അമ്പലമുക്ക് വിനീത കൊലക്കേസ്; നാടിനെ നടുക്കിയ കൊലപാതകം
text_fieldsതിരുവനന്തപുരം: 2022 ഫെബ്രുവരി ആറ് ഞായറാഴ്ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് രാജേന്ദ്രൻ പട്ടാപ്പകൽ വിനീതയെ നഗര ഹൃദയത്തിൽ വെട്ടികൊലപ്പെടുത്തിയത്. വിനീതയുടെ നാലര പവൻ സ്വർണമാല കവരുന്നതിനായാണ് പ്രതി ക്രൂരകൃത്യം നടത്തിയത്. ഇയാൾ പേരൂർക്കട ഭാഗത്തെ ഹോട്ടലിൽ ഒരു മാസത്തിലേറെയായി ജോലി നോക്കി വരികയായിരുന്നു.
അമ്പലമുക്ക് കുറവൻകോണം റോഡിലെ ‘ടാബ്സ് അഗ്രി ക്ലിനിക്’എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത. രണ്ടുവർഷം മുമ്പ് ഹൃദ്രോഗ ബാധിതനായി ഭർത്താവ് മരിച്ച വിനീത കൃത്യത്തിന് ഒമ്പത് മാസം മുമ്പാണ് സ്ഥാപനത്തിൽ ജോലിക്കെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനായിരുന്നു ഞായറാഴ്ച സ്ഥാപനത്തിൽ എത്തിയത്.
തമിഴ്നാട്ടിൽനിന്ന് പേരൂർക്കടയിലെ ടീ സ്റ്റാളിൽ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ കൃത്യദിവസം രാവിലെ 11.30ഓടെ അമ്പലമുക്ക് ജങ്ഷനിൽ നിന്ന് കുറവൻകോണം റോഡിലൂടെ നടന്ന് സാന്ത്വനം ആശുപത്രി ജങ്ഷനിൽ നിന്നും അമ്പല നഗറിലേക്ക് തിരിയുന്ന റോഡ് വഴി ലുണീക്ക ഫാഷൻസ് കെട്ടിടത്തിന് മുന്നിലെ റോഡിലൂടെ നടന്ന് ടാബ്സ് അഗ്രിക്ലിനിക് എന്ന സ്ഥാപനത്തിന് മുന്നിലെത്തി. പ്രതി അവിടെ നിന്ന് സ്ഥാപനവും വിനീതയുടെയും നീക്കങ്ങളും വീക്ഷിച്ചു.
11.42 ഓടെ ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന ടാബ്സ് അഗ്രി ക്ലിനിക്കിൽ കയറി. ആവശ്യപ്രകാരം ചെടിച്ചട്ടികൾ സൂക്ഷിച്ച ഷെഡിലേക് കയറിയ വിനീതയുടെ പുറകെ രാജേന്ദ്രനും കയറി. അവിടെവെച്ച് മൂക്കും വായും പൊത്തിപിടിച്ച് രാജേന്ദ്രന്റെ പാന്റിന് അടിയിൽ കരുതിയിരുന്ന കത്തി എടുത്ത് വിനീതയുടെ കഴുത്തിന്റെ മുൻവശത്തായി തുരു തുരെ കുത്തി. കൊലപ്പെടുത്തിയ ശേഷം സ്വർണമാല കവർന്നു. മൃതദേഹം ഷെഡിന്റെ മൂലയിലുള്ള തറയിൽ മലർത്തി കിടത്തിയ ശേഷം അവിടെയുണ്ടായിരുന്ന മണലരിപ്പയും ഫ്ലക്സ്ഷീറ്റും കൊണ്ട് മൂടി ഒളിപ്പിച്ചു.
