പെരുമാതുറ മുതലപ്പൊഴിയിൽ വറ്റ ചാകര തുടരുന്നു
text_fieldsചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി ഹാർബറിലെ ചാകര തുടരുന്നു. വറ്റ ഇനത്തിൽപ്പെട്ട മത്സ്യമാണ് വലിയ തോതിൽ ലഭ്യമായിരിക്കുന്നത്. കുറഞ്ഞ വിലക്ക് മുന്തിയ ഇനം മത്സ്യം ലഭിച്ചതോടെ മീൻ വാങ്ങുവാനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ചാകര ബുധനാഴ്ചയും വൈകിയും തുടരുകയാണ്. ബോട്ടുകളിൽ വൻതോതിൽ മത്സ്യം ലഭിച്ചതോടെ വലിയ വിലക്കുറവും ഉണ്ട്.
കിലോയ്ക്ക് 550 രൂപക്ക് മേൽ മാർക്കറ്റിൽ വിലയുണ്ടായിരുന്ന വറ്റ മത്സ്യം നിലവിൽ 120 രൂപ മുതൽ 150 രൂപ വരെ വിലക്കാണ് രണ്ടുദിവസമായി മുതലപ്പൊഴി ഹാർബറിൽ വിൽക്കുന്നത്. ഫ്രഷ് മത്സ്യം ഇത്രയും വിലക്കുറവിൽ ലഭിച്ചതോടെയാണ് ജനങ്ങൾ മീൻ വാങ്ങുവാൻ മുതലപ്പൊഴിയിലേക്ക് ഒഴുകിയെത്തിയത്. മത്സ്യം വാങ്ങുവാൻ വരുന്നവരുടെ തിരക്കിൽ ചൊവ്വാഴ്ച രാത്രി തീരദേശ റോഡുകൾ വലിയ ബ്ലോക്ക് അനുഭവപ്പെട്ടിരുന്നു. വലിയതോതിൽ മത്സ്യം ലഭിച്ചു എങ്കിലും വിലക്കുറവ് ബോട്ട് ഉടമകളുടെ ലാഭം കുറക്കുന്നുണ്ട്.
വലിയതോതിൽ വറ്റ മത്സ്യത്തിന്റെ ചാകര ലഭിച്ചതോടെ ബോട്ട് ഉടമകൾക്ക് പുറമേ മത്സ്യം വെട്ടി വൃത്തിയാക്കി നൽകുന്നവർക്കും ചാകര ലഭിച്ചിരിക്കുകയാണ്. മത്സ്യം വൃത്തിയാക്കി നൽകുന്നവർ അമിതവില ഈടാക്കുന്നതായാണ് ആക്ഷേപം. വറ്റയുടെ ചാകര മത്സ്യബന്ധന തൊഴിലാളികൾക്കും മത്സ്യ ഉപഭോക്താക്കൾക്കും സന്തോഷം പകർന്നിരിക്കുകയാണ്.

