മുഖ്യമന്ത്രിയുടെ റോഡ് ഷോ, ചുവപ്പിന്റെ പ്രവാഹം; തെരഞ്ഞെടുപ്പ് ചൂട് നിറഞ്ഞ് വാർഷിക സമാപനം
text_fieldsതിരുവനന്തപുരം: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തെരഞ്ഞെടുപ്പ് ചൂടിന്റെ പ്രതീതി നിറച്ചും ചുവപ്പിന്റെ പ്രവാഹത്തിൽ സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് സമാപനം. സെക്രട്ടേറിയറ്റിൽനിന്ന് സമ്മേളനനഗരിയായ പുത്തരിക്കണ്ടം മൈതാനത്തേക്ക് തുറന്ന ജീപ്പിൽ മുഖ്യമന്ത്രിയുടെ റോഡ്ഷോയോടെയാണ് സമാപനചടങ്ങുകൾ തുടങ്ങിയത്.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാറിന്റെ വാർഷിക പരിപാടി എന്നതിനൊപ്പം തെരഞ്ഞെടുപ്പ് വർഷത്തിൽ എൽ.ഡി.എഫിന്റെ രാഷ്ട്രീയപരിപാടി എന്ന ഇരുമുഖ സ്വഭാവമായിരുന്നു സമാപന സമ്മേളനത്തിന്. റോഡ്ഷോക്ക് അകമ്പടിയായുള്ള റാലി എൽ.ഡി.എഫ് നേതൃത്വത്തിലും റെഡ്വളന്റിയർമാരുടെ സാന്നിധ്യത്തിലുമായിരുന്നെങ്കിൽ വാർഷികാഘോഷ സമാപനചടങ്ങിന് സ്വാഗതം പറഞ്ഞത് ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകും. മുഖ്യമന്ത്രി പിണറായി വിജയൻ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. നവകേരളമെന്നത് ഏതെങ്കിലും കാലത്ത് ഉണ്ടാകേണ്ട സങ്കൽപമല്ലെന്നും വർത്തമാനകാലത്ത് സംഭവിക്കേണ്ട യാഥാർഥ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എല്ലാ മനുഷ്യരും വികസനത്തിന്റെ സ്വാദ് അനുഭവിക്കണമെന്നതാണ് സർക്കാറിന്റെ കാഴ്ചപ്പാട്. എല്ലാ പ്രദേശവും വികസനത്തിന്റെ സ്പർശമേൽക്കും വിധമുള്ള ഇടപെടലാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിപയും ഓഖിയും മഹാപ്രളയവും അതിരൂക്ഷമായ കാലവർഷക്കെടുതിയുമെല്ലാം നേരിട്ട് നിവർന്ന് നിൽക്കാൻ തുടങ്ങുമ്പോഴാണ് ലോകത്തെ വിറങ്ങലിപ്പിച്ച കോവിഡ് മഹാമാരിയെത്തുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും ദുരന്തമുഖത്ത് സഹായം നൽകിയ കേന്ദ്ര സർക്കാർ കേരളത്തോട് മാത്രം പ്രത്യേക വിവേചനം കാട്ടി. കേരളീയർ എന്ന ജനവിഭാഗത്തോട് ബി.ജെ.പിക്കുള്ള പ്രതിപത്തിയുടെ ഭാഗമായിട്ടായിരിക്കാം അത്. എന്നാൽ കേരളത്തിലെ യു.ഡി.എഫ്, കേന്ദ്ര സർക്കാറിനൊപ്പം ചാരിനിൽക്കുന്ന കാഴ്ചയാണ് കണ്ടത്. നാട് രക്ഷപ്പെടരുതെന്നും തകർന്ന് നശിക്കട്ടെ എന്ന മനോഭാവമാണ് കോൺഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ, സംസ്ഥാന സർക്കാറിന്റെ നാല് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഡോ.ആർ. ബിന്ദു, വി.എൻ. വാസവൻ, സജി ചെറിയാൻ, എ.കെ. ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, കെ. കൃഷ്ണൻകുട്ടി, കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി എ. ജയതിലക്, മേയർ ആര്യാ രാജേന്ദ്രൻ, സി.പി.എം ജില്ല സെക്രട്ടറി കൂടിയായ വി. ജോയി എം.എൽ.എ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.