വാഴകൃഷിയിൽ നേട്ടം കൈവരിച്ച് വരവൂരിലെ സ്ത്രീ കൂട്ടായ്മ
text_fieldsവരവൂർ: പഞ്ചായത്തിൻ സ്ത്രീ കൂട്ടായ്മയിൽ നടത്തിയ വാഴകൃഷിയിൽ മികച്ച നേട്ടം. വിളവെടുപ്പ് തുടങ്ങിയ ചിങ്ങാലിക്കോടൻ നേന്ത്രപ്പഴങ്ങൾ ഇനി വിപണിയിലേക്ക്. കുടുംബശ്രീയുടെ നേതൃത്വത്തിൽസുരക്ഷിത, സുമ, ആതിര, നവോദയ, ആവണി എന്നീ ജെ.എൽ.ജി ഗ്രൂപ്പുകളാണ് വാഴകൃഷി നടത്തിയത്. കൃഷിയിടത്തിൽ നിന്നും ഓണ വിപണിക്കായി വാഴക്കുലകൾ വെട്ടിത്തുടങ്ങി.
വരവൂർ പഞ്ചായത്ത് സ്റ്റേജിന് സമീപമായി തുറക്കുന്ന ഓണ ചന്തയിലാണ് നേന്ത്രവാഴക്കുലകൾ വിറ്റഴിക്കുക. കൂടാതെ ഓണത്തിന് ആവശ്യമായ കായവറവ്, ശർക്കര ഉപ്പേരി, പഴം പായസം എന്നിവ തയാറാക്കി ഈ വിപണിയിൽ വിൽപന നടത്തും. കഴിഞ്ഞ വർഷത്തെ ഓണത്തിന് ജില്ല കുടുംബശ്രീ വിപണനമേളയിൽ ഏറ്റവും കൂടുതൽ ചെങ്ങാലിക്കോടൻ നേന്ത്രവാഴക്കുലകൾ വിറ്റഴിച്ചത് വരവൂർ കുടുംബശ്രീയാണ്. സംസ്ഥാനതലത്തിൽ മികച്ച നേട്ടം കൈവരിച്ച് അഞ്ച് അവാർഡുകളാണ് കുടുംബശ്രീ നേടിയത്.
ഇത്തവണ അഞ്ചര ഏക്കർ സ്ഥലത്ത് നടത്തിയ കൃഷിയിൽ 4,500 ചെങ്ങാലിക്കോടൻ നേന്ത്രവാഴകളാണ് കൃഷി ചെയ്തത്. സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി പാട്ടത്തിനെടുത്താണ് കൃഷി നടത്തിയത്. പ്രത്യേക പരിചരണം നൽകി വളർത്തിയ വാഴകൾക്ക് മുളങ്കാലുകൾ താങ്ങായി നൽകി സംരക്ഷിച്ചും കായ്കൾക്ക് നിറവും വർണ്ണവും വലിപ്പവും വരാൻ പ്രത്യേകം പൊതിഞ്ഞുമായിരുന്നു കൃഷി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.