ശസ്ത്രക്രിയ സാമഗ്രികളുടെ ദൗർലഭ്യം; ശ്രീചിത്രയില്‍ ന്യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കും
text_fieldsമെഡിക്കല്‍ കോളജ്: ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുകളും സ്റ്റെന്റുകളും ഉള്‍പ്പെടെ ശസ്ത്രക്രിയകള്‍ക്കാവശ്യമായ സാധന-സാമഗ്രികളുടെ വിതരണം കമ്പനികള്‍ നിര്‍ത്തിയതോടെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ചികിത്സ പ്രതിസന്ധിയിലായി. ജൂണ്‍ ഒമ്പതുമുതല്‍ ശസ്ത്രക്രിയകള്‍ നിര്ത്തിവെക്കുകയാണെന്നറിയിച്ച് ഇമേജിങ് സയന്‍സ് ആന്‍ഡ് ഇന്റെര്‍വെന്‍ഷന്‍ റേഡിയോളജി വിഭാഗം മേധാവിയടക്കം ഏഴ് ഡോക്ടര്‍മാര്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ആവശ്യാനുസരണം ഉപയോഗിക്കാന്‍ ആശുപത്രിയില്‍ എത്തിച്ച ഉപകരണങ്ങള്‍ പോലും കമ്പനികള്‍ തിരികെ എടുത്തതായാണ് ആക്ഷേപം. ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ ഇടപെട്ടിട്ടുപോലും സാധനങ്ങളും മരുന്നുകളും നല്കാന് കമ്പനികള്‍ തയാറായിട്ടില്ല. കരാറുകള്‍ ഉറപ്പിക്കുന്നതില്‍ ആശുപത്രി മാനേജ്മെന്റിന് സംഭവിച്ച വീഴ്ചകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.
ന്യൂറോ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി, പെരിഫെറല്‍ വാസ്കുലര്‍ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി, ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് ശസ്ത്രക്രിയസാമഗ്രികൾ ലഭ്യമല്ലാതായത്. കേന്ദ്ര സര്‍ക്കാര്‍ നിയമം അനുസരിച്ച് ഉപകരണങ്ങളുടെ കരാര്‍ ഓരോ വര്‍ഷവും പുതുക്കിയാലേ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിലയിലുണ്ടാകുന്ന വ്യത്യാസങ്ങളും അതില്‍നിന്ന് ലഭിക്കുന്ന ഫലവും കമ്പനികള്‍ക്കും സ്ഥാപനത്തിനും ലഭിക്കൂ.
എന്നാല്‍ 2023നുശേഷം ശ്രീചിത്രയില്‍ കരാറുകള്‍ പുതുക്കുന്നില്ല എന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. മരുന്നുകളും ഉപകരണങ്ങളും ലഭ്യമാകാതായതോടെ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമെത്തുന്ന രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകുകയാണ്. അര്‍ബുദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കുപോലും സമയബന്ധിതമായി ചികിത്സ ലഭിക്കുന്നില്ലെന്നാണ് രോഗികളും ബന്ധുക്കളും ആരോപിക്കുന്നത്. പ്രശ്നപരിഹാരത്തിന് അധികൃതര്‍ ഇടപെട്ട് അടിയന്തര പരിഹാരമുണ്ടാക്കണമെന്നാണ് പൊതുജനങ്ങളുടെയും ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.