റവന്യൂ ജില്ല സ്കൂൾ കായികമേള; ചൂടേറും പോരാട്ടം; മുന്നിലെത്തി തൃശൂർ ഈസ്റ്റ്
text_fieldsകുന്നംകുളം: റവന്യൂ ജില്ല സ്കൂൾ കായിക മാമാങ്കത്തിന്റെ മൂന്നാം ദിനം പിന്നിട്ടതോടെ മികച്ച പ്രകടനം കാഴ്ചവെച്ച് തൃശൂർ ഈസ്റ്റ് ഉപജില്ല തിരിച്ചുവരുന്നു. കഴിഞ്ഞ രണ്ടു ദിനങ്ങളിലായി മുന്നേറിയ ചാലക്കുടിയെ പിന്തള്ളിയാണ് 129 പോയന്റോടെ തൃശൂർ ഈസ്റ്റ് ഒന്നാം സ്ഥാനത്ത് കിരീടത്തിനായി കുതിക്കുന്നത്. 13 സ്വർണവും 12 വെള്ളിയും ഒമ്പത് വെങ്കലവുമാണ് നേടിയത്. ഒമ്പത് സ്വർണവും 14 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 116 പോയന്റുമായി ചാലക്കുടി രണ്ടാം സ്ഥാനത്തുണ്ട്. 86 പോയന്റോടെ ആതിഥേയരായ കുന്നംകുളം മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.
തൃശൂർ വെസ്റ്റ് 73 പോയന്റുമായി നാലാം സ്ഥാനത്തും തൊട്ടുപിറകിൽ 70 പോയന്റോടെ വലപ്പാട് അഞ്ചാം സ്ഥാനത്തുമുണ്ട്. മാള (53), ചാവക്കാട് (52), കൊടുങ്ങല്ലൂർ (30), ചേർപ്പ് (16), വടക്കാഞ്ചേരി (15), ഇരിങ്ങാലക്കുട (11), മുല്ലശ്ശേരി (5) എന്നീ പോയന്റോടെ പുറകിലുണ്ട്.
സ്കൂൾ തലത്തിൽ ആദ്യദിനം മുതൽ നാട്ടിക ഗവ ഫിഷറീസ് എച്ച്.എസ്.എസ് മുന്നിൽ തന്നെയാണ്. ഏഴ് സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടി 47 പോയന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്.
മൂന്ന് സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവും നേടി 41 പോയന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 38 പോയന്റുമായി ആളൂർ ആർ.എം.എച്ച്.എസ്.എസ് അഞ്ച് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും നേടി മൂന്നാം സ്ഥാനത്തും തുടരുന്നു.
കൊടുംചൂടിൽ മൂന്ന് ദിനങ്ങളിലായി നടന്ന മേള ശനിയാഴ്ച സമാപിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൻ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

