അക്രമി സംഘം വീടുകയറി മർദ്ദിച്ചു; രണ്ടുപേർക്ക് പരിക്ക്
text_fieldsമർദ്ദനമേറ്റ ശിശുപാലൻ
കല്ലമ്പലം: ദുർമന്ത്രവാദ സംഘത്തിൻറെ ആക്രമണത്തിൽ വീട്ടമ്മക്കും ഭർത്താവിനും മക്കൾക്കും പരിക്ക്. വെട്ടിമൺകോണം കോടാലിക്കുന്നിൽ എസ്.എസ്. ഭവനിൽ ശിശുപാലൻ, ഭാര്യ ഷീജ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ 81 വയസുള്ള മാതാവിനെയും കുട്ടികളെയും ആക്രമിച്ചു.
കഴിഞ്ഞദിവസം വൈകീട്ട് ആറരയോടെയായിരുന്നു ആക്രമണം. നാട്ടുകാർക്ക് ഭീഷണിയായ ദുർമന്ത്രവാദി കേന്ദ്രം സംബന്ധിച്ച് പരാതി കൊടുക്കുന്നതിന് നേതൃത്വം നൽകിയെന്നാരോപിച്ച് സംഘടിച്ചെത്തിയ സംഘം വീടിന് നേരെ ആക്രമണം നടത്തി. വീടിനു മുന്നിൽ തെറിവിളിയും ബഹളവും കേട്ട് കുളിമുറിയിൽ നിന്നിറങ്ങിയ വീട്ടമ്മ ഷീജയെ സംഘം ആക്രമിച്ചു. തടയാൻ ഓടിയെത്തിയ ഭർത്താവ് ശിശുപാലനെ മൺവെട്ടി ഉപയോഗിച്ച് അടിച്ചുവീഴ്ത്തി.
മാതാപിതാക്കളെ ആക്രമിക്കുന്നത് കണ്ടു രക്ഷിക്കാൻ ചെന്ന് ഇളയ മകനെ അക്രമിസംഘം വലിച്ച് പുറത്തേക്കെറിഞ്ഞു. മൂത്തമകൻ നിലവിളിച്ചുകൊണ്ട് വീടിന് പിൻഭാഗം വഴി ഓടി. വീട്ടിനുള്ളിൽ കയറിയ അക്രമികൾ വൃദ്ധമാതാവിനെ കട്ടിലിൽ നിന്നു വലിച്ച് താഴെയിട്ടു. നാട്ടുകാർ ഓടിക്കൂടുമ്പോഴും ആറോളം വരുന്ന അക്രമിസംഘം തെറിവിളികളും ഭീഷണികളുമായി സംഘടിച്ചു നിൽക്കുകയായിരുന്നു.
അക്രമികൾ പോയ ശേഷമാണ് ചോര വാർന്നുകിടന്ന ശിശുപാലനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ശിശുപാലന് തലയിലും വായിലും മുതുകിലും മുറിവും ചതവും ഉണ്ട്. ഷീജക്കും മുതുകിൽ മർദ്ദനമേറ്റ ചതവുണ്ട്. ഇവർ കല്ലമ്പലം പോലീസിൽ പരാതി നൽകി. ഈ മേഖലയിൽ വർഷങ്ങൾക്കു മുമ്പ് താമസിക്കാനെത്തിയ കുടുംബം വയൽ നികത്തി കെട്ടിടം നിർമിച്ച് മന്ത്രവാദപ്രവർത്തനങ്ങൾ നടത്തിവരുന്നതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ എതിർക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെ കെട്ടിടത്തിന് മുന്നിൽ ക്ഷേത്രം എന്ന ബോർഡ് വെച്ചു.
തുടർന്ന് ഉത്സവങ്ങളും നടത്തി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആരാധനാലയം ആണെന്ന് കാണിച്ചതോടെ നടപടിയെടുക്കാനാകാതെ പൊലീസും റവന്യൂ തദ്ദേശഭരണ അധികൃതരും പ്രതിസന്ധിയിലായി. ഇതിനിടെ സമീപവാസികളെ ഇവിടെനിന്ന് ഒഴിവാക്കാൻ നിരന്തരം ഇവർക്കു നേരെ ശല്യങ്ങൾ ഉണ്ടായി. സ്വൈര്യ ജീവിതം നഷ്ടപ്പെട്ടതോടെ സമീപത്തെ നിരവധി വീട്ടുകാർ വീട് ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിൽ വാടകക്ക് കഴിയുകയാണ്.
മാസങ്ങൾക്കു മുമ്പ് സമാന രീതിയിലുള്ള ആക്രമണം ഉണ്ടായതോടെ ഒറ്റൂർ ഗ്രാമപഞ്ചായത്ത് സർവകക്ഷിയോഗം വിളിക്കുകയും ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ ചർച്ചചെയ്യുകയും ചെയ്തിരുന്നു. കെട്ടിടം പൊളിച്ചു മാറ്റണമെന്ന് പഞ്ചായത്ത് തീരുമാനിക്കുകയും ഇവർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഇതിന്മേൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.