തുടർന്ന് 11.54ഓടെ സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി ഓട്ടോറിക്ഷക്ക് കൈ കാണിച്ച് നിർത്തി കയറി. മുട്ടടക്ക് സമീപത്തിറങ്ങി രക്തം പുരണ്ട ഷർട്ട് കോർപറേഷൻ വക അലപ്പുറം കുളത്തിൽ ഉപേക്ഷിച്ചു. ഷർട്ടിനടിയിലുണ്ടായിരുന്ന ടീ ഷർട്ടും ധരിച്ച് ഒരു സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് പരുത്തിപ്പാറയിലൂടെ ഉള്ളൂർ ഇറങ്ങിയ ശേഷം അവിടെ നിന്ന് മറ്റൊരു ഓട്ടോറിക്ഷയിൽ കയറി വീണ്ടും കേശവദാസപ്പുരം വഴി പേരൂർക്കടയിലുള്ള താമസമുറിയിലേക്ക് എത്തി. കൊലപ്പെടുത്തുന്ന സമയത്ത് വിനീത പ്രതിരോധിച്ചതിൽ രാജേന്ദ്രന്റെ വലത് കൈയിലും പരിക്കേറ്റിരുന്നു.
കൈയിലേറ്റ മുറിവുകൾ തേങ്ങ ചുരണ്ടിയതിൽ ഉണ്ടായതാണെന്ന് വരുത്തി തീർക്കാൻ ഹോട്ടൽ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച് കൊണ്ടിരുന്ന ഇലക്ട്രിക് ചിരവയിൽ സ്വമേധയാ വലത് കൈ വെച്ച് മുറിവുണ്ടാക്കി.ശേഷം രാത്രി 7.40ന് പേരൂർക്കട ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
പിറ്റേ ദിവസം രാവിലെ ബാഗുമെടുത്ത് സ്വദേശമായ തമിഴ്നാട് കാവൽക്കിണറിലേക്ക് കടന്നു. ഫെബ്രുവരി 11ന് കാവൽകിണറിൽ നിന്ന് പ്രതിയെ പേരൂർക്കട സി.ഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. വിനീത ധരിച്ചിരുന്ന സ്വർണമാല കാവൽകിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരുന്നത് പോലീസ് കണ്ടെടുത്തു.
ഉന്നതബിരുദധാരിയായ നിശബ്ദ കൊലയാളി
തിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രൻ തഞ്ചാവൂർ തമിഴ് യൂനിവേഴ്സിറ്റിയിൽ നിന്നും ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ ബി.എഡ് ഡിഗ്രി കരസ്ഥമാക്കിയ ശേഷം എം.എ ഹിസ്റ്ററി, എം.എ ഇക്കണോമിക്സ് പഠനം പൂർത്തിയാക്കി തമിഴ്നാട്ടിലെ പേൾ മെട്രിക് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.
മൈക്രോസോഫ്ട് ആപ്ലിക്കേഷൻ സോഫ്റ്റ് വയറിലും പ്രാവീണ്യം നേടിയ രാജേന്ദ്രൻ തമിഴ്നാട് തിരുനെൽവേലി ആരൽവാമൊഴി വെള്ളമടം സ്വദേശിയും തിരുനെൽവേലി കസ്റ്റംസ് ഒാഫിസ് ജീവനക്കാരനുമായ സുബ്ബയ്യ(58), ഭാര്യ വാസന്തി (55), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലും പ്രതിയാണ്. നാഗർകോവിൽ സെഷൻസ് കോടതിയിൽ ആ കേസുകളുടെ വിചാരണ നടന്നു വരുന്നു. ഓൺലൈൻ മാർക്കറ്റിലും ഷെയർ മാർക്കറ്റിലും പണം നിക്ഷേപിക്കാനാണ് രാജേന്ദ്രൻ കൊലപാതകം ചെയ്ത് കവർച്ചകൾ നടത്തിയിരുന്നത്.
