കഠിന കഠോരമീ ചൂട്
text_fieldsചുട്ടുപൊള്ളുന്ന സൂര്യന് താഴെ തൃശൂർ കുറ്റൂർ പാടശേഖരത്തിൽ ജോലിയിലേർപ്പെട്ട കർഷകർ
തൃശൂർ: തെരഞ്ഞെടുപ്പ് ആരവങ്ങൾക്ക് പിന്നാലെ ജില്ലയിൽ സഹിക്കാൻ കഴിയാനാവാത്ത ചൂടും. കഴിഞ്ഞ ദിവസം 38 ഡിഗ്രി സെൽഷ്യസാണ് ചിലയിടങ്ങളിൽ ചൂട് രേഖപ്പെടുത്തിയത്.
നാടും നഗരവും പൊരിഞ്ഞ ചൂടിൽ വലയുകയാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് തന്നെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പും നൽകുന്ന മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി വരെ ഉയരുന്ന സാഹചര്യത്തിൽ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ ചൂട് കനക്കാൻ സാധ്യത ഏറെയാണ്.
അൾട്രാ വയലറ്റ് സൂചിക ഏഴ് രേഖപ്പെടുത്തിയതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ജോലി നോക്കുന്നവരാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കെട്ടിട നിർമാണം, പെയിന്റിങ് തൊഴിലാളികൾ ഒക്കെ ചൂടിനെ അതീജീവിച്ചാണ് തൊഴിലിൽ ഏർപ്പെടുന്നത്. സാധാരണ താപനിലയേക്കാൾ മൂന്ന് ഡിഗ്രിവരെ ഉയരാം എന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന ചൂട് മനുഷ്യരിൽ പല തരത്തിലുള്ള ശാരീരിക അസ്വസ്ഥകളും സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. സൂര്യാഘാതം നിർജലീകരണം, ത്വക് രോഗങ്ങൾ, നേത്ര രോഗങ്ങൾ, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ സൃഷ്ടിക്കും. മനുഷ്യരെപ്പോലെ വളർത്തുമൃഗങ്ങൾക്കും കടുത്ത വേനൽ പരീക്ഷണം തന്നെയാണ്.
വേണ്ട മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് ആരോഗ്യവകുപ്പും നിർദേശം നൽകിയിട്ടുണ്ട്.പറമ്പുകളും ഒഴിഞ്ഞ പ്രദേശങ്ങളും വരണ്ടുണങ്ങി കിടക്കുന്നതിനാൽ തീപിടിത്ത സാധ്യതയും ഏറെയാണ്. നേരിയ തീപ്പൊരിപോലും വലിയ തീപിടിത്ത സാധ്യത സൃഷ്ടിക്കും. അതേസമയം, ഔദ്യോഗിക മുന്നറിയിപ്പെന്ന വ്യാജേന ജനങ്ങളെ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ അരങ്ങേറുന്നുണ്ട്.
ചൂട് 50 ഡിഗ്രിക്ക് മുകളിൽ പോകുമെന്നും മൊബൈൽ ഫോണുകളും വൈദ്യുതോപകരണങ്ങളും പൊട്ടിത്തെറിക്കുമെന്നും വാഹനങ്ങളിൽ അധികം ഇന്ധനം നിറച്ചാൽ ടാങ്ക് പൊട്ടിത്തെറിക്കുമെന്ന നിലക്കുള്ള വ്യാജ പ്രചാരണങ്ങൾ സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

