കനകക്കുന്ന് കൊട്ടാരം; സംരക്ഷിത സ്മാരക പദവിക്ക് യോഗ്യമല്ലെന്ന് പുരാവസ്തുവകുപ്പ്
text_fieldsകനകക്കുന്ന് കൊട്ടാരം
തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാരത്തിൽ ആധുനിക വസ്തുക്കൾ ഉപയോഗിച്ചുള്ള അശാസ്ത്രീയ നവീകരണം കൊട്ടാരത്തിന്റെ ചരിത്രപരവും പുരാവസ്തുപരവുമായ ആധികാരികതയെ ഇല്ലാതാക്കിയെന്ന് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട്. കനകക്കുന്ന് കൊട്ടാരത്തിന്റെ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് പുരാവസ്തു വകുപ്പ് ഇത്തരമൊരു റിപ്പോർട്ട് നൽകിയത്. കൊട്ടാരത്തിന്റെ നിലവിലെ അവസ്ഥ എടുത്തുകാട്ടുന്നതാണ് റിപ്പോർട്ട്.
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്ത് നിർമിച്ച കൊട്ടാരം നിലവിൽ ടൂറിസം ഡിപ്പാർട്ട്മെന്റിനു കീഴിലാണ്. സംരക്ഷിത പൈതൃക സ്മാരകങ്ങളിൽ ഉൾപ്പെടുന്നില്ലെങ്കിലും ആർട്ട് ആൻഡ് ഹെറിറ്റേജ് കമീഷന്റെ കൂടി ഉത്തരവാദിത്തത്തിലാണ് ഇവിടെ നവീകരണം നടക്കേണ്ടത്. നിലവിൽ ആധുനിക വസ്തുക്കൾ ഉപയോഗിച്ച് നടത്തിയ അശാസ്ത്രീയമായ നവീകരണം കാരണം കൊട്ടാരത്തിന്റെ പുരാവസ്തുപരമായ ആധികാരികതക്ക് കോട്ടം സംഭവിച്ചു.
കൊട്ടാരത്തിൽ ഇറ്റാലിയൻ തറക്ക് പകരം വെട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചു, നവീകരണത്തിന്റെ ഭാഗമായി പുതുക്കിയ ഇടങ്ങളിൽ സുർക്കി, ലൈമിനു പകരം സിമന്റ്, കോൺക്രീറ്റ് മിശ്രിതങ്ങൾ ഉപയോഗിച്ചു, പരമ്പരാഗതമായുള്ള ചുവർചിത്രങ്ങളിൽ അക്രിലിക് പെയിന്റിങ് ഉപയോഗിച്ചു, നിർദ്ദിഷ്ട ഡിജിറ്റൽ മ്യൂസിയത്തിനായി ജിപ്സം ബോർഡുകൾ കൊണ്ട് വലിയ മുറികൾ വിഭജിച്ചു, പുരാതന കാലത്തെ ഫാനുകൾക്ക് പകരം ഫോൾസ് സീലിങുകളും പുത്തൻ സീലിങ് ഫാനുകളും സ്ഥാപിച്ചു... തുടങ്ങി നിരവധി വീഴ്ചകളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.
ഇതോടെ കനകക്കുന്ന് കൊട്ടാരത്തെ പുരാവസ്തു സ്മാരകമായി പ്രഖ്യാപിക്കാനുള്ള സാധ്യത തന്നെ പുരാവസ്തു വകുപ്പ് തള്ളിക്കളഞ്ഞതായാണ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. തിരുവനന്തപുരം നഗരത്തിൽ കൊട്ടാരത്തിനുള്ള സാംസ്കാരിക പ്രാധാന്യവും ചരിത്ര മൂല്യവും അംഗീകരിച്ച് പൈതൃക കെട്ടിടമായി കനക്കുന്ന് കൊട്ടാരത്തെ സംരക്ഷിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ സ്ഥലങ്ങളിലും ടൂറിസം വകുപ്പ് വിപുലമായ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഇത് പരിസ്ഥിതി പ്രവർത്തകരിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി നേടുകയും ചെയ്തു. കനകക്കുന്ന് കൊട്ടാരം പുരാവസ്തു സ്മാരകമായി സംരക്ഷിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തെ അംഗീകരിക്കുന്നില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. പാളയം മാർക്കറ്റ്, സംസ്കൃത കോളജ് ഉൾപ്പെടെയുള്ള നവീകരണങ്ങളും അശാസ്ത്രീയമായാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
പൈതൃക സംരക്ഷണത്തിൽ വൈദഗ്ധ്യവുമില്ലാത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പോലുള്ള ഏജൻസികളെയാണ് സർക്കാർ ഇത്തരം സുപ്രധാന പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനും പരാതിയുമായി കോടതിയെ സമീപിച്ചവരിൽ ഒരാളുമായ എസ്.ജെ. സഞ്ജീവ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.