മാലിന്യം നിറഞ്ഞ് കാട്ടാക്കട ചന്ത; അന്താരാഷ്ട മാര്‍ക്കറ്റായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം 10വർഷമായിട്ടും നടപ്പായില്ല
text_fieldsമത്സ്യക്കച്ചവടം നടത്തുന്നിടത്ത് മലിനജലം കെട്ടികിടക്കുന്നു
കാട്ടാക്കട: താലൂക്കിലെ പ്രധാന വാണിജ്യകേന്ദ്രമായ കാട്ടാക്കട ചന്തയുടെ സ്ഥിതി ദയനീയം. മത്സ്യകച്ചവടം നടത്തുന്നിടത്ത് മാലിന്യം നിറഞ്ഞ് പുഴുക്കള്‍ വിഹരിക്കുന്നു. മലിനജലത്തിൽ ചവിട്ടാതെ നടക്കാനാകാത്ത സ്ഥിതിയിലാണ്. മത്സ്യകച്ചവടം നടത്തുന്നവര്‍ മൂക്കത്ത് വിരല്‍പിടിച്ചും കൈകാലുകളില്‍ പ്ലാസ്റ്റിക് കവറുകളിട്ടുമാണ് ഇരിക്കുന്നത്.
ചന്തയിലെത്തിയാല്‍ സാംക്രമികരോഗം പിടിപെടാൻ സാധ്യത കൂടുതലാണഅ. പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമില്ല. അമ്പൂരി മുതൽ വിളപ്പിൽ വരെയും അഗസ്ത്യവനത്തിലെ ആദിവാസികള്‍ മുതല്‍ തലസ്ഥാനഅതിര്ത്തി വരെയുള്ള വിശാലമായ പ്രദേശത്തിന്റെ വാണിജ്യകേന്ദ്രമാണ് കാട്ടാക്കട ചന്ത.
താലൂക്കിലെ വലുതും 200 വർഷത്തോളം പഴക്കമുള്ളതും പൂവച്ചൽ ഗ്രാമ പഞ്ചായത്തിന് ഏറെവരുമാനം നൽകിയിരുന്ന ചന്തയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്. എട്ട് വര്‍ഷത്തിനിടെ ചന്തയുടെ നവീകരണത്തിനായി ലക്ഷങ്ങളാണ് ചിലവഴിച്ചത്. ചന്തയിലെ മാലിന്യം നിര്‍മ്മാർജനം ചെയ്യാനോ, മഴയും വെയിലും കൊള്ളാതെ കച്ചവടം നടത്താനോ, കച്ചവടക്കാര്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റാനോ സംവിധാനമില്ല. കുടിവെള്ളം കിട്ടാനായി ഒരു പൊതുടാപ്പ് പോലും സ്ഥാപിച്ചിട്ടില്ല. ചന്തയിലുള്ള പൊതുശൗചാലയത്തിന്റെ നടയില്‍ പോയാല്‍ ബോധ രഹിതനാകും. ശൗചാലയ കെട്ടിടത്തിനുള്ളില്‍ മരപ്പട്ടിയും ഇഴജന്തുക്കളും വാസമുറപ്പിച്ചിരിക്കുകയാണ്.
ദിവസവും വന്‍തോതിലാണ് ചന്തയ്ക്കുള്ളില്‍ മാലിന്യം കുന്നുകൂടുന്നത്. മാലിന്യം സംസ്കരിക്കുന്നതിനായി ലക്ഷങ്ങള്‍ മുടക്കി നിർമിച്ച കെട്ടിടം ഇതുവരെ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. നിരവധി പദ്ധതികള്‍ വഴി പൂവച്ചല്‍ ഗ്രാമപഞ്ചായത്തും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തും കാട്ടാക്കട പൊതു ചന്തയില്‍ മുടക്കിയത് കോടികളാണ്. വർഷം 25 ലക്ഷത്തോളം രൂപയുടെ നികുതി വരുമാനം എത്തിയിരുന്ന ചന്തയിൽ നിന്ന് പൂവച്ചൽ പഞ്ചായത്തിന് ഇപ്പോൾ കുടുംബശ്രീ വഴി ലഭിക്കുന്നത് നാമമാത്ര തുകയാണ്.
രണ്ടേക്കറോളം വരുന്ന ചന്തയുടെ ഒരു ഭാഗത്ത് മാത്രമാണ് ഇപ്പോൾ കച്ചവടക്കാരുള്ളത്. സ്റ്റാളുകളിൽ കച്ചവടത്തിനും ആളില്ല. തമിഴ്നാട്ടിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമൊക്കെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ആഴ്ചചന്തയിലെത്തിയിരുന്ന കച്ചവടക്കാർ ഇപ്പോൾ എത്തുന്നില്ല. മത്സ്യകച്ചവടക്കാരും ചെറു കച്ചവടക്കാരുമൊഴിഞ്ഞു. പത്ത് വര്‍ഷം മുന്‍പ് കാട്ടാക്കട ചന്ത അന്താരാഷ്ട മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തി.
പ്രാഥമിക നടപടികളും ആരംഭിച്ചു. പിന്നീട് തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ അന്താരാഷ്ട മാര്‍ക്കറ്റ് എന്നത് ഫയലില്‍ കുരുങ്ങി. ചന്തയുടെ ആധുനികവത്കരണം നടപ്പാക്കാനായാൽ അതിലൂടെ വലിയ വികസനവും സാധ്യമാകും. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണമെന്നാണ് ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.