‘മന്ത്രിയുടേത് വേദനാജനകമായ നിസ്സംഗത, ഇടതുപക്ഷ സംഘടനയായിട്ട് പോലും...’
text_fieldsതൃശൂർ: ‘കാർഷിക സർവകലാശാല പ്രോ ചാൻസലറായ കൃഷി മന്ത്രി പി. പ്രസാദിനെ ഹരിപ്പാട്ട് എത്തി കണ്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു. സമരം തുടങ്ങിയിട്ട് ഒരു മാസവും. ഇതുവരെ ചർച്ചക്ക് പോലും വിളിച്ചിട്ടില്ല. മന്ത്രിയുടേത് വേദനാജനകമായ നിസ്സംഗതയാണ്’. കാർഷിക സർവകലാശാല പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് പ്രഫ. രഞ്ജൻ എസ്. കരിപ്പായിയുടേതാണ് ഈ വാക്കുകൾ.
രഞ്ജൻ എസ്. കരിപ്പായിയുടെയും സെക്രട്ടറി വി.എസ്. സത്യശീലന്റെയും നേതൃത്വത്തിൽ കാർഷിക സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ പെൻഷനേഴ്സ് ഫോറം നടത്തുന്ന സമരം 30 ദിവസം പിന്നിട്ടുകഴിഞ്ഞു. അനിശ്ചിതകാല സത്യഗ്രഹ സമരം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോഴും ചർച്ചക്ക് പോലും വിളിക്കാത്തതിൽ ഏറെ നിരാശയിലും അമർഷത്തിലുമാണ് സി.പി.എം അനുകൂല പെൻഷൻകാരുടെ സംഘടന. ചർച്ചക്ക് വിളിക്കാത്തതിന് പുറമെ പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ സർവകലാശാലക്ക് പുറത്താക്കുകയും ചെയ്തു.
നേരത്തേ പല പ്രാവശ്യം സർവകലാശാല അധികൃതർക്കും വൈസ് ചാൻസലർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് ജൂൺ 20 മുതൽ അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചത്. 65 മുതൽ 85 വയസ്സ് വരെയുള്ള പെൻഷൻകാരാണ് സർവകശാല കവാടത്തിന് പുറത്ത് സമരം നടത്തുന്നത്. ഓരോ ദിവസവും 10 വീതം പേരാണ് സത്യഗ്രഹം ഇരിക്കുന്നത്. സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മുതൽ വിവിധ ഇടതു എം.എൽ.എമാരും യുവജന സംഘടന നേതാക്കളും അടക്കം സമരം ഉദ്ഘാടനം ചെയ്തിട്ടും ചർച്ചക്ക് പോലും വിളിക്കാനായിട്ടില്ല.
ഗുരുതര രോഗം ബാധിച്ചവരും വീട് വിൽക്കേണ്ടി വന്നവരും മക്കളുടെ വിവാഹത്തിനുള്ള പണത്തിന് ആവശ്യമുള്ളവരും അടക്കം സമരം ചെയ്യുന്ന പെൻഷൻകാരിലുണ്ട്. എത്ര പ്രയാസപ്പെട്ടിട്ടാണെങ്കിലും ലക്ഷ്യം കാണുന്നത് വരെ സമരം തുടരുമെന്ന് പെൻഷനേഴ്സ് ഫോറം ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
110 കോടി കുടിശ്ശിക; പി.എഫിൽ നിക്ഷേപം 107 കോടി
തൃശൂർ: പെൻഷൻകാർക്ക് നൽകാനായി സർക്കാർ നൽകിയ തുക കാർഷിക സർവകലാശാല വകമാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പെൻഷനേഴ്സ് ഫോറം ഭാരവാഹികൾ. പെൻഷൻകാർക്ക് 110 കോടിയോളം രൂപയാണ് വിവിധ ഇനങ്ങളിൽ സർവകലാശാല നൽകാനുള്ളത്. തുക വകമാറ്റിയതോടെയാണ് കുടിശ്ശിക ഇത്രയും ഉയർന്നത്.
2016ൽ പി.എഫിൽ 70 ലക്ഷം രൂപയോളമാണ് സർവകലാശാലയുടേതായി ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 107 കോടി രൂപയുണ്ടെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടിയായി ലഭിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. 5000ഓളം പെൻഷൻകാരാണ് കാർഷിക സർവകലാശാലയിൽ ഉള്ളത്. ഇതിൽ 2021 മാർച്ചിന് ശേഷം വിരമിച്ചവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.