പൊഴി മുറിച്ചുതുടങ്ങി, വെള്ളപ്പൊക്ക ഭീഷണി തുടരുന്നു
text_fieldsമുതലപ്പൊഴിയിൽ പൊഴിമുറിക്കുന്ന ജോലികൾ ആരംഭിച്ചപ്പോൾ
ചിറയിൻകീഴ്: മുതലപ്പൊഴിയിൽ കഴിഞ്ഞദിവസം സമരസമിതിയുമായി നടത്തിയ ചർച്ചയിലെ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ പൊഴിമുറിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. നിലവിൽ അടഞ്ഞ പൊഴിയുടെ 75 ശതമാനവും മുറിക്കും. ബാക്കി ഭാഗം പുതിയ ഡ്രഡ്ജർ എത്തിയശേഷം മാത്രമേ മുറിക്കാൻ അനുവദിക്കൂ. ഡ്രഡ്ജർ എത്തിച്ചാലും ഹാർബർ കവാടത്തിനുള്ളിലേക്ക് കടക്കണമെങ്കിൽ നിലവിലെ പൊഴി മുറിക്കേണ്ടതുണ്ട്.
ഡ്രഡ്ജർ എത്തുന്നതുവരെ കാത്തിരുന്നാൽ പൊഴിമുറിച്ച് അത്രയും മണൽ നീക്കം ചെയ്യുന്നതിന് വീണ്ടും മൂന്നു ദിവസത്തിൽ കൂടുതൽ കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് മുൻകൂട്ടി പൊഴി മുറിക്കാൻ മത്സ്യത്തൊഴിലാളി സമരസംഘടന അനുമതി നൽകിയത്. പൊഴി മുറിക്കുന്നതിനോടൊപ്പം കൂട്ടിയിട്ട മണലും നീക്കംചെയ്യും. ചന്ദ്രഗിരി ഡ്രഡ്ജർ ചൊവ്വാഴ്ച ബേപ്പൂർ പിന്നിട്ടു. വ്യാഴാഴ്ച വൈകീട്ടോടെ തീരത്ത് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കാലാവസ്ഥ പ്രതികൂലമായാൽ വീണ്ടും വൈകും.
ശക്തമല്ലെങ്കിലും വേനൽമഴ തുടരുന്ന സാഹചര്യത്തിൽ തീരമേഖലയിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. വാമനപുരം നദിയിലൂടെ ഒഴുകിവരുന്ന വെള്ളം മുതലപ്പൊഴി വഴിയാണ് കടലിൽ ചേരുന്നത്. പൊഴിമൂടിയതിനാൽ കായലിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. അഞ്ചുതെങ്ങ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ കഴിഞ്ഞദിവസം വെള്ളം കയറിയിരുന്നു. ഇറങ്ങുകടവ്, മുടിപ്പുര, കേട്ടുപുര, പുത്തൻനട, ചുടുകാട്, ലക്ഷംവീട് തുടങ്ങിയ മേഖലകളിൽ ക്രമാതീതമായി വെള്ളം ഉയർന്ന് വീടുകളുടെ പരിസരത്ത് കയറിയ നിലയിലാണ്.
ഈ ഭാഗങ്ങളിലെ റോഡുകൾ തോടുകൾക്ക് സമാനമായ അവസ്ഥയിലാണ്. ചൊവ്വാഴ്ച വക്കം പഞ്ചായത്തിലെ കുരുപ്പന്റെപണ ഗുരുമന്ദിരം പണയിൽ കടവ് ഭാഗത്ത് വെള്ളം കയറി. അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ പഞ്ചായത്തുകളുടെ കായലോര മേഖലയും ആശങ്കയിലാണ്. വ്യാഴാഴ്ചക്കുശേഷമേ പൊഴി പൂർണമായി മുറിക്കാൻ സാധിക്കൂ. അതിനാൽ കായലോര മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി ശക്തമായി നിലനിൽക്കുന്നുണ്ട്. മഴ അതിനുമുമ്പ് ശക്തമായാൽ പ്രതിസന്ധി രൂക്ഷമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.