ബിനി ടൂറിസ്റ്റ് ഹോം കേസ്; കോടതി പിഴയിട്ട ബി.ജെ.പി കൗൺസിലർമാരെ അയോഗ്യരാക്കുമെന്ന് മേയർ
text_fieldsതൃശൂർ: കോർപറേഷനുകീഴിലുള്ള ബിനി ടൂറിസ്റ്റ് ഹോമിനെതിരെ അനാവശ്യ ഹരജിയുമായി വന്നതിന് ഹൈകോടതി പിഴയിട്ട ആറ് ബി.ജെ.പി കൗൺസിലർമാരെ അയോഗ്യരാക്കാൻ നടപടിയെടുക്കുമെന്ന് മേയർ എം.കെ. വർഗീസ്. കോടതി ഉത്തരവിന് ശേഷം വെള്ളിയാഴ്ച കൂടിയ കൗൺസിൽ യോഗത്തിലാണ് തീരുമാനം.
കോൺഗ്രസുമായി ഒത്തുകളിച്ചാണ് ബി.ജെ.പി കേസുമായി കോടതിയിലേക്ക് പോയതെന്ന് ഭരണപക്ഷം ആരോപിച്ചപ്പോൾ ഭരണപക്ഷത്തിന്റെ ഗൂഢാലോചനയുടെ ഫലമായി ബി.ജെ.പി തോറ്റുകൊടുക്കുകയായിരുന്നു എന്ന് കോൺഗ്രസ് മറുവാദം ഉന്നയിച്ചു. അതേസമയം, സുപ്രീംകോടതി വിധിയിൽ തുടർ നിയമമാർഗം തേടുമെന്ന് ബി.ജെ.പി കൗൺസിലർമാർ അറിയിച്ചു. 19 മാസത്തെ വാടക കുടിശ്ശിക ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പുകാർ നൽകാനുണ്ടെന്ന് കോൺഗ്രസ് കൗൺസിലർമാർ വാദിച്ചു.
കോര്പറേഷന് സാമ്പത്തിക നഷ്ടം വരത്തക്ക വിധത്തില്‍ പ്രചാരണം നടത്തി കേസ് കൊടുത്ത ആറ് ബി.ജെ.പി കൗണ്‍സിലര്‍മാർക്കെതിരെ മുനിസിപ്പല്‍ ആക്ട് പ്രകാരവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആക്ട് പ്രകാരവും അയോഗ്യത ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി മേയറും അറിയിച്ചു.
കോര്പറേഷന് വികസനത്തോടൊപ്പം സാമ്പത്തിക സ്രോതസ്സുകള്‍ നിലനിര്ത്തിക്കൊണ്ടുപോവുകയും ആവശ്യമെങ്കില്‍ പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തി വികസനത്തിനാവശ്യമായ വരുമാനം ഉള്‍പ്പെടെ മുന്‍തൂക്കം നല്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഇതില്‍ പ്രധാനപ്പെട്ട വരുമാന സ്രോതസ്സാണ് ബിനി ടൂറിസ്റ്റ് ഹോമില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം. ചില കാരണങ്ങളാല്‍ മുമ്പുണ്ടായിരുന്ന വ്യക്തി കോര്‍പറേഷനെ തിരിച്ചേല്‍പ്പിക്കുകയും തുടര്‍ന്ന് കോര്പറേഷന് നിരവധി തവണ ടെൻഡര്‍ ചെയ്തെങ്കിലും ഫലവത്തായില്ല.
രണ്ട് വര്‍ഷത്തോളം ഈ മേഖലയില്‍ നിന്നുള്ള വരുമാനം ഇല്ലാതാവുകയും വന്‍ സാമ്പത്തിക നഷ്ടം കോര്പറേഷന് വഹിക്കേണ്ടിയും വന്നു. കൗണ്‍സില്‍ പ്രത്യേകം താല്പര്യമെടുത്ത് ഓഫര്‍ ക്ഷണിച്ച് പി.എസ്. ജനീഷ് എന്നയാള്‍ക്ക് നിയമനടപടി പൂര്‍ത്തീകരിച്ച് പ്രതിമാസം 7,50,000 രൂപക്ക് നടത്താനായി കൈമാറി.
