സുനാമി പുനരധിവാസ കേന്ദ്രം ദുരിതാവസ്ഥയിൽ
text_fieldsതളിക്കുളം സുനാമി പുനരധിവാസ കേന്ദ്രത്തിലെ ചോർന്നൊലിക്കുന്ന വീടുകൾ
വാടാനപ്പള്ളി: മഴയിൽ വീടുകൾ ചോർന്നൊലിക്കും, സ്വിച്ച് ഇട്ടാൽ പലപ്പോഴും ഷോക്കടിക്കും. ശക്തമായ കാറ്റോ മഴയോ വന്നാൽ നെഞ്ചിൽ ഇടിമിന്നലും. തളിക്കുളം ഇടശ്ശേരി സുനാമി പുനരധിവാസ കേന്ദ്രത്തിലെ 38 ഓളം വരുന്ന കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. രണ്ട് മാസമായി തുടരുന്ന കനത്ത മഴയിൽ വീടുകളിലെ ചുമരുകൾ ഏറെയും വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. കോൺക്രീറ്റ് അടർന്നു. ചില വീടുകൾ ഇടിഞ്ഞു.
മഴയിൽ വിള്ളലിലൂടെ വെള്ളം അകത്തേക്ക് ചോർന്നൊലിക്കുകയാണ്. ഈ നേരം ടി.വി കാണാനോ ലൈറ്റ് ഇടാനോ സ്വിച്ച് ഇടുമ്പോൾ ഷോക്കടിച്ച് കൈത്തരിക്കുകയാണ്. ഇതുകാരണം ഭീതിയിൽ പലപ്പോഴും സ്വിച്ച് ഇടാതെ വീട്ടുകാർ വീടിനുള്ളിൽ കഴിച്ചുകൂട്ടുകയാണ്.
ശക്തമായ കാറ്റോ മഴയോ വന്നാൽ കുടുംബങ്ങൾ ജീവൻ പണയം വെച്ച് പേടിച്ചാണ് വീട്ടിൽ കഴിഞ്ഞുകൂട്ടുന്നത്. ഓരോ ദിവസവും ഭയപ്പാടിലാണ് തള്ളി നീക്കുന്നതെന്ന് വീട്ടമ്മമാർ പറയുന്നത്.
വീടിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ മഴക്കുമുമ്പ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസം മുമ്പ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. ജനപ്രതിനിധികളും റവന്യു ഉദ്യാഗസ്ഥരുമടങ്ങുന്ന വലിയൊരു സംഘമാണ് സുനാമി പുനരധിവാസവീടുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്.
കുടുംബങ്ങളുടെയും വീടുകളുടേയും അവസ്ഥ സംഘം നേരിട്ട് കണ്ടു. ചോർച്ച തടയാൻ ആറ്മാസത്തിനുള്ളിൽ കെട്ടി സംരക്ഷിക്കുമെന്ന് കലക്ടർ കുടുംബങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. കാലവർഷത്തിന് ശമനമായാൽ പണി നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ട് മാസമേ ആയിട്ടുള്ളൂ.
മഴയാണെങ്കിൽ ശക്തമായി തുടരുകയാണ്. വീടിന്റെ ദുരവസ്ഥയും ചോർച്ചയും താമസയോഗ്യമല്ലാത്തതും ചൂണ്ടിക്കാട്ടി വീട്ടമ്മമാർ വീണ്ടും വിവരം കലക്ടറെ അറിയിച്ചു. വേണ്ട മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് അപകടസാധ്യതയുണ്ട്. വീടുകൾ എല്ലാം പൊട്ടി പൊളിഞ്ഞ് നിൽക്കുന്നതാണ് അപായക സൂചനയായിട്ടുള്ളത്.
കടലാക്രമണത്തിൽ വീടുകൾ തകർന്നും സ്ഥലമടക്കം സർവതും നഷ്ടപ്പെട്ട കടലോര നിവാസികളെ പുനരധിവസിപ്പിക്കാനാണ് സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഇടശ്ശേരി പടിഞ്ഞാറ് പുനരധിവാസ കേന്ദ്രത്തിൽ 40 വീടുകൾ നിർമിച്ചത്. 2012 ഏപ്രിൽ രണ്ടിന് അന്നത്തെ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്തത്.
കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട 38 കുടുംബങ്ങളാണ് വീടുകളിൽ കഴിയുന്നത്. ഒരു വർഷമാകും മുമ്പേ പല വീടുകളും വിള്ളലായി. നിർമാണത്തിലെ പാകപ്പിഴയാണ് വേഗം തകരാൻ കാരണം. 13 വർഷത്തിനുള്ളിൽ വീടുകൾ എല്ലാം കൂടുതൽ അപകടാവസ്ഥയിലായി. വേണ്ട വിധം അറ്റകുറ്റപണി ചെയ്തില്ലെങ്കിൽ വീടുകളിൽ കഴിയുന്നത് ആലോചിക്കാൻ പറ്റാത്ത അവസ്ഥയായി.
കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് വീടുകളിൽ കഴിയുന്നത് വീടുകളിൽ കഴിയുന്നത് ഉറക്കമില്ലാത്ത രാത്രികളാണെന്നും ഇതിലും ഭേദം കടലോരത്ത് കുടിൽ കെട്ടി താമസിക്കുകയായിരുന്നുവെന്നും വീട്ടമ്മമാർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.