പള്ളി മതിലില്‍ സി.പി.എം ഫ്ലക്സ് നീക്കം ചെയ്തതിന്റെ പേരിൽ ദലിത് കുടുംബത്തിന് നേരേ ആക്രമണം
text_fieldsപ്രതി ജയരാജ്
വെള്ളറട: പള്ളിയുടെ മതിലില്‍ സി.പി.എം സ്ഥാപിച്ചിരുന്ന സമ്മേളന ഫ്ലക്സ് പള്ളി നേതൃത്വം ഇടപെട്ട് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നിരപരാധികളായ ദലിത് കുടുംബത്തിലെ നാലുപേരെ മുന്‍ സി.പി.എം നേതാവ് മര്‍ദ്ദിച്ചു. പള്ളി നേതൃത്വത്തിന്റെ ആവശ്യപ്രകാരം ഫ്ലക്സ് നീക്കംചെയ്ത യുവാവുമായുള്ള സൗഹൃദമാണ് മർദ്ദനത്തിന് കാരണം.
അമ്മക്കും രണ്ടു മക്കള്‍ക്കും ബന്ധുവിനും നേരേ നടുറോഡില്‍ ജാതിപ്പേര് വിളിച്ച് അക്രമം നടത്തിയ യുവാവിനെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പെരുങ്കടവിള ആങ്കോട് കൊടിത്തറ വീട്ടില്‍ ഗിരിജ, മക്കളായ രാജേഷ്, അഭിലാഷ്, ബന്ധുവായ അഖിലേഷ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്.
പെരുങ്കടവിള ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ടൈൽസ് കടക്ക് മുന്നില്‍ വെച്ചായിരുന്നു ഇവര്‍ക്ക് നേരേ ആക്രമണമുണ്ടായത്. കടയിലുണ്ടായിരുന്ന പ്രതി ജയരാജ്, ടൈല്‍സ് പണിക്കാരനായ രാജേഷ് കടയിലെത്തിയപ്പോൾ ജാതിപ്പേര് വിളിച്ച് കഴുത്തിന് പിടിച്ച് പുറത്തെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ഇതറിഞ്ഞെത്തിയ ഇയാളുടെ അമ്മയെയും സഹോദരന്മാരെയും പ്രതി ജാതിപ്പേര് വിളിക്കുകയും മര്‍ദ്ദിക്കുകയും അമ്മയുടെ വസ്ത്രം വലിച്ചുകീറുകയും ചെയ്തെന്നാണ് പരാതി. തലക്കും കാലിനും പരിക്കേറ്റ രാജേഷ് അശുപത്രിയില്‍ ചികിത്സ തേടുകയും തുടര്‍ന്ന് രാത്രിയോടെ മാരായമുട്ടം പൊലീസില്‍ നാലുപേരും പരാതി നല്‍കുകയും ചെയ്തു.
പ്രതി പെരുങ്കടവിള അയിരൂര്‍ ചാരുംകുഴി പുത്തന്‍വീട്ടില്‍ ജോയ് എന്നുവിളിക്കുന്ന ജയരാജിനെ പിടികൂടിയ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ജയരാജിന് പാര്‍ട്ടി അംഗത്വവും ഭാരവാഹിത്വവും ഉണ്ടായിരുന്നെങ്കിലും നിലവില്‍ ഇല്ലെന്ന് സി.പി.എം. നേതൃത്വം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.