റെയിൽവേ മാലിന്യം യൂനിവേഴ്സിറ്റി കാമ്പസിൽ
text_fieldsകാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിൽ റെയിൽവേ മാലിന്യം നിക്ഷേപിച്ച നിലയിൽ
കഴക്കൂട്ടം: കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസിൽ ലോഡുകണക്കിന് റെയിൽവേ മാലിന്യം നിക്ഷേപിച്ച നിലയിൽ. ബോഗികളിലും പാൻട്രികളിലും നിന്നടക്കമുള്ള മാലിന്യങ്ങളാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ ഇവിടെ തള്ളിയത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്ന റോഡിന്‍റെ വശങ്ങളിലാണ് ഇത്തരത്തിൽ 25 ലധികം ലോഡ് മാലിന്യം നിക്ഷേപിച്ചത്.
ഞായറാഴ്ച മുതൽ രാത്രികാലങ്ങളിൽ ലോറികളിലായാണ് ഇവിടെ തള്ളിയത്. ട്രെയിനിന്റെ എ.സി കമ്പാർട്ട്മെന്റുകളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റുകളും റെയിൽ നീർ അടക്കമുള്ള കുടിവെള്ള കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമാണ് നിക്ഷേപിച്ചത്. രൂക്ഷമായ ദുർഗന്ധം കാരണം നാട്ടുകാർ പരാതിയുമായെത്തിയതോടെ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി മാലിന്യങ്ങൾ തരംതിരിച്ചിട്ടു.
റെയിൽവേക്കെതിരെ കേസെടുക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭ പരാതി നൽകിയതിനെ തുടർന്ന് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 48 മണിക്കൂറിനുള്ളിൽ മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി റെയിൽവേക്ക് നോട്ടീസ് നൽകി.
കർശന നടപടി സ്വീകരിക്കാൻ മേയർ ആര്യ രാജേന്ദ്രനും നഗരസഭ സെക്രട്ടറിയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കുറ്റക്കാരെ കണ്ടുപിടിച്ച് പിഴ ഈടാക്കി അവരെകൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യണമെന്നാണ് നിർദേശം. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരും പ്രതിഷേധവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

