സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണശ്രമം
text_fieldsക്ഷേത്രത്തിലെത്തിയ മോഷ്ടാവിന്റെ സിസിടിവിയിൽ തെളിഞ്ഞ ദൃശ്യം
ബാലരാമപുരം: ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട് മോഷണശ്രമം. ബാലരാമപുരം തലയൽ ശ്രീ ഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്നെത്തിയ ആളാണ് സെക്യൂരിറ്റി ജീവനക്കാരനെ റൂമിൽ പൂട്ടിയിട്ട് മോഷണ ശ്രമം നടത്തിയത്.
ക്ഷേത്രത്തിലെ ഉപദേവനായ ശ്രീ ശാസ്ത ക്ഷേത്രത്തിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകടന്നെങ്കിലും വിലപിടിപ്പുള്ള ഒന്നും ഇല്ലാതിരുന്നതിനാൽ യാതൊന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രി 11 ഓടെയാണ് മോഷ്ടാവ് മതിൽ ചാടിക്കടന്നെത്തിയത്. 45 മിനിട്ടോളം ക്ഷേത്ര വളപ്പിൽ ചെലവഴിച്ച് പരിസരം നിരീക്ഷിച്ച ശേഷമാണ് മതിൽ ചാടിക്കടന്ന് തിരികെ പോയത്. മോഷ്ടാവ് എത്തിയതും പോയതും സെക്യൂരിറ്റി ജീവനക്കാരൻ അറിയുന്നത് രാവിലെയാണ്.
ദേവസ്വം ബോർഡിന്റെ രണ്ട് സെക്യൂരിറ്റി ജീവനക്കാരുള്ള ക്ഷേത്രത്തിൽ പതിവായി ഒരാൾ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടാവുക. ഇന്നലെ ഡ്യൂട്ടിക്കെത്തിയയാൾ രാത്രി 10.30ഓടെ ഉറങ്ങാൻ കിടന്നു. ഇതിന് ശേഷമാണ് മോഷ്ടാവെത്തി മുറി പുറത്തുനിന്ന് പൂട്ടിയത്. രാവിലെ ഉണർന്ന സെക്യൂരിറ്റി ജീവനക്കാരൻ പുറത്തിറങ്ങാൻ കഴിയാത്തതിനെ തുടർന്ന് മറ്റ് ക്ഷേത്ര ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
സി.സി ടി.വി പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് ക്ഷേത്രത്തിൽ കയറിയ വിവരം അറിയുന്നത്. മുഖം മൂടി ധരിക്കാതെയാണ് മോഷ്ടാവ് മതിൽ ചാടിക്കടന്നെത്തിയത്. സ്വർണ കൊടിമരമുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുള്ള ക്ഷേത്രമാണിത്. ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.