ഹാപ്പിയാണോ? അന്വേഷിക്കാൻ ‘ആനന്ദം’ വരുന്നു
text_fieldsതിരുവനന്തപുരം: ജനങ്ങളുടെ സന്തോഷ സൂചിക ഉയർത്താൻ ലക്ഷ്യമിട്ട് തദ്ദേശവകുപ്പിന് കീഴിൽ ‘ആനന്ദം’ എന്ന പുതിയ വിഭാഗം വരുന്നു. എല്ലാ പഞ്ചായത്തുകളിലും ആളുകൾക്ക് ഒന്നിച്ചിരുന്ന് സന്തോഷിക്കാൻ അംഫി കോർണറുകളും ഹാപ്പിനസ് സെന്ററുകളും സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുക. ഭാവിയിൽ ഇത് പ്രത്യേക വകുപ്പായി മാറ്റാനും സർക്കാറിന് ആലോചനയുണ്ട്. ഭൂട്ടാന്റെ ‘ഗ്രോസ് നാഷനൽ ഹാപ്പിനസ്’ സങ്കൽപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ പുരോഗതി അളക്കേണ്ടത് ജി.ഡി.പി മാത്രം അടിസ്ഥാനമാക്കിയാകരുത് എന്ന ആഗോള ചിന്തയുടെ അടിസ്ഥാനത്തിലാണ് സന്തോഷ വകുപ്പ് രൂപവൽക്കരിക്കുന്നതെന്ന് തദ്ദേശ മന്ത്രി കെ.എം. ഷാജി അറിയിച്ചു. മനുഷ്യജീവിതത്തിന്റെ അന്തിമ ലക്ഷ്യം സന്തോഷം കണ്ടെത്തുക എന്നതാണെന്നും വെറുമൊരു ക്ഷേമ പദ്ധതി എന്നതിലുപരി വികസന സംരംഭങ്ങളിലൂടെ ആനന്ദം പ്രചരിപ്പിക്കുകയാണ് ഈ പുതിയ വിഭാഗത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

