ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ 45 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsഹിത കൃഷ്ണ
ആറ്റിങ്ങൽ: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ 45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് കൊല്ലങ്കോട് കവലക്കോട് കിഴ്പട ഹൗസിൽ ഹിതകൃഷ്ണയാണ് (30) പിടിയിലായത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന അക്യൂമൻ കാപിറ്റൽ മാർക്കറ്റ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയാണെന്ന് ധരിപ്പിച്ച് ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശിയായ കിരൺകുമാറിൽനിന്ന് ഷെയർ മാർക്കറ്റും ഓൺലൈൻ ട്രേഡിങ്ങും നടത്തി ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2022 ഏപ്രിൽ 30നായിരുന്നു സംഭവം.
ആറ്റിങ്ങൽ പൊലീസ് കേസ് എടുത്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി തിരുവനന്തപുരം ജില്ല കോടതിയിലും കേരള ഹൈകോടതിയിലും മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ജാമ്യം നിഷേധിച്ചതിനെതുടർന്ന് അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. അടുത്തിടെ കൊച്ചിയിൽ എത്തിയെന്ന് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ.ജി, എസ്.ഐ ജിഷ്ണു എം.എസ്, പൊലീസുകാരായ പ്രശാന്ത് എസ്.പി, പ്രശാന്ത് എസ്, അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ട്രേഡിങ്ങിലൂടെ പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിനകത്തും പുറത്തുമുള്ള നിരവധിപേരിൽനിന്ന് പണം തട്ടിയെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.