വ്യവസായികാടിസ്ഥാനത്തിൽ മണ്ണ് ഖനനം: കേസ് ഫയൽ ചെയ്ത് പഞ്ചായത്ത്
text_fieldsകിളിമാനൂർ: വ്യവസായികാടിസ്ഥാനത്തിലുള്ള മണ്ണെടുപ്പ് റദ്ദാക്കാൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്ത് പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത്. കേരള മൈനർ മിനറൽ കൺസഷൻ നിയമങ്ങൾ ലംഘിച്ചും പാരിസ്ഥിതിക അനുമതി ലഭ്യമാകാതെയും രാജസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ശിവാലയ കൺസ്ട്രക്ഷൻ കമ്പനിക്ക് വ്യവസായികാടിസ്ഥാനത്തിൽ മണ്ണ് ഖനനം ചെയ്യുന്നതിന് ജില്ല ജിയോളജി വകുപ്പ് പെർമിറ്റ് നൽകിയിരുന്നു. പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ആറ്റൂർ കേന്ദ്രീകരിച്ച് 89676 എം.ടി മണ്ണ് 8116 ഹെക്ടർ സ്ഥലത്തുനിന്ന് ഖനനം ചെയ്യാനാണ് പെർമിറ്റ് നേടിയത്.
ജനപ്രതിനിധികൾ, തദ്ദേശവാസികൾ, ഗ്രാമസഭ എന്നിവ അറിയാതെയും നേരിട്ട് സ്ഥലപരിശോധന നടത്താതെയുമാണ് അനുമതി നൽകിയിട്ടുള്ളത്. കുത്തനെ ചരിഞ്ഞ ഭൂമി സമീപത്തുള്ള പാറക്വാറിയിലെ ഖനനം മൂലം തകർന്ന് വാഹന ഗതാഗതത്തിന് തടസ്സവും വീടുകൾക്ക് നാശനഷ്ടവും സൃഷ്ടിക്കുമെന്ന ആശങ്ക പഞ്ചായത്തിനുണ്ട്.
പെർമിറ്റ് റദ്ദാക്കാൻ ജില്ല ജിയോളജിസ്റ്റ് വിസമ്മതിച്ചതിനെതിരെ അപ്പീൽ അധികാരിയായ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് (വ്യവസായം) പഞ്ചായത്ത് പ്രസിഡന്റ് കത്ത് നൽകിയിരുന്നു.
മൂന്നുമാസം കഴിഞ്ഞിട്ടും രേഖാമൂലം മറുപടി ലഭിക്കാത്തതിനാൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ഹൈകോടതിയിൽ സ്റ്റാൻഡിങ് കൗൺസൽ അഡ്വ. സിജു കമലാസനൻ മുഖേന കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി, ജിയോളജി വകുപ്പ് ഡയറക്ടർ, ജില്ല കലക്ടർ, ജില്ല ജിയോളജിസ്റ്റ്, ശിവാലയ കമ്പനി എന്നിവർക്ക് ഫെബ്രുവരി 13ന് ഹൈകോടതി നോട്ടീസ് അയച്ചു. പഞ്ചായത്ത് അതിർത്തിയിലെ വ്യവസായികാടിസ്ഥാനത്തിലുള്ള മണ്ണിടിപ്പിനെതിരെ പഞ്ചായത്ത് ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് എൻ. സലിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.