തൃശൂരിലെ മഴക്കെടുതി; 5.68 കോടി രൂപ കൂടി ധനസഹായം അനുവദിച്ചു
text_fieldsതൃശൂർ: തൃശൂരില്‍ 2024ലുണ്ടായ കാലവര്‍ഷക്കെടുതിയെ തുടർന്ന് വീടുകൾക്ക് നാശം സംഭവിച്ചവർക്ക് വിതരണം ചെയ്യാന്‍ 5.68 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. 23ന് നടന്ന മന്ത്രിസഭ യോഗ തീരുമാന പ്രകാരമാണ് തുക അനുവദിച്ചത്.
2024ല്‍ ജില്ലയിലുണ്ടായ അതിശക്തമായ കാലവര്‍ഷത്തിലും ഉരുള്‍പ്പൊട്ടലിലും വീടുകള്‍ക്ക് വന്‍തോതില്‍ നാശം സംഭവിച്ചിരുന്നു. പ്രസ്തുത നാശനഷ്ടങ്ങള്ക്കുളള എസ്.ഡി.ആർ.എഫ് വിഹിതമായ 8.88 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. പ്രത്യേക ദുരന്തമായി സര്‍ക്കാര്‍ അംഗീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ക്ക് മാത്രമാണ് എസ്.ഡി.ആർ.എഫ് വിഹിതത്തോടൊപ്പം സി.എം.ഡി.ആർ.എഫില്‍ നിന്നുളള വിഹിതം കൂടി ചേര്‍ത്ത് പരമാവധി തുക അനുവദിക്കുന്നത്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ വീടുകള്‍ക്കുണ്ടായ കനത്ത നാശനഷ്ടം പരിഗണിച്ച് പ്രത്യേക ദുരന്തമായി അംഗീകരിച്ച് പരമാവധി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ 2024ലെ പ്രകൃതിക്ഷോഭത്തില്‍ വിതരണം ചെയ്യാനായി അനുവദിച്ച ആകെ തുക 14.56 കോടിയായി. 1810 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാവുക.
കുറഞ്ഞത് 15 ശതമാനമെങ്കിലും നാശനഷ്ടം സംഭവിച്ച ഭവനങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്. 16 മുതല്‍ 29 ശതമാനം വരെ, 30 മുതല്‍ 59 ശതമാനം വരെ, 60 മുതല്‍ 70 ശതമാനം വരെ, 70 ശതമാനത്തിന് മുകളില്‍ എന്നിങ്ങനെ സ്ലാബുകളായാണ് ധനസഹായം അനുവദിച്ചത്.
70 ശതമാനത്തിന് മുകളിലുളള നാശനഷ്ടം പൂര്‍ണമായ നഷ്ടമായി കണക്കാക്കി നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1,80,000 രൂപ മാത്രമാണ് എസ്ഡി.ആർ.എഫ് വിഹിതം. ശേഷിക്കുന്ന 2,20,000 രൂപ സി.എം.ഡി.ആർ.എഫില്‍ നിന്നാണ് നല്‍കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.