കാട്ടാക്കടയിൽ പാര്‍ക്കിങ് സ്ഥലം ‘കൈയേറി’ പൊലീസും
text_fieldsപൊലീസ് സ്റ്റേഷനുമുന്നിലെ പാര്‍ക്കിങ് ഏരിയയിൽ പൊലീസിന്റെ വാഹനങ്ങളും ബാരിക്കേഡും നിരത്തിയിട്ടിരിക്കുന്നു
കാട്ടാക്കട: പട്ടണത്തിലെ പാർക്കിങ് നിയന്ത്രണത്തിന്റെ ഭാഗമായി നിശ്ചയിച്ച പാര്‍ക്കിങ് സ്ഥലത്ത് ‘പൊലീസ് കൈയേറ്റം’. കാട്ടാക്കട ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പഞ്ചായത്ത് അനുവദിച്ച പൊലീസ് സ്റ്റേഷന് മുന്നിലെ പൊതുപാർക്കിങ് സ്ഥലത്ത് ബാരിക്കേഡ്, തൊണ്ടി വാഹനങ്ങൾ, മറ്റ് വാഹനങ്ങള്‍ ഉള്‍പ്പെടെയിട്ട് പൊലീസ് കൈയേറിയിരിക്കുന്നത്. ഇതോടെ ബാങ്കുകളിലും വൈദ്യുതി ഭവനിലും ഡിവൈ.എസ്.പി ഓഫിസിലും പൊലീസ് സ്റ്റേഷനിലും വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലെത്തുന്നവർ പാർക്കിങ്ങിനായി വലയുന്നു.
കാറുകളും ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പട്ടണത്തില്‍ സൗകര്യം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
എന്നാല്‍, ഗാതാഗത പരിഷ്കാര ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണം കാട്ടാക്കടയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശമനമായി തുടങ്ങി. തിരക്കൊഴിയുന്ന രാത്രി ഒമ്പതു മുതല്‍ രാവിലെ എട്ടുവരെയുള്ള സമയങ്ങളില്‍ നിയന്ത്രണവും പിഴചുമത്തുന്നതും ഒഴിവാക്കണമെന്ന ആവശ്യത്തിന് പരിഹാരമായിട്ടില്ല.
ഈമാസം ഒന്നു മുതലാണ് പാര്‍ക്കിങ് നിയന്ത്രണം നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം റോഡരികിൽ നിരോധനം ലംഘിച്ച് വാഹനം പാർക്ക് ചെയ്ത നിരവധി പേർക്ക് മോട്ടോർ വാഹന വകുപ്പും പൊലീസും കെ.എസ്.ആര്.ടി.സിയും പിഴ ചുമത്തി.
കെ.എസ്.ആര്.ടി.സി ഡിപ്പോയോട് ചേര്‍ന്ന് രണ്ടേക്കറോളം ഭൂമിയും കാട്ടാക്കട പട്ടണത്തിലെ കാട് കയറികിടക്കുന്ന പഞ്ചായത്ത് വക മൊളിയൂര്‍ സ്റ്റേഡിയവും പാര്‍ക്കിങ്ങിന് ഉപയോഗിക്കണമെന്ന ആവശ്യവും ഉയരുന്നു. റോഡരുകുകളിലെ ചരക്ക് വാഹനങ്ങളുടെയും മറ്റ് വാഹനങ്ങങ്ങളുടെയും സ്റ്റാന്‍ഡ് ഇവിടങ്ങളിലേക്ക് മാറ്റണമെന്നും അഭിപ്രായമുയരുന്നു.
പൊലീസ് സ്റ്റേഷനുമുന്നിലെ കൈയേറ്റ സ്ഥലം ഒഴിപ്പിച്ച് വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് നല്‍കണമെന്ന് കോണ്‍ഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് വിജയ കുമാര്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.