ഉറക്കംകെട്ട് നാട്ടുകാർ; ചൂട് കൂടി, പാമ്പ് ശല്യവും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വീടുകൾക്കുള്ളിലും ജനവാസമേഖലകളിലും പാമ്പ് ശല്യം രൂക്ഷമാകുന്നു. പാമ്പുകടിയേറ്റുള്ള മരണങ്ങളും കേരളത്തിൽ വർധിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഒരാഴ്ചക്കിടെ മൂന്നുപേരാണ് പാമ്പുകടിയേറ്റ് സംസ്ഥാനത്ത് മരിച്ചത്. അഞ്ചുവർഷത്തിനിടെ 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സാധാരണ ഒക്ടോബർ- നവംബർ മാസം മുതലാണ് പാമ്പുകളെ കൂടുതലായി ജനവാസമേഖലകളിലും മറ്റും വ്യാപകമായി കാണുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം മനുഷ്യർക്കുപോലും താങ്ങാൻ പറ്റാത്തവിധം ചൂട് കൂടുകയാണ്. ഇഴജന്തുക്കളും തണുപ്പുള്ള സ്ഥലങ്ങൾ തേടി ഇറങ്ങുന്നതും പതിവായി.
വനംവകുപ്പിന്റെ സർപ ആപ്പിലേക്ക് 1000- 1500 കോളുകളാണ് വന്നിരുന്നതെങ്കിൽ ഇപ്പോൾ 1500- 2000 കോളുകൾ വരെയാണ് എത്തുന്നത്. ഇതുകൂടാതെ ലൈസൻസുള്ള വളണ്ടിയർമാർ നേരിട്ട് എത്തിയുള്ള പാമ്പ് പിടിത്തവും നടത്തുന്നുണ്ട്. ഇത് കൂടി കണക്ക് കൂട്ടുമ്പോൾ സംഖ്യ ഇതിലും ഉയരും. ഒക്ടോബർ- നവംബർ-ഡിസംബർ മാസങ്ങളിലാണ് പാമ്പുകൾ കൂടുതലായി ഇണചേരുന്നത്. ഈ സമയത്താണ് പകൽസമയത്തുപോലും പുറത്തിറങ്ങുന്നത്. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി എന്നിവയാണ് കൂടുതലായി കാണുന്നത്. ഇവയെ സൂക്ഷിക്കണമെന്നും വനംവകുപ്പ് പറയുന്നു. 2025-ഏപ്രിൽ മുതൽ 2026 മാർച്ചുവരെയുള്ള കണക്ക് പരിശോധിച്ചാൽ 18 പാമ്പ് കടി മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അതരിന് ശേഷമുള്ള കണക്കിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2030 ഓടെ കേരളത്തിൽ പാമ്പുകടി മരണങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് വനംവകുപ്പിന്റെ പ്രഖ്യാപനം. എന്നാൽ പാമ്പുകളുടെ സാന്നിധ്യവും മരണങ്ങളും ഇപ്പോഴും വർധിക്കുകയാണ്. വേനൽക്കാലത്ത് മാത്രമല്ല, ഇപ്പോൾ മഴക്കാലത്തും പാമ്പ് ശല്യം കേരളത്തിൽ കണ്ടുവരുന്നുണ്ട്. ഭയംവേണ്ട, ജാഗ്രതമതിയെന്ന് പറയുമ്പോഴും കാട്ടാക്കട, നെടുമങ്ങാട് മേഖലകളിൽ പെരുമ്പാമ്പാമ്പാണ് ഭീഷണി. ഇവിടെ പെരുമ്പാമ്പിനെ കൊണ്ട് പൊറുതിമുട്ടുകയാണ് സ്ഥലവാസികളും വനംവകുപ്പും.
ആര്യനാട്: കഴിഞ്ഞ ദിവസം നാല് പെരുമ്പാമ്പുകളെയാണ് നെടുമങ്ങാട് മേഖലയിൽനിന്ന് വനംവകുപ്പ് പിടികൂടി കാട്ടിൽ വിട്ടത്. നെടുമങ്ങാട്, കുറ്റിച്ചൽ, ആര്യനാട്, കോട്ടുർ എന്നിവിടങ്ങളിൽ നിന്നാണ് പെരുമ്പാമ്പുകളെ പരുത്തിള്ളി വനംവകുപ്പ് ജീവനക്കാർ പിടികൂടിയത്. പരുത്തിപ്പള്ളി റേഞ്ച് ഓഫിസിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറും സ്നേക്ക് റെസക്യൂവറുമായ രോഷ്നിയുടെ നേതൃത്വത്തിലെ സംഘമാണ് ഇവയെ പിടികൂടിയത്.
മിക്കതും ദുഷ്കരമായ സ്ഥലങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. വെള്ളം ഒഴുകുന്ന തോട്ടിൽ നിന്ന് ഏതാണ്ട് 35- 40 കിലയോളം ഭാരംവരുന്ന പെരുംമ്പാമ്പിനെ കരിങ്കൽ കെട്ട് പൊളിച്ചാണ് പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

