ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണി: റോഡുകൾ തകരുന്നു
text_fieldsകാട്ടാക്കട-വിളപ്പിൽശാല റോഡിൽ കട്ടയ്ക്കോട് ജങ്ഷന് സമീപം പൈപ്പ് പണിക്കുശേഷം മൂടാത്ത കുഴികൾ
കാട്ടാക്കട: മാസങ്ങൾക്ക് മുമ്പ് ആധുനിക രീതിയിൽ നവീകരിച്ച കാട്ടാക്കട-കട്ടയ്ക്കോട്-വിളപ്പിൽശാല റോഡ് മുഴുവൻ ജല അതോറിറ്റി കുഴിച്ച് നശിപ്പിച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര വീണ്ടും ദുരിതമായി. പണി പൂർത്തിയായ ശേഷം പത്തിടത്ത് പൈപ്പ് അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചത് ഒരിടത്ത് പോലും പൂർവസ്ഥിതിയിൽ ആക്കിയിട്ടില്ല. കട്ടയ്ക്കോട്, കാരോട്, വിളപ്പിൽശാല എന്നിവിടങ്ങളിൽ വലുപ്പമുള്ള കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായി.
മഴ പെയ്താല്‍ ഇവയിൽ വെള്ളം കെട്ടിനിന്ന് റോഡ് പൊളിയാനും സാധ്യത ഏറെയാണ്. കട്ടയ്ക്കോട് ജങ്ഷന് സമീപം അഞ്ചാംതവണയാണ് റോഡ് കുഴിച്ചത്. ജലവിതരണപൈപ്പിലെ തകരാർ പരിഹരിക്കാൻ ആധുനിക രീതിയില്‍ ടാര്‍ചെയ്ത റോഡ് കുഴിക്കാൻ പിക്കാസാണ് തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഉദ്യോഗസ്ഥരാരും സ്ഥലത്തുണ്ടാകാത്തതിനാൽ തോന്നിയപടിയാണ് പ്രവൃത്തി.
പണി കഴിഞ്ഞാൽ മണ്ണിട്ട് മൂടുന്ന റോഡ് താമസിയാതെ കുഴിയാകും. റോഡ് പഴയ പടിയാക്കാനുള്ള തുക പൊതുമരാമത്ത് വകുപ്പിൽ അടച്ചിട്ടാണ് കുഴിക്കുന്നതെന്ന് ജല അതോറിറ്റി അധികൃതർ പറയുന്നു. എന്നാൽ കോടികൾ ചെലവിട്ട് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയാക്കുന്ന റോഡ് കുഴിക്കാനും അത്യാവശ്യഘട്ടത്തിൽ കുഴിക്കേണ്ടി വന്നാൽ പൂർവസ്ഥിതിയിലാക്കാനും വകുപ്പുകൾക്ക് ഉത്തരവാദിത്തം ഇല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കിള്ളി-കട്ടയ്ക്കോട് റോഡില്‍ ചിലയിടത്തും കുഴിച്ചിട്ടിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.