കിളിമാനൂർ; നിലനിർത്താനും തിരിച്ചുപിടിക്കാനും കടുത്ത മത്സരം
text_fieldsകിളിമാനൂർ: ജില്ല പഞ്ചായത്ത് രൂപീകൃതമായശേഷം ആദ്യമായി പിടിച്ചെടുത്ത കിളിമാനൂർ ഡിവിഷൻ കോൺഗ്രസും കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും അരയും തലയും മുറുക്കി രംഗത്തെത്തിയതോടെ ഡിവിഷനിൽ ഇക്കുറി തീപാറും മത്സരം. വനിത സംവരണ ഡിവിഷനിൽ മൂന്ന് മുന്നണികളും മത്സരത്തിനിറക്കിയിരിക്കുന്നത് ശക്തരായ സ്ഥാനാർഥികളെയാണ്.
കിളിമാനൂർ പഞ്ചായത്തിലെ ഒമ്പത് വാർഡുകളും, പഴയകുന്നുമ്മേലിലെ മുഴുവൻ വാർഡുകളും (17), പുളിമാത്ത് പഞ്ചായത്തിലെ എരുത്തിനാട് ഒഴികെയുള്ള 19 വാർഡുകളുമടക്കം 45 വാർഡുകൾ ചേർന്നതാണ് ഡിവിഷൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 63 വാർഡുകളാണ് ഡിവിഷനിൽ ഉണ്ടായിരുന്നത്.
2980 വോട്ടുകൾക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് ജി.ജി. ഗിരികൃഷ്ണൻ ഡിവിഷൻ പിടിച്ചെടുത്തത്. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിലാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെഞ്ഞാറമൂട് ഡിവിഷനിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും കിളിമാനൂർ ഏരിയ പ്രസിഡന്റുമായ ഫാത്തിമ ഹിസാനയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. തിരുവനന്തപുരം ലോ അക്കാദമിയിൽ മൂന്നാം വർഷ എൽ.എൽ.ബി വിദ്യാർഥിനിയാണ്.
പനപ്പാംകുന്ന് സ്വദേശിനി വിസ്മയയാണ് ബി.ജെ.പി സ്ഥാനാർഥി. മഹിള മോർച്ച കിളിമാനൂർ മണ്ഡലം പ്രസിഡന്റ്, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ജില്ല നവമാധ്യമ വിഭാഗ ചുമതല എന്നിവ വഹിച്ചിട്ടുണ്ട്. മൂന്നു സ്ഥാനാർഥികളും പ്രചാരണത്തിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

