നാൽവർ സംഘത്തിന്റെ സൗഹൃദത്തിന് അമ്പതാണ്ടിന്റെ തിളക്കം
text_fieldsകൂട്ടുകാരായ സുകു, രാമചന്ദ്രൻ, സുനിൽകുമാർ, രാധാകൃഷ്ണൻ എന്നിവർ അന്നും ഇന്നും
പഴയന്നൂർ: അമ്പതാണ്ട് പിന്നിട്ട നാൽവർ സംഘത്തിന്റെ ചങ്ങാത്തത്തിന് തിളക്കമേറെ. ഞായറാഴ്ച മറ്റൊരു ലോക സൗഹൃദദിനംകൂടി കടന്നുപോയപ്പോഴും പഴയന്നൂരിലെ ചങ്ങാതിക്കൂട്ടത്തിന്റെ സ്നേഹത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. പതിവുപോലെ അവരൊന്നിച്ച് ആ ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. ഒന്നാം ക്ലാസ് മുതലാണ് നാട്ടുകാരായ രാധാകൃഷ്ണനും (61) സുനിൽകുമാറും (61) ചങ്ങാതിമാരാകുന്നത്. അധികം വൈകാതെ തങ്ങളുടെ ഒരു ക്ലാസ് താഴെയുള്ള രാമചന്ദ്രനും (60) സുകുവും (60) ഈ കൂട്ടത്തിൽ ചേർന്നു. പിന്നീടങ്ങോട്ട് നാലുപേരും ഒറ്റക്കെട്ട്.
സ്കൂളിന് പുറത്ത് നാട്ടിലെ ഉത്സവങ്ങളിലായാലും മറ്റ് ആഘോഷങ്ങളിലുമെല്ലാം ഒരുമിച്ച്. നാലുപേരും ഒത്തുചേരാത്ത സായാഹ്നങ്ങളില്ല. അക്കാലത്തെ യാത്രകൾ മുഴുവൻ സൈക്കിൾ വാടകക്കെടുത്താണ്. ഒഴിവുദിനങ്ങളിൽ ആരുടെയെങ്കിലും വീട്ടിൽ ഒത്തുചേരും. സിനിമ കാണാൻ സൈക്കിൾ ചവിട്ടി പാലക്കാട് വരെ പോയ ചരിത്രമുണ്ട് നാൽവർ സംഘത്തിന്.
പത്താം ക്ലാസ് കഴിഞ്ഞതുമുതൽ ഒരു ജോലി വേണമെന്ന് എല്ലാവരും ഒരുപോലെ ആഗ്രഹിച്ചിരുന്നു. പഠിത്തത്തോടൊപ്പം രാധാകൃഷ്ണനും സുനിൽകുമാറും ചില്ലറ ജോലികളും ചെയ്തിരുന്നു. സുകു കുടുംബം നടത്തിക്കൊണ്ടിരുന്ന ഹോട്ടലിൽ സഹായിയാകും. രാധാകൃഷ്ണൻ പട്ടാളത്തിൽ ചേർന്നു. സുനിൽകുമാർ പി.എസ്.സി പരീക്ഷയെഴുതി ആദ്യം ജയിൽ വാർഡനായും പിന്നീട് രണ്ടുവർഷത്തിന് ശേഷം റവന്യു വകുപ്പിലും ജോലിയിൽ പ്രവേശിച്ചു.
രാമചന്ദ്രൻ കെ.എസ്.ആർ.ടി.സിയിലും ജോലിക്ക് കയറി. സുകു പിന്നീട് പൊതു പ്രവർത്തകനായി മാറി. ഇപ്പോൾ ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയാണ്. എല്ലാവർക്കും കുടുംബമായെങ്കിലും പരസ്പരം ഒത്തുചേരാൻ പറ്റുന്ന അവസരങ്ങൾ കൂട്ടുകാർ പാഴാക്കാറില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.