തമിഴ്നാട്ടിൽ കൊല്ലപ്പെട്ട സുബ്ബയ്യ തിരുനെൽവേലി ജില്ലയിലെ വെള്ളമടം വേമ്പത്തൂർ കോളനി രാജീവ് നഗറിലെ വസന്തഭവൻ വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യയുടെ പേര് വാസന്തി. സുബ്ബയ്യക്ക് മക്കളില്ലാത്തത് കൊണ്ട് രണ്ടു ദിവസം മാത്രം പ്രായമുണ്ടായിരുന്ന അഭിശ്രീ എന്ന പെൺകുട്ടിയെ ദത്തെടുത്ത് സ്വന്തം മകളെ പോലെ വളർത്തിയിരുന്നു. സുബ്ബയ്യയുടെ വീടിന് സമീപത്താണ് രാജേന്ദ്രന്റെ വീടും. ഭൂമിയുടെ ഉടമസ്ഥതയിൽ ധാരാളം സൗകര്യങ്ങളോടെ സുബ്ബയ്യ ജീവിച്ച വന്നിരുന്നതിനാൽ അയാളുടെ വീട്ടിലെ നിലവറയിൽ ധാരാളം സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതി രാജേന്ദ്രൻ സുബ്ബയ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. സുബ്ബയ്യയുടെ വീട്ടിൽ തേങ്ങാ പൊതിക്കുകയുംനെല്ലുണക്കുകയും തുടങ്ങി ചെറിയ ജോലികളും ചെയ്ത് കൊടുത്തിരുന്നു.
2014 ഡിസംബർ ഒന്നിന് രാജേന്ദ്രൻ സുബ്ബയ്യയെ ഫോണിൽ വിളിച്ച് തനിക്ക് ഓഹരി വിപണിയിൽ നിന്ന് കിട്ടാനുള്ള 35 ലക്ഷം രൂപ കിട്ടിയെന്നും അത് നിങ്ങളുടെ വീട്ടിൽ സൂക്ഷിക്കണമെന്നും അതിന് കമിഷൻ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. അന്ന് വൈകീട്ട് തിരുനെൽവേലിയിലെ ഓഫീസിൽ നിന്ന് ഇറങ്ങിയ സുബ്ബയ്യ തന്റെ ഇരുചക്ര വാഹനം സൂക്ഷിക്കുന്ന കാവൽകിണറിലിറങ്ങി. അവിടെ രാജേന്ദ്രൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സുബ്ബയ്യ തന്റെ ഇരുചക്ര വാഹനവുമെടുത്ത് രാജേന്ദ്രനെ പിറകിലിരുത്തി രാത്രി ഏഴോടെ കാവൽക്കിണർ കണ്ണപ്പനല്ലൂർ റോഡിലെ വിജനമായ സ്ഥലത്തെത്തി. അവിടെവച്ച്രാജേന്ദ്രൻ തന്റെ സോക്സിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് സുബ്ബയ്യയുടെ കഴുത്തറുത്തു. ബൈക്കിൽ നിന്ന് ചരിഞ്ഞ് വീണ സുബ്ബയ്യയെ കുത്തിയും വെട്ടിയും ദാരുണമായി കൊലപ്പെടുത്തി.
സുബ്ബയ്യയുടെ കൈയിൽ കിടന്നിരുന്ന ഏഴരഗ്രാം വരുന്ന സ്വർണ മോതിരവും സുബ്ബയ്യയുടെ തന്നെ മൊബൈൽ ഫോണും മോഷണം ചെയ്ത ശേഷം മൃതദേഹം അടുത്തുള്ള കുറ്റികാട്ടിൽ ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട കത്തിയുമായി സുബ്ബയ്യയുടെ ഇരുചക്ര വാഹനവുമെടുത്ത് അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ഭാര്യ വാസന്തിയെ വിളിച്ച് ‘സുബ്ബയ്യ ചേട്ടൻ സ്കൂട്ടർ ഓടിക്കുകയാണെന്നും 35 ലക്ഷം രൂപയുമായി വീട്ടിലേക്ക് വരുന്നുണ്ടെന്നും വീട്ടിലെ ലൈറ്റുകൾ എല്ലാം അടച്ച് മുൻവശത്തെ ഗേറ്റ് തുറന്ന് വെക്കാനും‘ രാജേന്ദ്രൻ പറഞ്ഞിരുന്നു.
