തെരുവുനായ് നിയന്ത്രണം: കേരളം നിയമ നിർമാണത്തിന്
text_fieldsതിരുവനന്തപുരം: തെരുവുനായ് ശല്യം നിയന്ത്രിക്കാൻ പുതിയ നിയമനിർമാണത്തിന് സംസ്ഥാനം ഒരുക്കം നടത്തുമ്പോൾ മുന്നിലുള്ളത് വലിയ കടമ്പ. മൂന്നുലക്ഷത്തിലധികം നായ്ക്കളെ നിരത്തുകളിൽനിന്ന് ഒഴിവാക്കുക അസാധ്യമാണ്. പുതിയ നിയമനിർമാണം നടത്തി വംശവർധനവ് തടയാമെന്നു വിചാരിച്ചാൽ അതും പ്രായോഗികമാവില്ല. ഏത് ജനനനിയന്ത്രണ മാർഗം സ്വീകരിച്ചാലും തെരുവുനായ്ക്കളുടെ എണ്ണം കുറയാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ സംസ്ഥാനത്തിന്റെ അധികാരപരിധിയിൽനിന്ന് നിയമനിർമാണം നടത്താനാണ് കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായത്. തെരുവുനായ് ശല്യം ഒഴിവാക്കുന്നതിന് പൊതുവെ സ്വീകാര്യമായ മാർഗം ജനനനിയന്ത്രണമാണ്. അതിൽ ഏറ്റവും അനുയോജ്യമായ സാങ്കേതികരീതി വാസക്ടമി അടിസ്ഥാനമാക്കിയുള്ള വന്ധ്യംകരണമാണ്.
നായ്ക്കളുടെ വന്ധ്യംകരണത്തിനായുള്ള അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (എ.ബി.സി), പേവിഷബാധ പ്രതിരോധിക്കാനുള്ള വാക്സിനേഷൻ എന്നിവ കൊണ്ടുമാത്രം ഇവയെ നിയന്ത്രിക്കാനാകുന്നില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന യോഗവും വിലയിരുത്തി. സമൂഹത്തെ ഭീതിപ്പെടുന്നത് പേവിഷബാധയാണ്. അത് പരിഹരിക്കാൻ പൊതുനിരത്തുകളിൽ തെരുവുനായ്ക്കൾ ഇല്ലാതാകണം. ഇക്കാര്യത്തിൽ കേന്ദ്രനിയമം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒപ്പം പ്രാദേശിക എതിർപ്പും.
ആനിമൽ ബർത്ത് കൺട്രോൾ നിയമത്തിലെ ചില കർക്കശ വ്യവസ്ഥകൾ പലപ്പോഴും തടസം സൃഷ്ടി ക്കുന്നെന്നാണ് തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകൾ പറയുന്നത്. കേന്ദ്ര നിയമത്തിൽനിന്നുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങൾ കേരളത്തിൽ കൃത്യമായി നടക്കുന്നി ല്ലെന്നത് മറ്റൊരു യാഥാർഥ്യം. രണ്ടുവർഷം മുമ്പ് തെരുവുനായ്ശല്യം രൂക്ഷമാവുകയും നിരവധിയാളുകളെ ആക്രമിക്കുകയും ചെയ്തതോടെ കേരളം ഒരു മാസത്തെ തീവ്രയജ്ഞ വാക്സിനേഷൻ ആവിഷ്കരിച്ചു. അത് എങ്ങുമെത്തിയില്ല. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ചില തദ്ദേശ സ്ഥാപനങ്ങൾ നായ്ക്കക്കളെ വന്ധ്യംകരിച്ചെങ്കിലും അതും കാര്യമായി മുന്നോട്ടുകൊണ്ടുപോകാനായില്ല.
കേന്ദ്രനിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമാകാതെ നിയമംനിർമിക്കാനാണ് സംസ്ഥാന സർക്കാറിന്റെ ആലോചന. ആവശ്യമെങ്കിൽ രാഷ്ട്രപതിയുടെ അംഗീകാരവും തേടും. നിയമത്തിന്റെ കരട് തയാറാക്കാൻ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തി. ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും ഹൈകോടതി അത് തടഞ്ഞിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.