
കുന്നംകുളം: നഗരത്തിൽ പട്ടാമ്പി റോഡിൽ ജനങ്ങൾക്ക് ഭീഷണിയായ ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാൻ തീരുമാനം. കലക്ടർ ഇടപെട്ടതോടെയാണ് മനുഷ്യ ജീവന് ഭീഷണിയായ കെട്ടിടം പൊളിച്ചുനീക്കാൻ നടപടിയായത്.
ഇതിന്റെ ഭാഗമായി തഹസിൽദാർ, നഗരസഭ സെക്രട്ടറി എന്നിവരുടെ നിർദേശാനുസരണം കെട്ടിടത്തിന്റെ വീഴാറായ മുഴുവൻ ഭാഗങ്ങളും ഉടമസ്ഥന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കാൻ ആരംഭിച്ചു.
ജനങ്ങൾക്ക് ഏറെ ഭീഷണിയായിരുന്ന ഈ ജീർണിച്ച കെട്ടിടത്തെ കുറിച്ച് ‘മാധ്യമം’ പല തവണ വാർത്ത നൽകിയിരുന്നു.
ഇതിനിടയിൽ നഗരസഭ കൗൺസിലർ ലബീബ് ഹസൻ ജില്ല കലക്ടർക്ക് പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തഹസിൽദാർ ഒ.ബി. ഹേമ നഗരസഭ സെക്രട്ടറിയോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മുമ്പ് രണ്ടുതവണ കെട്ടിടം പൊളിച്ചുനീക്കി അപകടഭീഷണി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉടമസ്ഥന് നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഉടമ പൊളിച്ചുനീക്കാൻ തയാറായിരുന്നില്ല.
ഒടുവിൽ കലക്ടറും ഇടപെട്ടതോടെയാണ് നടപടിക്ക് ആക്കം കൂടിയത്. കഴിഞ്ഞ 13ന് ഉടമസ്ഥനെ നഗരസഭ സെക്രട്ടറി വിളിച്ചുവരുത്തി കാര്യം ബോധ്യപ്പെടുത്തി. ഇതോടെ അപകടമുണ്ടാകാത്ത രീതിയിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കാമെന്ന് ഉടമ ഉറപ്പുനൽകി.
ഉറപ്പുള്ള ഭാഗങ്ങൾ പൊളിക്കേണ്ടതില്ലെന്നും തകർന്ന ഭാഗം പൊളിച്ചയിടത്ത് നഗരസഭയുടെ അനുമതി തേടാതെ യാതൊരു നിർമാണ പ്രവർത്തനങ്ങളും നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.