എൽ.പി.എസ്.ടി സമരം: നിരാഹാരം ആറാം ദിവസത്തിലേക്ക്
text_fieldsപി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകണമെന്നാവശ്യപ്പെട്ട് എൽ.പി.എസ്.ടി.എ റാങ്ക് ഹോൾഡേഴ്സ് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തി വരുന്ന സമരം. കഴിഞ്ഞ ദിവസം
തല മുണ്ഡനം ചെയ്ത് നിരാഹാര സമരം തുടരുന്ന സമരസമിതി നേതാവ് എസ്.വളർമതി സമീപം.
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർഥി - അധ്യാപക അനുപാതം 1: 25 ആയി കുറക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമരസമിതി സെക്രട്ടറി എസ്. വളർമതി നടത്തുന്ന നിരാഹാരം ആറാം ദിവസത്തിലേക്ക്. സമരക്കാരുടെ നാല് ആവശ്യങ്ങൾ അംഗീകരിച്ചു എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് വളർമതി പറഞ്ഞു. വിദ്യാർഥി - അധ്യാപക അനുപാതം കുറക്കുമ്പോൾ സാമ്പത്തിക ബാധ്യത വരുമെന്നാണ് മന്ത്രി പറയുന്നത്.
എന്നാൽ അതു സംബന്ധിച്ച കണക്ക് പുറത്തുവിടാൻ തയാറല്ല. നേരത്തെ ചർച്ചയിൽ ഉറപ്പുനൽകിയ കാര്യങ്ങൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. വിദ്യാർഥി- അധ്യാപക അനുപാതം 1: 25 ആയി കുറക്കണമെന്ന ആവശ്യം അംഗീകരിക്കാതെ നിലവിലെ സാഹചര്യത്തിൽ പുതിയ നിയമനങ്ങൾക്ക് ആവശ്യമായ അവസരങ്ങൾ സൃഷ്ടിക്കാനാകില്ലെന്ന യാഥാർഥ്യം സർക്കാർ അവഗണിക്കുകയാണെന്നും വളർമതി പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്താനും അസോസിയേഷൻ തീരുമാനിച്ചു.

