ദേശീയപാത നിർമാണം ഇഴയുന്നു; തട്ടുപാലം അപകടക്കെണി
text_fieldsതട്ടുപാലം ജങ്ഷനിലെ റോഡിന് മധ്യത്തെ കുഴി
കല്ലമ്പലം: ദേശീയപാത നിർമാണം ഇഴയുന്നു; തട്ടുപാലം അപകടക്കെണി. നാവായിക്കുളം തട്ടുപാലം ജങ്ഷനിൽ റോഡിന് കുറുകെ വലിയ കുഴി തോണ്ടിയിട്ട് രണ്ടുവർഷം കഴിഞ്ഞു. ഇതുവരെയും ഈ ഭാഗത്ത് ജോലി പൂർത്തിയാക്കിയില്ല. ഓടയുടെ നിർമാണം പൂർത്തിയായാൽ ഈ കുഴി മൂടാമായിരുന്നു. എന്നാൽ ഓട നിർമാണം അനന്തമായി നീളുകയാണ്.
കൊല്ലം ഭാഗത്തേക്ക് യാത്രക്കാർ വാഹനം കാത്തു നിൽക്കുന്നതിന് സമീപമാണ് കുഴി. നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ജങ്ഷനാണിത്. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ഹെൽത്ത് സെന്റർ, പോസ്റ്റ് ഓഫിസ്, എക്സൈസ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ കൂടാതെ ത്രീസ്റ്റാർ ഹോട്ടൽ, നിരവധി കച്ചവട സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. ജീവനക്കാർ റോഡ് മുറിച്ചു കിടക്കേണ്ടത് പതിനഞ്ചടി താഴ്ച വരുന്ന കുഴിക്ക് സമീപത്ത് കൂടിയാണ്. ഇത്രയും വലിയൊരു കുഴി ഇവിടെ ഉണ്ടെന്ന് നട്ടുകാർക്കോ യാത്രക്കാർക്കോ അറിയില്ല.
പാവൂർക്കോണം ഏലായിൽ നിന്ന് കുന്നത്തുപണ ഏല തോട്ടിലേക്ക് വെള്ളം പോകുന്നതിന് റോഡ് നിർമാണം ആരംഭിച്ചപ്പോൾ തടസ്സം നേരിട്ടിരുന്നു. ഇതിന് പരിഹാരമായാണ് വെള്ളപ്പൊക്കമുണ്ടായപ്പോൾ പെട്ടന്ന് കുഴിയെടുത്ത് വെള്ളം ഒഴുക്കി വിട്ടത്. ഇവിടെ ഓട നിർമിച്ചാൽ മാത്രമേ റോഡ് പണിയാൻ സാധിക്കുകയുള്ളൂ.
വഴിയാത്രക്കാർക്ക് ഇതുവഴി പോകാൻ പേടിയാണ്. രാത്രിയായാൽ വാഹനങ്ങൾ നിയന്ത്രണം തെറ്റി കുഴിയിലേക്ക് വീഴാൻ സാധ്യതയുണ്ട്. വാർഡംഗം നാവായിക്കുളം അശോകൻ നിരവധി തവണ അധികൃതർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.