ആര്യനാട് തീ പാറും പോരാട്ടം
text_fieldsഅഡ്വ.എന്‍.ഷൗക്കത്തലി,പ്രദീപ് നാരായണ്‍,അഡ്വ.പ്രശാന്ത്
അഗസ്ത്യമലനിരകള്‍ ഉള്‍പ്പെടുന്ന കുറ്റിച്ചല്‍, ആര്യനാട് ഗ്രാമപഞ്ചായത്തും ഉഴമലയ്ക്കല്‍, വിതുര, തൊളിക്കോട് പഞ്ചായത്ത് വാര്‍ഡുകളും ഉള്‍പ്പെടുന്ന ആര്യനാട് ജില്ല ഡിവിഷനില്‍ ഇക്കുറി തീപാറും പോരാട്ടമാണ്.
ഇടത്, വലത് മുന്നണി സ്ഥാനാർഥികളെ വിജയിപ്പിച്ച ആര്യനാട് ഡിവിഷന്‍ നിലനിര്‍ത്താനായി ഇടതുമുന്നണി സി.പി.എം നേതാവും വിതുര മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ എന്‍. ഷൗക്കത്തലിയെയാണ് ഗോദയിലിറക്കിയത്.
ഡിവിഷന്‍ പിടിച്ചെടുക്കാന്‍ കന്നിയങ്കക്കാരനായ കോണ്‍ഗ്രസ് നേതാവും അധ്യാപക സംഘടന ജില്ല പ്രസിഡന്‍റുമായിരുന്ന എം.ബി.എക്കാരന്‍ എം.കെ. പ്രദീപ് നാരായണനെ യാണ് യു.ഡി.എഫ് കളത്തിലിറക്കിയത്. അട്ടിമറിയിലൂടെ വിജയം പ്രതീക്ഷിച്ച് ബി.ജെ.പി നേതാവ് അഡ്വ. പ്രശാന്തിനെയാണ് എന്‍.ഡി.എ മത്സരിപ്പിക്കുന്നത്
ജില്ല പഞ്ചായത്ത് രൂപവത്കരണഘട്ടത്തില്‍ തൊളിക്കോട് ഡിവിഷനായിരുന്നു, പിന്നീടത് ആര്യനാട് ഡിവിഷനായി. ഇപ്പോള്‍ കുറ്റിച്ചല്‍ ,ആര്യനാട് ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണ്ണമായും ഉഴമലയ്ക്കല്‍, തൊളിക്കോട്, വിതുര ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും ഉള്‍പ്പെടുന്നു. കൂടുതൽ തവണയും എൽ.ഡി.എഫിനായിരുന്നു വിജയം. 2010ൽ യു.ഡി.എഫിലെ ജനതാദൾ (യു) വില്‍ നിന്നും മത്സരിച്ച ബീനയായിരുന്നു വിജയി.
2015ല്‍ സി.പി.ഐ വനിത നേതാവ് മിനിയാണ് വിജയിച്ചത്. 1988 മുതല്‍ 1995 വരെയും ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായും , 2025 വരെ പത്ത് വര്‍ഷം സി.പി.എം വിതുര ഏരിയ കമ്മിറ്റി സെക്രട്ടറിയായും 1988 ല്‍ എസ്.എഫ്.ഐ ജില്ല സെക്രട്ടറിയുമായിരുന്ന ഷൗക്കത്തലി മൂന്ന് ദശാബ്ദത്തിലേറെക്കാലമായി അഭിഭാഷകനാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ സ്ഥാനാർഥിയെ തീരുമാനിച്ചതോടെ ഷൗക്കത്തലിയുടെ പ്രചാരണം രണ്ടുവട്ടം പൂര്‍ത്തിയായി. കാട്ടാക്കട കഞ്ചിയൂര്‍ക്കോണം അലിഫ് കോട്ടേജില്‍ താമസിക്കുന്ന ഷൗക്കത്തലിയുടെ ഭാര്യ സരിത ഷൗക്കത്തലി നെടുമങ്ങാട് പോക്സോ അതിവേഗ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറാണ്.
തേമ്പാമൂട് ജനതാ ഹയര്‍ സെക്കൻഡറി സ്കൂൾ പ്രിന്‍സിപ്പലായ പ്രദീപ് നാരായണ്‍ കോണ്‍ഗ്രസ് കുടുംബത്തിലെ അംഗവും, കെ.എസ്.യു ജില്ല സെക്രട്ടറിയായും യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും സേവാദള്‍ ബ്ലോക്ക് ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. ബി.എഡും, എം.ബി.എയും കഴിഞ്ഞ പ്രദീപ് നാരായണന് കന്നിയങ്കമാണെങ്കിലും പ്രചാരണത്തിലൊന്നും പുറകിലല്ല. ഡിവിഷനിലെ എല്ലാ പ്രദേശങ്ങളും ഒരു റൗണ്ട് പ്രചാരണം കഴിഞ്ഞു. വെള്ളനാട് ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക എ.എം. സരിതയാണ് ഭാര്യ.
ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗവും തിരുവനന്തപുരം ജില്ല കോടതിയിലെ അഭിഭാഷകനുമായ എം. പ്രശാന്ത് വിജയം പ്രതീക്ഷിച്ച് പ്രചാരണരംഗത്ത സജീവമായി. സ്ഥാനാർഥികളുടെ ഫോട്ടോയും ചിഹ്നവും പതിച്ച കൂറ്റര്‍ ഫ്ലക്സ് ബോര്‍ഡുകള്‍ മുക്കിലും മൂലയിലും നിരന്നുകഴിഞ്ഞു. ചുവരെഴുത്തുകളും പൂര്‍ത്തിയായി. തോരാത്ത മഴയില്‍ സ്ഥാനാർഥികളുടെ വോട്ടുതേടിയുള്ള ഓട്ടം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

