‘മയക്കുമരുന്നും ടാറ്റുവും’ വെല്ലുവിളി; കേരളത്തിൽ യുവാക്കളിൽ എച്ച്.ഐ.വി രോഗബാധ വർധിക്കുന്നു
text_fieldsതിരുവനന്തപുരം: കേരളത്തിൽ യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗബാധ കൂടുന്നുവെന്ന് കണക്കുകൾ. 2024-25ൽ രോഗം സ്ഥിരീകരിക്കപ്പെട്ട 14 ശതമാനം പേർ പത്തൊമ്പതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
രോഗം സ്ഥിരീകരിക്കപ്പെട്ട 1213 പേരിൽ 197 പേർ ഈ പ്രായത്തിലുള്ളവരാണ്. മയക്കുമരുന്ന് സിറിഞ്ച്, അണുബാധയുള്ള ടാറ്റൂ സൂചി എന്നിവയുടെ ഉപയോഗവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവുമാണ് യുവാക്കളിൽ എച്ച്.ഐ.വി കൂടാൻ കാരണമെന്നാണ് എയ്ഡ്സ് നിയന്ത്രണസൊസൈറ്റിയുടെ വിലയിരുത്തൽ.
തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. സമഗ്ര ആരോഗ്യ സുരക്ഷ യുവാക്കളിലൂടെ (യുവജാഗരൺ) എന്ന കാമ്പയ്നിലൂടെ ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുകളിലുമായി ബോധവത്കരണപ്രചാരണം ഊർജിതമാക്കാനാണ് തീരുമാനം.
നാഷനൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെയാണ് ബോധവത്കരണം. 19-നും 25-നും ഇടയിൽ പ്രായമുള്ളവരിൽ 2021-22 വർഷത്തിൽ എച്ച്.ഐ.വിബാധ 76 പേർക്കായി രുന്നുവെങ്കിൽ 2024-2025 ഇതുവരെ അത് 197 ആയാ ണ് കുത്തനെ വർധിച്ചത്.
മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. രോഗബാധയേറ്റ ഒരാൾക്ക് ശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തി ക്രമേണ നശിക്കുകയും പിന്നീട് എയ്ഡ്സ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും. എച്ച്.ഐ.വി ബാധിതനായ ഒരാൾ രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും.
എച്ച്.ഐ.വി ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നാണ് പറയുക. എച്ച്.ഐ.വി ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും. എച്ച്.ഐ.വി സ്ഥിരീകരിക്കാൻ ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ.
സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്. എച്ച്.ഐ.വി ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഇവക്കെതിരെയുള്ള ആന്റിബോഡി രക്തത്തിൽ പ്രവേശിക്കാൻ ഏകദേശം ആറുമാസം വരെയെടുക്കും. എച്ച്.ഐ.വിക്ക് ഇപ്പോൾ നിലവിലുള്ള മരുന്ന് ആന്റി റിട്രോ വൈറൽ തെറാപ്പിയാണ്. ഈ മരുന്ന് കഴിച്ചാൽ ജീവിതദൈർഘ്യം കൂട്ടാൻ കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.