തൃശൂർ സഹോദയ കലോത്സവം; ദേവമാത സ്കൂൾ ചാമ്പ്യന്മാർ
text_fieldsആറ്റൂർ: അറഫ സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്ന തൃശൂർ സഹോദയ കലോത്സവത്തിൽ തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ കിരീടം നിലനിർത്തി. 1013 പോയന്റാണ് കരസ്ഥമാക്കിയത്. ഇത് പതിനൊന്നാം തവണയാണ് തുടർച്ചയായി ദേവമാത ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
രണ്ടാം സ്ഥാനം നേടിയ പാറമേക്കാവ് സ്കൂളിനേക്കാൾ 112 പോയന്റ് കൂടുതലാണ് ദേവമാതക്ക് ലഭിച്ചത്. കാറ്റഗറി രണ്ടിലും മൂന്നിലും നാലിലും ഒന്നാമത് എത്തിയിരുന്നു. പൂങ്കുന്നം പാറമേക്കാവ് സ്കൂൾ 891 പോയന്റ് നേടി രണ്ടാം സ്ഥാനവും 870 പോയന്റ് നേടി തൃശൂർ നിർമല മാത മൂന്നാം സ്ഥാനവും സ്വന്തമാക്കി. ചിറ്റിലപ്പിള്ളി ഐ.ഇ.എസ്-845, കോലഴി ചിന്മയ വിദ്യാലയം-840, എടശ്ശേരി സി.എസ്.എം-737 എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്കൂൾ നേടിയ പോയന്റ്. ആദ്യ ദിനം മുതൽ വ്യക്തിഗതയിനങ്ങളിലും ഗ്രൂപ്പിനങ്ങളിലും നൂറു പോയന്റ് ലീഡ് ദേവമാത സ്കൂൾ നിലനിർത്തിയിരുന്നു. രണ്ടാം ദിനവും ഗ്രൂപ്പിനത്തിലാണ് കൂടുതൽ പോയന്റ് നേടിയത്. സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസ സമാപനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്തു. സമാപനം മഹാകവി വള്ളത്തോൾ നാരായണമേനോന്റെ ജയന്തി ദിനത്തിൽ തന്നെയായത് വളരെയധികം സന്തോഷം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഥകളിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് വള്ളത്തോൾ കലാമണ്ഡലം സ്ഥാപിച്ചതെങ്കിലും ഈ ഇനം കലോത്സവത്തിൽ മത്സരത്തിന് പങ്കെടുത്തിട്ടില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അധ്യക്ഷത വഹിച്ചു. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. പട്ടുറുമാൽ ഫെയിം ബീഗം സിത്താര വിശിഷ്ടാതിഥിയായി. സഹോദയ വൈസ് പ്രസിഡന്റ് പി.എച്ച്. സജീവ് കുമാർ, ജോ. സെക്രട്ടറി ഡോ. വി. ബിന്ദു, അറഫ ട്രഷറർ പി.എം. അബ്ദുല്ലത്തീഫ്, വൈസ് ചെയർമാൻ കെ.എം. മുഹമ്മദ്, സെക്രട്ടറി എം.വി. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനറും അറഫ സ്കൂൾ പ്രിൻസിപ്പലുമായ എം.എ. ജാസ് സ്വാഗതവും സഹോദയ ട്രഷറർ സിസ്റ്റർ മേഴ്സി ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

