തലസ്ഥാനം കീഴടക്കാൻ തീവ്രശ്രമം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിലെ ഫലം മുന്നണികൾക്ക് അഭിമാന പ്രശ്നമാണ്. സ്ഥാനാർഥി നിർണയം മുതൽ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും സൂക്ഷ്മതയോടെയാണ് പാർട്ടികൾ നീങ്ങുന്നത്. വിമതശല്യം തലവേദനയാണെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്ന് മുന്നണി നേതൃത്വങ്ങൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം കോർപറേഷനിലാണ് ഏറ്റവും വാശിയേറിയ മത്സരം. നിലവിൽ ഇടതാണ് ഭരിക്കുന്നത്. ബി.ജെ.പിയാണ് രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷി. 101 വാർഡുകളുള്ള കോർപറേഷനിൽ കുറഞ്ഞത് 51 സീറ്റ് എന്ന ലക്ഷ്യത്തോടെ മൂന്ന് മുന്നണികളും പ്രചാരണം സജീവമാക്കി.
2020ൽ പത്ത് വാർഡുകളിലേക്ക് ചുരുങ്ങിയ യു.ഡി.എഫ് ഇക്കുറി തിരിച്ചുവരാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എൽ.ഡി.എഫ് ആകട്ടെ നഗരത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് വോട്ടർമാരെ സമീപിക്കുന്നത്. 34 സീറ്റിൽ നിന്ന് 51ലേക്കുള്ള ദൂരം കുറവാണെന്ന് കരുതുന്ന ബി.ജെ.പി, സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധവെക്കുന്ന തദ്ദേശസ്ഥാപനം കൂടിയാണ് തിരുവനന്തപുരം കോർപറേഷൻ.
ജില്ല പഞ്ചായത്തിൽ നിലവിലുള്ള മേൽക്കോയ്മക്ക് ഇളക്കം തട്ടില്ലെന്ന് ഇടതുപക്ഷം കരുതുന്നു. ബി.ജെ.പിക്ക് ജില്ല പഞ്ചായത്തിൽ പ്രാതിനിധ്യമില്ല. ജില്ല പഞ്ചായത്തിലെ ഇടത് ആധിപത്യം തകർക്കാനുള്ള ഊർജിത പ്രചാരണ പ്രവർത്തനങ്ങളിലാണ് 28 ഡിവിഷനുകളിലും യു.ഡി.എഫ്.
നഗരസഭകളായ ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ഭരണം നിലനിർത്താനുള്ള തന്ത്രങ്ങൾ ഇടതുപക്ഷം പയറ്റുന്നു. നഗരസഭകളിൽ വിജയം ഉറപ്പിക്കാനുള്ള പരമാവധി ശ്രമം യു.ഡി.എഫും നടത്തുന്നുണ്ട്. ബി.ജെ.പിക്ക് സാധീനമുള്ളതിനാൽ നാലിടത്തും അവർ നേടുന്ന സീറ്റുകൾ ആരെ ഭരണത്തിലെത്തിക്കുമെന്നതിൽ നിർണായകമാണ്. ജില്ലയിലെ 11 ബ്ലോക്കുകളിൽ പത്തും കൈവശം വെക്കുന്ന ഇടതുപക്ഷം ഇത്തവണയും വിജയ പ്രതീക്ഷയിലാണ്.
73 ഗ്രാമ പഞ്ചായത്തുകളിൽ 52ഉം ഭരിക്കുന്ന എൽ.ഡി.എഫ് അത് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ്. വികസന വിഷയങ്ങളിലൂന്നിയ ഗ്രാമപഞ്ചായത്തുകളിലെ പ്രചാരണത്തിൽ യു.ഡി.എഫും ബി.ജെ.പിയും ആവേശത്തിൽ തന്നെയാണ്. 2020ൽ 18 ഗ്രാമപഞ്ചായത്തുകൾ നേടിയത് ഇക്കുറി 30ന് മുകളിലേക്ക് എത്തുമെന്ന് യു.ഡി.എഫ് കരുതുന്നു. നിലവിൽ രണ്ട് പഞ്ചായത്തുകളിൽ ഭരണമുള്ള എൻ.ഡി.എയും കൂടുതൽ ഇടങ്ങളിൽ വിജയവും ഭരണവും പ്രതീക്ഷിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ല
കോർപറേഷൻ
വാർഡുകൾ 101
സ്ഥാനാർഥികൾ 484
ജില്ല പഞ്ചായത്ത്
ഡിവിഷനുകൾ 28
സ്ഥാനാര്‍ഥികള്‍ 110
ബ്ലോക്ക് പഞ്ചായത്ത് (11)
വാർഡുകൾ 169
സ്ഥാനാര്‍ഥികള്‍ 546
ഗ്രാമപഞ്ചായത്ത് (73)
വാർഡുകൾ 1386
സ്ഥാനാര്‍ഥികള്‍ 4643
മുനിസിപ്പാലിറ്റി (നാല്)
വാർഡുകൾ 154
സ്ഥാനാര്‍ഥികള്‍ 527
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