രാത്രി എട്ടോടെ വീട്ടിലെത്തിയപ്പോൾ സുബ്ബയ്യയുടെ ഭാര്യ വാസന്തിയും വളർത്തുമകൾ അഭിശ്രീയും വീടിന്റെ മുൻവശത്തെ പടിയിൽ ഇരിക്കുകയായിരുന്നു.രാജേന്ദ്രനെ കണ്ടപ്പോൾ ചേട്ടനെവിടെയെന്ന് വാസന്തി ചോദിച്ചു. പിന്നിൽ പണവുമായി വരുന്നുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് കയറിയ രാജേന്ദ്രൻ വളർത്തുമകളായ അഭിശ്രീയോട് കുടിക്കാൻ വെള്ളം ചോദിച്ചു.
വെള്ളമെടുക്കാൻ വീട്ടിനുള്ളിലേക്കു കയറിയപ്പോൾ വാസന്തിയെ തറയിൽ തള്ളിയിട്ട് സുബ്ബയ്യയെ കൊല്ലാനുപയോഗിച്ച അതേ കത്തി കൊണ്ട് തന്നെ മാറി മാറി കുത്തി ദാരുണമായി കൊലപ്പെടുത്തി. വെള്ളം കൊണ്ട് വന്ന അഭിശ്രീ അമ്മയെ തെരഞ്ഞപ്പോൾ അതേ കത്തി കൊണ്ട് തന്നെ തലമുടി പിടിച്ച് വലിച്ച് കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി. ഇരുവരുടെയും മൃതദേഹങ്ങൾ വീടിനടുത്തുള്ള ചെടികൾക്കിടയിലേക്ക് വലിച്ചിഴച്ച് രണ്ട് സാരി എടുത്ത് രണ്ട് പേരെയും വെവ്വേറെ പൊതിഞ്ഞ് ഒളിപ്പിച്ചു.
വീടിനുള്ളിൽ കയറി 93 പവൻ സ്വർണാഭരണങ്ങൾ കവർന്ന്സുബ്ബയ്യയുടെ ഇരുചക്ര വാഹനത്തിൽ രക്ഷപെട്ടു. അടുത്ത ദിവസം വീട്ടിലെത്തിയ സുബ്ബയ്യയുടെ സഹോദരന്റെ മകൾ മണിമേഖലയാണ് കൊലപാതക വിവരം പുറത്തറിയിച്ചത്. സുബ്ബയ്യയുടെ വീട്ടിൽ എന്താണ് സംഭവിച്ചത് എന്ന കാര്യം തിരക്കാൻ തടിച്ച്കൂടിയ ഗ്രാമവാസികളോടൊപ്പം രാജേന്ദ്രനും മുമ്പിൽ തന്നെയുണ്ടായിരുന്നു. കൊല്ലപ്പെട്ട് ഏഴാം നാളാണ് സുബ്ബയ്യയുടെ മൃതദേഹം കണ്ട് കിട്ടിയത്.
ആരൽവാമൊഴി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2014 ഡിസംബർ 27ന് രാജേന്ദ്രൻ അറസ്റ്റിലായി. തുടർന്ന് അന്വേഷണം നാഗർകോവിൽ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഗൂഡാലോചന കുറ്റത്തിന് രാജേന്ദ്രനോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താൻ വൈകിയത് കാരണം കൃത്യസമയത്ത് പൊലീസ് കുറ്റപത്രം നൽകാത്തതിനെ തുടർന്ന് 2015 ഡിസംബറിൽ രാജേന്ദ്രൻ ജയിലിൽ നിന്ന് പുറത്തിറങ്ങി.
