കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടൽ; അഞ്ചുപേർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: അർധരാത്രിയിൽ നഗരത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം പിടിച്ചുപറിച്ച കേസിൽ അഞ്ചംഗ സംഘം അറസ്റ്റിലായി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ കാരയ്ക്കാമണ്ഡപം സ്വദേശി ദസ്തകീർ (46), റസൽപുരം കിഴക്കുംകര പുത്തൻവീട് ജിത്തുഭവനിൽ ജിത്തു (21), കൊല്ലം ഏഴുകോൺ പവിത്രേശ്വരം ബിജുഭവനിൽ ബിജു (43), വള്ളക്കടവ് മഠത്തിൽ ഹൗസിൽ ബിജു (30), കൊല്ലം കല്ലട സ്വദേശി രാജീവ് (42) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ എറണാകുളം സ്വദേശിയായ യുവാവിനെ തടഞ്ഞുനിർത്തി കത്തികാട്ടി പണവും മൊബൈൽ ഫോണും അപഹരിച്ച കേസിലാണ് നടപടി. നഗരത്തിൽ രാത്രി ജോലി കഴിഞ്ഞു മടങ്ങുന്ന യുവാക്കളുടെ സംഘത്തിന്റെ ഇരകളെന്നും എറണാകുളം സ്വദേശിയുടെ പണം തട്ടിയ അന്നുതന്നെ മറ്റൊരു യുവാവിൽ നിന്ന് മൊബൈൽ ഫോൺ അപഹരിച്ചെന്നും പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന പണം ലഹരി ഉപയോഗത്തിനും മദ്യപാനത്തിനുമാണ് ഉപയോഗിക്കുന്നത്. സംഭവശേഷം കിഴക്കേകോട്ട ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. വധശ്രമം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ് ദസ്തകീർ. ജിത്തുവിന്റെ പേരിൽ ഏഴ് കേസുകളും നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.