കാർ നിർത്തിയില്ലെന്ന് ആരോപിച്ച് റിട്ട. പ്രഫസർക്ക് മർദനം; പാലോട് റെയ്ഞ്ച് ഓഫിസർക്കെതിരെ കേസ്
text_fieldsറേയ്ഞ്ച് ഓഫിസർ മർദിച്ച ഡോ. ബൈജു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ
പാലോട്: രാത്രിയിൽ വനാന്തര റോഡിൽ കാർ നിർത്തിയില്ലെന്ന് ആരോപിച്ച് യൂനിഫോമിടാതെയെത്തിയ പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ റിട്ട. പ്രഫസറെ മർദിച്ചതായി പരാതി. പാങ്ങോട്, മന്നാനിയ കോളജ് റിട്ട. പ്രഫസറും പെരിങ്ങമ്മല ഇക്ബാൽ ട്രെയിനിങ് കോളജ് ഫിസിക്കൽ എജുക്കേഷൻ ഓഫിസറുമായ നന്ദിയോട് പ്ലാവറ, ബുസ്ഥാന മൻസിലിൽ ഡോ. ബൈജുവാണ് റെയ്ഞ്ച് ഓഫിസർ സുധീഷ് മർദിച്ചതായി പാലോട് പൊലീസിന് പരാതി നൽകിയത്. പൊലീസ് കേസെടുത്തു.
മകനോടൊപ്പം കോഴിക്കോടുനിന്ന് കാറിൽ വരുമ്പോൾ ചൊവ്വാഴ്ച പുലർച്ചെ 3.30ഓടെ മൈലമൂട് പാലത്തിന് സമീപമുള്ള മുളങ്കാടിന് മുന്നിൽ ലുങ്കിയും ടീ ഷർട്ടും ധരിച്ച രണ്ടുപേർ കാറിന് കൈകാണിച്ചു. ഈ ഭാഗത്ത് കവർച്ചയും പിടിച്ചുപറിയും പതിവായതിനാൽ കാർ നിർത്തിയില്ലെന്ന് ഡോ. ബൈജു പറയുന്നു. കാർ മുന്നോട്ട് പോകെ പാണ്ടിയൻപാറയിൽവെച്ച് നാലുപേർ വീണ്ടും കാറിന് കൈകാണിച്ചു. കാർ നിർത്തിയതോടെ സംഘം തട്ടികയറുകയും അസഭ്യം പറയുകയും ചെയ്തതോടെ പന്തികേട് തോന്നി കാർ മുന്നോട്ടെടുത്തുപോയി.
പിന്നീട് പാലോട് ഫോറസ്റ്റ് റേയ്ഞ്ച് ഓഫിസിനുമുന്നിൽ യൂനിഫോമിൽനിന്ന വനപാലകർ കാർ നിർത്താൻ ആവശ്യപ്പെടുകയും വാഹനം നിർത്തുകയും ചെയ്തു. പിന്നാലെ ലുങ്കിവേഷത്തിലെത്തിയ റേയ്ഞ്ച് ഓഫിസർ സുധീഷ് അസഭ്യം പറയുകയും കാർ പരിശോധിച്ച് സാധനങ്ങൾ വലിച്ചുവാരിയിട്ട ശേഷം ഷർട്ടിൽ കുത്തിപ്പിടിച്ച് ഓഫിസിലേക്ക് വലിച്ചുകൊണ്ടു പോയി കവിളിൽ ആഞ്ഞടിച്ചെന്നാണ് ഡോ. ബൈജുവിന്റെ പരാതിയിൽ പറയുന്നത്. കൂടെയുണ്ടായിരുന്ന അഭിഭാഷകനായ മകനെ ചവിട്ടിക്കൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മണിക്കൂറോളം അവിടെ ഇരുത്തി മർദിച്ചിട്ടില്ലെന്ന് എഴുതി തന്നാൽ വിട്ടയക്കാമെന്ന് പറയുകയും ചെയ്തുവത്രേ . ഇരുവരും അതിന് വഴങ്ങാതെ വന്നതോടെ പിന്നീട് വിട്ടയച്ചു. ബൈജു പാലോട് ആശുപത്രിയിൽ ചികിത്സതേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.