കേസിൽ നിർണായകമായത് ചുമരിൽ പതിഞ്ഞ രക്തം
തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലകേസിൽ നിർണായകമായത് ചുമരിൽ പതിഞ്ഞ രക്തം. അക്രമം തടയാനുള്ള വിനീതയുടെ ശ്രമത്തിനിടയിൽ രാജേന്ദ്രന്റെ വലത് കൈയിലെ വിരലുകൾക്ക് മുറിവേറ്റിരുന്നു. കൊലനടത്തി കവർന്നെടുത്ത സ്വർണ്ണമാലയുമായി മടങ്ങുമ്പോൾ ദൈവത്തിന്റെ കൈയൊപ്പ് പോലെ രാജേന്ദ്രന്റെ വിരലുകളിലെ രക്തം കൊല നടത്തിയ സ്ഥലത്തെ ചുമരിൽ പതിഞ്ഞിരുന്നു.
കൃത്യസ്ഥലത്തെ ചുമരിൽ നിന്ന് സയന്റിഫിക് അസിസ്റ്റന്റ് സുനിത കൃഷ്ണൻ ശേഖരിച്ച രക്തസാമ്പിളുകളിലും പ്രതിയിൽ നിന്ന് കണ്ടെടുത്ത കത്തിയിലും കണ്ടെത്തിയത് രാജേന്ദ്രന്റെയും വിനീതയുടേയും രക്തമാണന്ന് ഫോറൻസിക് ഡി.എൻ.എ പരിശോധനയിൽ കണ്ടെത്തിയത് നിർണായക തെളിവായി.
കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി പേരൂർക്കടയിൽ രാജേന്ദ്രൻ ജോലി ചെയ്ത ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. മുറിയിലെ വാഷ്ബെയ്സിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. കൊല നടന്ന സമയത്ത് പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് മുട്ടടയിലുള്ള കോർപറേഷൻ വക അലപ്പുറം കുളത്തിൽ നിന്നും ഫയർഫോഴ്സ് സ്കൂബ ഡൈവേഴ്സും മുങ്ങൽ വിദഗ്ദ്ധരും കണ്ടെടുത്തിരുന്നു.
സഹായകമായത് സാഹചര്യ തെളിവുകളും ശാസ്ത്രീയതെളിവുകളും
തിരുവനന്തപുരം: ദൃക്സാക്ഷികളാരും ഇല്ലാതിരുന്ന അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രോസീക്യൂഷന് സഹായകമായത് സാഹചര്യ തെളിവുകളും, ശാസ്ത്രീയമായ തെളിവുകളും, സൈബർ ഫോറൻസിക് തെളിവുകളുമാണ്. കൃത്യത്തിന് മുമ്പും ശേഷവുമുള്ള രാജേന്ദ്രന്റെ സഞ്ചാരപദങ്ങൾ നഗരത്തിലെ സി.സി ടി.വി കാമറകളിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 11 പെൻഡ്രൈവുകളിലാക്കി പ്രോസീക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
വിനീതയുടെ സ്വർണമാല, രാജേന്ദ്രൻ ധരിച്ചിരുന്ന രക്തം പുരണ്ട ഷർട്ട്, കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന കത്തി എന്നിവ കണ്ടെടുക്കുന്നതുൾപ്പടെയുള്ള ഏഴ് ഡി.വി.ഡി ദൃശ്യങ്ങളും അടങ്ങിയ 68 ലക്ഷ്യം വകകൾ പ്രോസീക്യൂഷൻ ഹാജരാക്കിയിരുന്നു. വിനീതയുടെ മാതാവ് രാഗിണി സഹോദരൻ വിനോദ്, ടാബ്സ് അഗ്രി ക്ലിനിക് ഉടമ തോമസ് മാമൻ ഉൾപ്പടെ 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. 