പൊഴി പൂർണമായി മുറിക്കാൻ ധാരണ
text_fieldsമുതലപ്പൊഴിയിലെ സമരപ്പന്തലിൽ എത്തിയ ഹാർബർ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ
സമരസമിതി ഭാരവാഹികളുമായി ചർച്ചനടത്തുന്നു
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ പൊഴി പൂർണമായി മുറിക്കാൻ മത്സ്യത്തൊഴിലാളികളുമായി ധാരണയായി. കായൽ തീരത്ത് വെള്ളം കയറി ജനങ്ങൾക്കുണ്ടാകുന്ന ദുരിതത്തെ തുടർന്നാണ് പൊഴി പൂർണമായി മുറിക്കുന്നത്. എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാറും മത്സ്യത്തൊഴിലാളികളും നടത്തിയ ചർച്ചയിലാണ് തീരുമാനം.
അഴിമുഖത്ത് കുന്നുകൂടി കിടക്കുന്ന മണൽ കൂടുതൽ എസ്കവേറ്ററുകൾ എത്തിച്ച് നീക്കംചെയ്യാനും തീരുമാനിച്ചു. ഇവ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം കാര്യക്ഷമമാണെന്ന് ബോധ്യപ്പെട്ട ശേഷമേ അനിശ്ചിതകാല സമരം അവസാനിപ്പിക്കൂവെന്ന് സമരസമിതി അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയർ സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയത്.
പൊഴി മൂടിക്കിടക്കുന്നതിനാൽ വിവിധ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. പൊഴി മുറിക്കാൻ സർക്കാർ ശ്രമം പലതവണ നടത്തിയെങ്കിലും സമരസമിതി തടസ്സപ്പെടുത്തുകയായിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും വീടുകൾ അപകടാവസ്ഥയിലാവുകയും ചെയ്തതോടെ സമരസമിതിക്കെതിരെ ജനരോഷം രൂപപ്പെട്ടു. പൊഴി മുറിക്കാൻ സമരസമിതി അനുവദിക്കാത്തതാണ് തങ്ങളുടെ വീടുകൾ വെള്ളം കയറുന്നതിന് കാരണമായതെന്ന് ഇവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പൊഴി പൂർണമായി മുറിക്കുന്നതിന് ധാരണയായത്.
നടക്കുന്നത് രാഷ്ട്രീയ നാടകങ്ങളെന്ന് എം.എൽ.എ
മുതലപ്പൊഴി അഴിമുഖത്ത് മണൽതിട്ട രൂപപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും ജോലിക്ക് പോകാൻ സാധിക്കാതെ വന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിക്ഷേധത്തെ സർക്കാർ ഗൗരവത്തോടെയാണ് കണ്ടതെന്ന് വി. ശശി എം.എൽ.എ. മണൽ തിട്ട നീക്കംചെയ്യുന്നതിന് സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്തു. എന്നാൽ, രാഷ്ട്രീയ താൽപര്യം മുൻനിർത്തി നടത്തിയ നാടകങ്ങളാണ് അവിടെ നടത്തുവരുന്നത്. കഴിഞ്ഞദിവസം തന്റെ ഓഫിസിന് മുന്നിൽ നടന്ന പ്രകടനവും അക്രമവും കോൺഗ്രസിന്റെ രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എം.എല്‍.എ ഓഫിസിനുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധം
എം.എൽ.എ ഓഫിസിനുനേരെ ഉണ്ടായ അക്രമത്തിൽ മുതലപ്പൊഴിയിൽ സി.ഐ.ടി.യു നേതൃത്വത്തിലും ചിറയിൻകീഴിൽ സി.പി.ഐ നേതൃത്വത്തിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. മുതലപ്പൊഴി അഴിമുഖത്ത് മണല്‍ നീക്കംചെയ്യുന്നതില്‍ എം.എല്‍.എ ഇടപെടുന്നില്ലയെന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് ഓഫിസിനുനേരെ ആക്രമണമുണ്ടായത്. അക്രമം നടത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി. റ്റൈറ്റസ് ആവശ്യപ്പെട്ടു.
സി.ഐ.ടി.യു നേതൃത്വത്തിൽ മുതലപ്പൊഴിയിൽ അടൂർ പ്രകാശ് എം.പിയുടെ കോലം കത്തിക്കുന്നു
എംഎൽഎ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പെരുമാതുറ യൂനിറ്റിന്റെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. സമരക്കാർ അടൂർ പ്രകാശ് എം.പിയുടെ കോലം കത്തിച്ചു. പൊഴിയിലെ സി.ഐ.ടി.യു ഓഫിസിൽനിന്ന് ആരംഭിച്ച് ബീച്ച് റോഡ്, പെരുമാതുറ ജങ്ഷൻ വഴി പെരുമാതുറ പാലത്തിൽ സമാപിച്ചു. തോപ്പിൽ നജീബ് ഉദ്ഘാടനം ചെയ്തു. എ.ആർ. നജീബ് അധ്യക്ഷത വഹിച്ചു. എം.എസ്. ഇക്ബാൽ, അജി തോപ്പിൽ, മത്ലഖ്, ഈസാ മോൻ, അനസ് അമാൻ, ശാക്കർ സലീം, ഹസ്സൻ, യാക്കൂബ്, ഖുർഷിദ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.