കാൽ നൂറ്റാണ്ടിന്റെ മികവിൽ പായസമേള
text_fieldsതിരുവനന്തപുരം: കഴിഞ്ഞ 25 വർഷത്തിലേറെയായി അനന്തപുരിയ്ക്ക് ഓണമെന്നാൽ പായസമേള കൂടിയാണ്. അതും കെ.ടി.ഡി.സിയുടെ പായസമേള. ആ പതിവിന് ഇക്കുറിയും മാറ്റമില്ല. ഉദ്ഘാടന ദിനത്തിൽ അവക്കാഡോ പായസം നൽകിയാണ് ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ പായസമേളയ്ക്കെത്തിയവരെ അമ്പരപ്പിച്ചത്.
അടുത്ത ദിവസം റെഡ്വെൽവെറ്റ് പായസമായിരുന്നു. ബുധനാഴ്ച പൈനാപ്പിൾ പായസമാണ് സ്പെഷ്യൽ. അതിനടുത്ത ദിവസം മില്ലെറ്റ് പായസം... ഇങ്ങനെ ഓണം തീരും വരെ ഓരോ ദിവസവും സ്പെഷ്യൽ പായസമുണ്ടാകും.
ഇതിനു പുറമേ അടപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ്, സേമിയ, പാലട, മാമ്പഴം, പരിപ്പ്, പാൽ, ക്യാരറ്റ്, നവരത്ന പായസങ്ങളും കിട്ടും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പായസമേളയുള്ളത്. ഉത്രാടത്തിന് രാവിലെ 7 മുതൽ രാത്രി 9 വരെയും തിരുവോണത്തിന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1.30 വരെയും പായസമേളയുണ്ട്.
ഉത്രാടത്തിനും തിരുവോണത്തിനും ഓണസദ്യയുമുണ്ട്. പായസമേള തുടങ്ങിയതറിഞ്ഞ് നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ഇക്കുറി ഷെഫ് ജഗദീഷിന്റെ നേതൃത്വത്തിൽ സന്തോഷ്, സനൽ എന്നിവർ ചേർന്നാണ് രുചിയേറും പായസങ്ങൾ ഒരുക്കുന്നത്. തിരുവനന്തപുരത്ത് ഗ്രാൻഡ് ചൈത്രത്തിനു പുറമേ മാസ്കോട്ടിലും പായസമേളയുണ്ട്. റിസർവേഷനുവേണ്ടി 9188127754ൽ ബന്ധപ്പെടാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.