കുന്നംകുളം നഗരം കൈയടക്കി തെരുവ് നായ്ക്കൾ
text_fieldsകുന്നംകുളത്ത് റോഡിൽ അലയുന്ന തെരുവ് നായ്ക്കൾ
കുന്നംകുളം: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നഗരസഭ, പഞ്ചായത്ത് പ്രദേശങ്ങളിലും നഗരത്തിലും തെരുവ് നായ്ക്കൾ വിഹരിക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
തെരുവ് നായ്ക്കളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. നഗരത്തിലെ ഏറെ തിരക്കുള്ള റോഡുകളെല്ലാം തെരുവുനായ്ക്കൾ കൈയേറുക പതിവാണ്. സ്കൂളുകളുടെ പരിസരങ്ങളിൽ തെരുവുനായ്ക്കൾ സംഘടിക്കുന്നത് വിദ്യാർഥികൾക്കും വലിയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
കാൽനടയായി സ്കൂളിലേക്ക് വരുന്ന വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും വലിയ ആശങ്കയിലാണ്. ഇരുചക്ര വാഹനങ്ങൾക്ക് പിറകിൽ തെരുവുനായക്കൾ ഓടുന്നതും പതിവുകാഴ്ചയാണ്. കഴിഞ്ഞ ദിവസം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിലെ ഒരു വിദ്യാർഥിനി നായെ കണ്ടു പേടിച്ച് ഓടുന്നതിനിടയിൽ വീണു പരിക്കേറ്റിരുന്നു.
തെരുവുനായ്ക്കൾക്ക് വന്ധീകരണവും വാക്സിനേഷനുമാണ് പഞ്ചായത്തുകളും നഗരസഭകളും ചെയ്യുന്നത്. എന്നാൽ, കുന്നംകുളം നഗരസഭയിൽ രണ്ടും നടന്നിട്ട് മാസങ്ങളേറെയായെന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു.
തങ്ങളുടെ പ്രദേശത്തെ തെരുവുനായ് ഭീഷണികളെക്കുറിച്ച് നഗരസഭ കൗൺസിലർമാരും പഞ്ചായത്ത് അംഗങ്ങളും പരാതി ഉന്നയിക്കുമ്പോൾ കേന്ദ്ര നിയമത്തെക്കുറിച്ചും മൃഗസ്നേഹികളുടെ ഇടപെടലുകളെ പറ്റിയും പറഞ്ഞ് ഭരണ നേതൃത്വത്തിലുള്ളവരും ഉദ്യോഗസ്ഥരും ഒഴിഞ്ഞുമാറുകയാണെന്നാണ് പരാതി.
തെരുവുനായ്ക്കൾ പലപ്പോഴും ആൾ താമസമുള്ള വീടുകളുടെ കാർ പോർച്ചിലും വരാന്തകളിലുമടക്കം പ്രസവിക്കുന്ന സാഹചര്യവുമുണ്ട്. ഇതോടെ വീട്ടുകാർക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകർത്താക്കൾ തെരുവുനായ് വിഷയത്തിൽ സംരക്ഷണം ആവശ്യപ്പെടുന്ന ജനങ്ങൾക്ക് മുമ്പിൽ നിന്ന് ഒളിച്ചോടുകയാണെന്ന് നഗരസഭ കൗൺസിലർ ലെബീബ് ഹസൻ പറഞ്ഞു.
വാഹനാപകടങ്ങളിൽ തെരുവുനായ്ക്കൾക്ക് പരിക്കേൽക്കുമ്പോഴും കുറുക്കൻ, കുറുനരി എന്നിവയുടെ ആക്രമണങ്ങളിൽ പരിക്കേറ്റ് ഇവയെ പൊതുനിരത്തുകളിൽ കാണുമ്പോഴും ജനപ്രതിനിധികളെയാണ് നാട്ടുകാർ വിളിച്ചറിയിക്കുന്നത്. അപ്പോഴും പ്രതിസന്ധിയിൽ ആകുന്നത് പ്രാദേശിക ജനപ്രതിനിധികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.