ആറ്റിങ്ങൽ മേഖലയിൽ അപകടഭീഷണി ഉയർത്തി ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ
text_fieldsആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്ന്
ആറ്റിങ്ങൽ: പഴക്കം ചെന്ന കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നു. സർക്കാർ ആശുപത്രികൾ, പൊതു വിദ്യാലയങ്ങൾ, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിലെല്ലാം ഉപേക്ഷിച്ച ഇത്തരം കെട്ടിടങ്ങൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. ഏത് നിമിഷവും തകർന്നുവീണ് അപകടങ്ങൾക്ക് കാരണമാകുംവിധമാണ് ഇവ സ്ഥിതിചെയ്യുന്നത്. നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിയതോ അധികൃതർ ശ്രമിക്കാത്തതോ കാരണമാണ് പൊളിച്ചുമാറ്റൽ നീളുന്നത്. കോട്ടയത്ത് ആശുപത്രി വളപ്പിലെ പഴയ കെട്ടിടം തകർന്നുവീണ വീട്ടമ്മ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇത്തരം കെട്ടിടങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു.
മുനിസിപ്പൽ കോളനി കെട്ടിടങ്ങൾ
ആറ്റിങ്ങൽ നഗരസഭ പതിറ്റാണ്ടുകൾക്കുമുമ്പ് സ്വന്തം ജീവനക്കാർക്ക് താമസസൗകര്യത്തിന് സമീപത്തെ നഗരസഭഭൂമിയിൽ നിരവധി വീടുകൾ നിർമിച്ചിരുന്നു. ഇവയതിൽ ആദ്യം ജീവനക്കാർ താമസിക്കുകയും പിൽക്കാലത്ത് വിരമിച്ച ജീവനക്കാരും കുടുംബാംഗങ്ങളും കൈയടക്കുകയുമായിരുന്നു.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ സർക്കാർ ഭൂമികളിലെ കൈയേറ്റം ഒഴിപ്പിക്കുന്ന സമയത്ത് അന്നത്തെ നഗരസഭ കൗൺസിൽ മുൻകൈയെടുത്ത് ഈ കെട്ടിടങ്ങളും ഒഴിപ്പിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് അപകടഭീഷണിയിലായ ഇവ ഏതു നിമിഷവും നിലം പതിക്കാം.
ഗവ. ഗേൾസ് എച്ച്.എസ്.എസ് കെട്ടിടം
ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ആദ്യകാല കെട്ടിടങ്ങളിൽ രണ്ടെണ്ണം വർഷങ്ങളായി ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിലാണ്. കാലപ്പഴക്കം കൊണ്ട് അപകട ഭീഷണി ഉയർത്തിയതോടെയാണിത്. മേൽക്കൂരയിലെ ഓടുകൾ ഉൾപ്പെടെ ഇളകി വീഴുകയും പൂർണമായും ചേർന്നൊലിക്കുകയും ചെയ്തതോടെ കെട്ടിടം ഉപേക്ഷിച്ച് ക്ലാസ് മുറികൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റി. തിരുവിതാംകൂറിന്റെ ചിഹ്നങ്ങളും രേഖപ്പെടുത്തലുകളുമുള്ള കെട്ടിടങ്ങൾ നൂറ്റാണ്ടിലേറെ പഴക്കമുള്ളവയാണ്.
ചിറയിൻകീഴ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഷോപ്പിങ് കോംപ്ലക്സ് മന്ദിരം ചിറയിൻകീഴിൽ ഭീഷണിയായിട്ട് നാളേറെയായി. ഏറ്റവും തിരക്കേറിയ ഭാഗമായ വലിയകട ജങ്ഷനിലാണ് ആറ്റിങ്ങൽ റോഡിന് സമാന്തരമായി മന്ദിരമുള്ളത്. കെട്ടിടത്തിന്റെ ഒരുവശത്ത് പ്രധാന പാതയും മറുവശത്ത് പൊതുചന്തയുമാണ്.
മാർക്കറ്റ് നവീകരിക്കുമ്പോൾ കെട്ടിടം പൊളിച്ചുനീക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുതിയ മാർക്കറ്റ് കെട്ടിടം പ്രവർത്തനമാരംഭിച്ച് വർഷങ്ങളായിട്ടും പഴയ കെട്ടിടം നീക്കംചയ്തിട്ടില്ല. കെട്ടിടം പൊളിച്ചു നീക്കുന്നതിന് ആദ്യം തടസ്സമായിരുന്നത് കച്ചവടം നടത്തിയിരുന്ന വ്യാപാരികളായിരുന്നു. ഇത് നിയമക്കുരുക്കിൽപെട്ട് നീണ്ടു. വ്യാപാരികൾ തന്നെ ഉപേക്ഷിച്ചിട്ടും കെട്ടിടം പൊളിച്ചുനീക്കുന്നതിന് അധികൃതർക്കാകുന്നില്ല.
