അന്നമനട, മാള പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടഞ്ഞ് ജല അതോറിറ്റി
text_fieldsമാള: അന്നമനട, മാള പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നിലച്ചു. കുടിശ്ശിക അടക്കാത്തതിനാൽ ജല അതോറിറ്റിയാണ് കുടിവെള്ളം തടഞ്ഞത്. പഞ്ചായത്തുകൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷമാണ് കുടിവെള്ള വിതരണം നിർത്തിവച്ചതെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. മാള, അന്നമനട, പുത്തൻചിറ, വെള്ളാങ്ങല്ലൂർ, കുഴൂർ, പൊയ്യ പഞ്ചായത്തുകളിൽനിന്ന് 24.7 കോടി രൂപയാണ് ജല അതോറിറ്റിക്ക് കുടിശ്ശിക കിട്ടാനുള്ളത്.
അതേസമയം, ഭീമമായ സംഖ്യ അടക്കാനുള്ള വഴി കണ്ടെത്താൻ പഞ്ചായത്ത് അധികാരികൾ അടിയന്തരശ്രമം നടത്തുന്നതായറിയുന്നു. കുടിശ്ശികയുള്ളപ്പോഴും അതത് മാസങ്ങളിലെ മീറ്റർ നിരക്കിൽ പകുതി അടക്കണമെന്നാണ് ജോ.മാനേജിങ് ഡയറക്ടറും പഞ്ചായത്തുകളും ധാരണയുള്ളത്. ഇതനുസരിച്ച് പകുതി തുക അടയ്ക്കാതെ വന്നതാണ് വിനയായത്.
കുടിവെള്ളത്തിന്റെ നിരക്ക് ഉപഭോക്താക്കൾ നൽകാത്തതാണ് കുടിശ്ശിക വർധിക്കാൻ ഇടയാക്കിയത്. 10,000 രൂപയിൽ കൂടുതൽ കുടിശ്ശികയുള്ളവരുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചിട്ടുണ്ട്. ഇനി 5,000ത്തിനു മുകളിലുള്ളവരുടെ കണക്ഷൻ വിച്ഛേദിക്കും. ഓണത്തിനു മുമ്പ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
പഞ്ചായത്തുകളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ളം നൽകുന്നത്. ജല അതോറിറ്റിയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് കടുത്ത നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.