എന്നാല്‍, നിയമാനുസൃതം നടന്ന ഈ പ്രവൃത്തികള്‍ കൃത്യമായി നടത്തിയിട്ടില്ല എന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കുപ്രചാരണം നടത്തുകയും വിവിധ കോടതികളില്‍ കേസ് നല്‍കുകയും അതുവഴി കോര്പറേഷന് സാമ്പത്തിക നഷ്ടം വരുത്തുന്നതിന് കൂട്ടുനില്‍ക്കുകയും ചെയ്യുകയായിരുന്നു എന്ന് മേയർ പറഞ്ഞു.
2025-26 വാര്‍ഷിക പദ്ധതി, വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മലിനജലം കാനയിലേക്ക് ഒഴുക്കുന്നത് അവസാനിപ്പിക്കാനായി ബന്ധപ്പെട്ട ബജറ്റ് പ്രപ്പോസല്‍ അംഗീകരിക്കുന്നതിനും തൃശൂര്‍ ശക്തന് നഗര്‍ വികസനത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 60 കോടി രൂപയുടെ മത്സ്യമാംസ മാര്‍ക്കറ്റ് സമുച്ചയത്തിന്റെ പ്ലാനും ഡി.പി.ആറും അംഗീകരിക്കുന്നതുള്‍പ്പെടെയുള്ള 75 അജണ്ടകളില്‍ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനെടുത്തു.
മേയർ ഒന്നര കോടിയുടെ നഷ്ടം വരുത്തിയെന്ന് പ്രതിപക്ഷ നേതാവ്
തൃശൂർ: കോർപറേഷൻ ബിനി ടൂറിസ്റ്റ് ഹോം പുതിയ നടത്തിപ്പുകാരനെ ഏൽപ്പിക്കാനുള്ള ടെൻഡർ നടപടികളുടെ ഫയൽ 14 മാസക്കാലം മേയറുടെ ചേംബറിലെ സ്വകാര്യ അലമാരിയിൽ പൂട്ടി വെച്ച് മേയർ ഒന്നരകോടി രൂപയോളം സാമ്പത്തിക നഷ്ടം കോർപറേഷന് വരുത്തിവെച്ചതായി പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ ആരോപിച്ചു.
കോർപറേഷൻ കൗൺസിലിൽ നിന്ന് സർവകക്ഷി അംഗങ്ങളെ തെരഞ്ഞെടുത്ത് ഫയൽ പരിശോധിച്ച് തന്റെ ആരോപണം ശരിയാണോയെന്ന് പരിശോധിക്കണമെന്നും ശരിയാണെന്ന് കണ്ടെത്തിയാൽ എം.കെ. വർഗീസിന്റെ കൈയിൽ നിന്ന് ഒന്നരക്കോടി ഈടാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പതിമൂന്നര ലക്ഷം രൂപ മാസ വാടകക്ക് ഷാജി എന്ന് പറയുന്ന പ്രവാസി ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പിന് ടെൻഡർ വെച്ചുവെന്നും ഭരണപക്ഷത്തിലെ പ്രമുഖ കൗൺസിലർ ഇടപ്പെട്ട് ഭയപ്പെടുത്തി പ്രവാസിയെ പിന്തിരിപ്പിച്ചുവിട്ടുവെന്ന ഭരണകക്ഷി കൗൺസിലറുടെ ആരോപണം അഴിമതിയാണെന്നും, കോർപറേഷന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃശൂർ പട്ടണത്തിൽ പഴയ മുനിസിപ്പൽ പ്രദേശത്ത് വെള്ളകരം കുത്തനെ വർധിപ്പിക്കാനുള്ള എൽ.ഡി.എഫ് ഭരണസമിതിയുടെ നീക്കം അംഗീകരിക്കാൻ കഴിയില്ലയെന്നും കോർപറേഷൻ പരിധിയിൽ മുഴുവനായും വൈദ്യുതി-വെള്ളം വിതരണം കോർപറേഷൻ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.