222 രേഖകളും ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് എം. സലാഹുദീന്, ദേവിക മധു, ജെ. ഫസ്ന, ഒ.എസ്. ചിത്ര എന്നിവർ ഹാജരായി. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന ജി. സ്പർജൻ കുമാറിന്റെ മേല്നോട്ടത്തില് കന്റോൺമെന്റ് എ.സിയായിരുന്ന വി.എസ്. ദിനരാജ്, പേരൂര്ക്കട സി.ഐ വി. സജികുമാര്, ജുവനപുടി മഹേഷ്, സബ് ഇൻസ്പക്ടർമാരായ എസ്. ജയകുമാർ, ആർ. അനിൽകുമാർ, മീന എസ്. നായർ, സീനിയർ സിവിൽ പൊലീസുകരായ ആർ. പ്രമോദ്, നൗഫൽ റഫീഖ്, ഷംനാദ്, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങൾ തമിഴ്നാട്ടിൽ ചെയ്തശേഷം ജാമ്യത്തിൽ കഴിയവെയാണ് പ്രതി പേരൂർക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്നാട് തിരുനെൽവേലി ആരുൽവാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്ത് മകൾ അഭിശ്രീ (13) എന്നിവരെ കൊലപെടുത്തി 95ഗ്രാം സ്വർണാഭരണം കവർച്ച നടത്തിയ കേസിലും രാജേന്ദ്രൻ പ്രതിയാണ്. അതിന്റെ വിചാരണ നാഗർകോവിൽ സെഷൻസ് കോടതിയിൽ നടന്നു വരുന്നു. ഉന്നതബിരുദ്ധധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്.
അമ്പലമുക്ക് വിനീത കൊലക്കേസ്: നാൾവഴി
- 06-02-2022 ഞായർ
- ലോക്ഡൗൺ, രാവിലെ 10.20ന് പ്രതി രാജേന്ദ്രൻ താൻ ജോലി ചെയ്യുന്ന പേരൂർക്കടയിലെ ടീസ്റ്റാളിലെത്തി പ്രഭാത ഭക്ഷണം കഴിച്ചു, തൊട്ടടുത്തുള്ള തന്റെ താമസ സ്ഥലത്തേക്ക് മടങ്ങി പോകുന്നു.
- 11.29 രാജേന്ദ്രൻ കറുത്ത പാന്റും വെള്ള ഫുൾ സ്ലീവ് ഷർട്ടും ധരിച്ച് മുഖത്ത് കറുത്ത മാസ്കും തലയിൽ കെട്ടുമായി അമ്പലമുക്ക് ജങ്ഷനിൽ നിന്ന് മുട്ടട- കുറവൻ കോണം ഭാഗത്തേക്കുള്ള റോഡിലേക്ക് നടക്കുന്നു.
- 11.32 കുറവൻ കോണം - മുട്ടട റോഡുകൾ രണ്ടായി തിരിയുന്ന സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി കൊല നടന്ന ടാബ്സ് അഗ്രി ക്ലിനിക് അലങ്കാര ചെടി വിൽപനശാല സ്ഥിതി ചെയ്യുന്ന കുറവൻ കോണം ഭാഗത്തേക്ക് പോകുന്നു.
- 11.33 അലങ്കാര ചെടി വിൽപനശാലയുടെ സമീപത്തുള്ള ചൈതന്യ വീടിന് മുന്നിലൂടെ നടന്ന് കൃത്യ സ്ഥലത്ത് പ്രവേശിച്ച് കൊലപാതകം നടത്തിയ ശേഷം കവർന്നെടുത്ത സ്വർണ്ണമാലയുമായി 11.52 ന് അതേ വീടിന് മുന്നിലൂടെ മടങ്ങി പോകുന്നു. (അക്രമം തടയാനുള്ള വിനിതയുടെ ശ്രമത്തിനിടയിൽ രാജേന്ദ്രന്റെ വലത്കൈക്ക് പരിക്കേറ്റിരുന്നു.)