താലൂക്ക് ആശുപത്രിയിലെ എക്സ്-റേ യൂനിറ്റ് കെട്ടിടം
ആറ്റിങ്ങൽ വലിയകുന്ന് ഗവ. താലൂക്കാശുപത്രിയിൽ എക്സറേ യൂനിറ്റ് സ്ഥാപിക്കാൻ പതിറ്റാണ്ടുകൾക്കുമുമ്പ് സ്ഥാപിച്ച കെട്ടിടം അപകട ഭീഷണിയിലാണ്. നിർമാണത്തിലെ പാകപ്പിഴ കാരണം ഇവിടെ എക്സ്-റേ യൂനിറ്റ് സ്ഥാപിക്കാൻ കഴിഞ്ഞില്ല.
ദീർഘകാലം അടച്ചിടുന്ന കെട്ടിടം പിന്നീട് മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. നിലവിൽ ഒരു പതിറ്റാണ്ടിലേറെക്കാലമായി ഈ കെട്ടിടം ഉപയോഗശൂന്യമാണ്. കിടത്തി ചികിത്സയിലുള്ളതും പ്രസവശുശ്രൂഷക്ക് എത്തുന്നതുമായ രോഗികളുടെ കൂട്ടിരിപ്പുകാരും വസ്ത്രങ്ങൾ കഴുകി ഉണക്കുന്നതിന് ഈ കെട്ടിടത്തിന് അരികിൽ പോകാറുള്ളതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇവർക്കാർക്കുംതന്നെ കെട്ടിടത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ച് ധാരണയില്ല. മഴക്കാലത്ത് പൂർണമായും ചോർന്നൊലിച്ച് കൂടുതൽ ബലക്ഷയത്തിലാണ് ഈ കെട്ടിടം.
ഗവ. മോഡൽ എച്ച്.എസ്.എസിലെ പൈതൃക മന്ദിരവും ന്യൂ ഹാളും
ആറ്റിങ്ങൽ ഗവ. മോഡല് എച്ച്.എസ്.എസ് പൈതൃക മന്ദിരം കാലപ്പഴക്കം കൊണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സ്കൂളിന്റെ പ്രധാന ഓഫിസുകൾ പ്രവർത്തിച്ചിരുന്നത് ഈ മന്ദിരത്തിലാണ്. പിന്നീട് പുനരുദ്ധാരണം സാധ്യമാകാതെ കെട്ടിടം ഉപേക്ഷിക്കപ്പെട്ടു. തുടർന്ന് ഓഫിസുകളെല്ലാം ഇതര കെട്ടിടങ്ങളിലേക്ക് മാറ്റി.
ഇതേ കെട്ടിടത്തെ അരികിലുള്ള ന്യൂഹാൾ മന്ദിരം ഒരു പതിറ്റാണ്ടിലേറെക്കാലമായി ഉപേക്ഷിച്ച നിലയിലാണ്. ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ് മേൽക്കൂര. ഇവക്ക് സമീപത്തായി ഉണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള മറ്റൊരു കെട്ടിടം ദീർഘകാല ആവശ്യപ്പെടലുകൾക്ക് ഒടുവിൽ സമീപകാലത്ത് പൊളിച്ചുനീക്കിയിരുന്നു. നൂറ്റാണ്ടോളം പഴക്കമുള്ള പ്രധാന കെട്ടിടം പൈതൃക പ്രാധാന്യം കണക്കിലെടുത്ത് പുനരുദ്ധരിച്ച് സംരക്ഷിക്കണമെന്ന് പൂർവ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നാണ് ആറ്റിങ്ങൽ ഗവ. മോഡൽ എച്ച്.എസ്.എസ്. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ ഈ കെട്ടിടത്തിന് ചുറ്റും നൂറുകണക്കിന് കുട്ടികളുടെ സാന്നിധ്യമുണ്ട്.
രണ്ട് കെട്ടിടത്തിന്റെയും വരാന്തകളിൽ വിദ്യാർഥികൾ വന്നിരിക്കാറുമുണ്ട്. ഈ കെട്ടിടങ്ങൾ രക്ഷിതാക്കളെയും ആശങ്കാകുലരാക്കുന്നുണ്ട്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് നഗരസഭ ഭരണകൂടത്തോട് പലതവണ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.