മനക്കൊടി-പുള്ള് ടൂറിസം മേഖല വീണ്ടും ഉണർവിലേക്ക്
text_fieldsവെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ മനക്കൊടി-പുള്ളിൽ കൊട്ട വഞ്ചി സർവിസ് പുനരാരംഭിച്ചപ്പോൾ
കാഞ്ഞാണി: വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന തൃശൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ മനക്കൊടി-പുള്ള് മേഖല വീണ്ടും ഉണർന്നു. വെള്ളം ഒഴിഞ്ഞതോടെ കൊട്ടവഞ്ചി അടക്കമുള്ള സർവീസുകൾ പുനരാരംഭിച്ചു. വഞ്ചി സർവിസ് നടത്തുന്ന കെ.എൽ.ഡി.സി കനാലിൽ അരക്കിലോമീറ്റർ ദൂരം അരലക്ഷത്തിലധികം സ്വന്തം കൈയിൽ നിന്ന് ചെലവഴിച്ച് കുളവാഴയും മറ്റും നീക്കം ചെയ്ത് വിനോദ സഞ്ചാരികൾക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത് പുള്ളിലെ വഞ്ചിക്കാരൻ ഷാജിയാണ്. പ്രകൃതിരമണീയമാണ് മനക്കൊടി-പുള്ള് പാടശേഖരം. തട്ടുകടയിലെ ഭക്ഷണ വൈവിധ്യങ്ങൾ ആസ്വദിക്കാനും ശാന്തമായ അന്തരീക്ഷത്തിൽ സമയം പങ്കിടാനും ആളുകൾ സുഹൃത്തുക്കളുമായും കുടുംബവുമായും ഒഴുകിയെത്തുന്ന ഇടം.
തൃപ്രയാർ നിന്ന് തൃശൂരിലേക്ക് എളുപ്പ വഴി എന്നതിനാൽ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്നവരും അനവധി. വെള്ളം കയറി റോഡ് അടച്ചതിനെ തുടർന്ന് രണ്ടു മാസമായി ഇവിടെ വിനോദ സഞ്ചാരികൾ എത്തിയിരുന്നില്ല. റോഡിലെ വെള്ളം ഇറങ്ങിയെങ്കിലും കെ.എൽ.ഡി.സി യുടെ കനാലിൽ ചണ്ടിയും കുളവാഴയും എന്നിവ നീക്കം ചെയ്തിരുന്നില്ല. ഇതോടെ കൊട്ട സർവിസിനെ ബാധിച്ചിരുന്നു. ഇതോടെയാണ് ഇവ നീക്കം ചെയ്തത്. തട്ടുകടകൾ തുറന്നതോടെ സഞ്ചാരികളും എത്തിത്തുടങ്ങി. ആഴ്ചകൾക്ക് മുൻപ് സമീപത്തുള്ള പാടശേഖരത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മരിച്ചിരുന്നു. ബാക്കി മൂന്നു പേരെ രക്ഷപ്പെടുത്തിയത് ഷാജിയുടെ കൊട്ടവഞ്ചികൾ എടുത്ത് ഉപയോഗിച്ചാണ്. നിയമാനുസൃതമായ അംഗീകാരത്തോടുകൂടിയാണ് ഇവിടെ കൊട്ടവഞ്ചികൾ സർവിസ് നടത്തുന്നത്.
ആറ് കൊട്ടവഞ്ചി, നാല് പെഡൽ ബോട്ട്, രണ്ട് കയാക്കിങ് എന്നിവ ഇവിടത്തെ ജലവിനോദങ്ങളാണ്. 10 പേർ ഇതുമായി ബന്ധപ്പെട്ട് ഇവിടെ ജോലിയും ചെയ്യുന്നുണ്ട്. ലൈഫ് ജാക്കറ്റുകളും ലൈഫ് ഗാർഡുമാരെയും വിനോദസഞ്ചാരികളുടെ സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്. തികച്ചും ടൂറിസം മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ. സമീപത്തു തന്നെ ഭക്ഷണ വൈവിധ്യങ്ങൾ നൽകുന്ന ഏഴ് തട്ടുകടകളും ഉണ്ട്. സായന്തനങ്ങളിൽ ഇളം കാറ്റേറ്റ് ഓളപ്പരപ്പുകളിൽ സഞ്ചരിച്ച് വയറു നിറയെ വ്യത്യസ്ത വിഭവങ്ങൾ സേവിച്ച് മടങ്ങുകയാണ് ഓരോ സഞ്ചാരിയും ഇവിടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.