ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട്; മുൻ വാർഡ് മെമ്പർക്ക് മൂന്ന് വർഷത്തെ കഠിന തടവ്
text_fieldsതിരുവനന്തപുരം: ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കല്ലറ ഗ്രാമപഞ്ചായത്തിലെ വെള്ളംകുടി വാർഡ് മുൻ മെമ്പർ കെ. ഷീലയെ മൂന്ന് വർഷം കഠിന തടവ് വിധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതി. ഒരു ലക്ഷം പിഴ ഈടാക്കാനും ഉത്തരവിട്ടു. 2011-2012 കാലഘട്ടത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമാണ പദ്ധതി നടപ്പിലാക്കിയിരുന്നു. 2011ആഗസ്റ്റ് മൂന്നിന് വെള്ളംകുടി വാർഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ തീരുമാനിക്കുകയും മിനിട്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു.
വെള്ളംകുടി വാർഡ് മെമ്പർ ആയിരുന്ന ഷീല, ഗ്രാമസഭ തീരുമാനിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റിൽ കൃത്രിമം നടത്തി അധികമായി മറ്റുചിലരുടെ പേര് എഴുതി ചേർക്കുകയായിരുന്നു. ഇത്തരത്തിൽ അധികമായി പേര് എഴുതിച്ചേർത്തവർക്ക് പദ്ധതി പ്രകാരമുള്ള വീട് അനുവദിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തുക അനുവദിക്കുകയും ചെയ്തു.
ഗ്രാമസഭയുടെയോ പഞ്ചായത്ത് കമ്മിറ്റിയുടെയോ അംഗീകാരം വാങ്ങാതെ മിനിട് തിരുത്തി കൂടുതൽ ഗുണഭോക്താക്കളെ കൂട്ടിച്ചേർത്ത് പദ്ധതിയിൽ ക്രമക്കേട് നടത്തിയതിന് വിജിലൻസ് ഷീലക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.