- 11.54 രക്തം പുരണ്ട ഷർട്ടുമായി രാജേന്ദ്രൻ വീണ്ടും സാന്ത്വനം ആശുപത്രി ജങ്ഷനിലെത്തി ഒരു ഓട്ട റിക്ഷ കൈകാണിച്ച് കയറി മുട്ടട റോഡിലെ കോർപറേഷൻ വക അലപ്പുറം കുളത്തിന് സമീപമിറങ്ങുന്നു
- 12.03 രക്തം പുരണ്ട ഷർട്ട് അലപ്പുറം കുളത്തിൽ ഉപേക്ഷിച്ച്,ഷർട്ടിനടിയിലുണ്ടായിരുന്ന ടീ-ഷർട്ടും ധരിച്ച് മുട്ടട പ്രൈമറി ഹെൽത്ത് സെന്ററിന് സമീപമെത്തുന്നു.
- 12.06 ഹെൽത്ത് സെന്ററിന് സമീപത്ത് നിന്നും ഒരു സ്കൂട്ടർ യാത്രക്കാരനെ കൈ കാണിച്ച് ഇദ്ദേഹത്തോടൊപ്പം സ്കൂട്ടറിന്റെ പിറകിലിരുന്ന് പരുത്തിപ്പാറ ഭാഗത്തേക്ക് സഞ്ചരിക്കുന്നു.
- 12.11 ന് പരുത്തിപ്പാറ വഴി കേശവദാസപുരത്തേക്കും 12.13 ന് കേശവദാസപുരം - ഉള്ളുർ റോഡേ ഇതേ സ്കൂട്ടറിൽ സഞ്ചരിച്ച് ഉള്ളൂർ ജങ്ഷനിലിറങ്ങുന്നു.
- 12.16 പ്രതി അവിടെ നിന്നും മറ്റൊരു ഓട്ടോയിൽ കയറി വീണ്ടും കേശവദാസപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നു.
- 12.18 ന് രാജേന്ദ്രനെയും കൊണ്ട് ഓട്ടോറിക്ഷ കേശവദാസപുരത്തെ ഭാരത് പെട്രോൾ പമ്പിൽ കയറി ഓട്ടോയിൽ പെട്രോൾ ഒഴിച്ചതിന് ശേഷം 12.38 ന് രാജേന്ദ്രന്റെ താമസ സ്ഥലമായ പേരൂർക്കട ജില്ല ആശുപത്രിക്ക് സമീപമുള്ള ഇ.എസ്.ഐ ആശുപത്രിക്ക് മുൻവശമിറങ്ങി താമസ സ്ഥലത്തേക്ക് പോകുന്നു.
- രാത്രി 7.40 കൊലപാതക സമയത്ത് കൈയ്യിലേറ്റ മുറിവിന് ചികിത്സ തേടി പേരൂർക്കട ജില്ല ആശുപത്രിയിലെത്തുന്നു.
- 07-02-2022 തിങ്കൾ
- രാവിലെ എട്ടിന് സ്വദേശമായ തമിഴ്നാട്ടിലെ കാവൽ കിണറിലേക്ക് കടക്കുന്നു. ഉച്ചക്ക് രണ്ട് മണിക്ക് അഞ്ചു ഗ്രാമത്തുള്ള ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വിനീതയുടെ സ്വർണ്ണ മാല 95000/- രൂപക്ക് പണയം വയ്ക്കുന്നു.
- അന്നേദിവസം വൈകുന്നേരം മൂന്നിന് കാവൽ കിണറിലുള്ള ഇന്ത്യൻ ബാങ്കിന്റെ പെരുങ്കുഴി ബ്രാഞ്ചിലെത്തി ഓൺലൈൻ മാർക്കറ്റിങ് കമ്പനിയിലേക്ക് 32000 രൂപ നിക്ഷേപിക്കുന്നു.
- 11-02-2022 രാവിലെ 10ന് കാവൽ കിണറിലെ സ്വകാര്യ ലോഡ്ജിൽ നിന്നും രാജേന്ദ്രനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുക്കുന്നു.
- (നഗരത്തിലെ വിവിധ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ രാജേന്ദ്രന്റെ സഞ്ചാരപഥങ്ങളിലെ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത് വിചാരണ സമയത്ത് കോടതി ഹാളിൽ പ്രദർശിപ്പിച്ചിരുന്നു.)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.