എരുമപ്പെട്ടി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം
text_fieldsഎരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിക്കുന്നു
എരുമപ്പെട്ടി: പഞ്ചായത്തിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചു. എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ ഇറങ്ങി വലിയ തോതിൽ കൃഷി നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മങ്ങാട്, കോട്ടപ്പുറം, കരിയന്നൂർ, കൊടുമ്പ് പ്രദേശങ്ങളിൽ ഏക്കർ കണക്കിന് നെൽകൃഷിയാണ് നശിപ്പിച്ചത്. പന്നി ശല്യം തടയാൻ പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിലെത്തി അസിസ്റ്റന്റ് സെക്രട്ടറിയെ ഉപരോധിച്ചത്.
പന്നികളെ കൊല്ലാനായി പഞ്ചായത്ത് നിയമിച്ച ഷൂട്ടറെ വിളിച്ചാൽ കിട്ടാറില്ലെന്നും കിട്ടിയാൽ തന്നെ തോക്ക് എടുത്തിട്ടില്ല എന്ന മറുപടിയാണ് ലഭിക്കാറുള്ളതെയും മെംബർമാർ ആരോപിച്ചു. പ്രതിഫലമില്ലാതെ പന്നികളെ ഷൂട്ട് ചെയ്യാൻ തയാറായി വന്ന വ്യക്തിയെ നിയമിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ടെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും തുടർനടപടികൾ ഉണ്ടായിട്ടില്ല. കമ്മിറ്റി തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതി പൂർണ പരാജയമാണെന്നും അംഗങ്ങൾ ആരോപിച്ചു. കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പന്നിശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അസി. സെക്രട്ടറി ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു.
എൻ.കെ. കബീർ, ഫ്രിജോ വടക്കൂട്ട്, മീന ശലമോൻ, എം.വി. വിജീഷ്, ആനി, എം.എസ്. സജിത, റിജി ജോർജ്, ഷാജി വർഗീസ് എന്നിവരാണ് ഉപരോധ സമരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

