മെഡിക്കൽ കോളജിലെ തീപിടിത്തം: വീഴ്ചയില്ലെന്ന് സൂപ്രണ്ട്
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐ.സി.യുവിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കൈമാറി. ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ രോഗികളെ മാറ്റുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും കൃത്യമായ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നുവെന്നും രോഗികളെ സുരക്ഷിതമായ സ്ഥാനത്തേക്ക് നീക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന അഞ്ച് രോഗികള്‍ മെഡിക്കല്‍ കോളജില്‍ മരിച്ചതിന് തീപിടിത്തവുമായി ബന്ധമില്ല. തീപിടിത്തമുണ്ടായ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സര്‍ജിക്കല്‍ ഐ.സി.യു, ട്രോമ ഐ.സി.യു എന്നിവിടങ്ങളിലാണ് അഞ്ച് മരണങ്ങള് ഉണ്ടായത്. ഇവര്‍ മരിച്ചത് തീപിടിത്തമുണ്ടായതുകൊണ്ടോ പുക ശ്വസിച്ചതുകൊണ്ടോ അല്ല.
തീപിടിത്തമുണ്ടായ ദിവസം തന്നെ യാദൃശ്ചികമായി രോഗികളുടെ അവസ്ഥ വഷളായതാണ്. തീപിടിത്തമുണ്ടായ ഐ.സി.യുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന രോഗികളെ മാറ്റുമ്പോള്‍ അമ്പ്യൂബാഗ് സപ്പോര്‍ട്ടും ഓക്സിജന്‍ സിലിന്‍ഡറുകളും ഉറപ്പാക്കിയിരുന്നു. അതേസമയം, മരണങ്ങളുടെ യഥാർഥ കാരണം സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍കൂടി പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് രോഗികള്‍ മരിക്കാനിടയാക്കിയതെന്നുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. വിവിധ വകുപ്പു മേധാവികള്‍ നല്കിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ആശുപത്രിസൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

